ബംഗളൂരു: മൈസൂരു വികസന അതോറിറ്റി (മുഡ) ഭൂമി ഇടപാട് കേസിലെ ഒന്നാം പ്രതി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ലോകായുക്ത ബുധനാഴ്ച മൈസൂരുവിൽ ചോദ്യം ചെയ്തു. ലോകായുക്ത പൊലീസ് സൂപ്രണ്ട് ടി.ജെ.ഉഡേഷിന്റെ നേതൃത്വത്തിലുള്ള സംഘം അടച്ചിട്ട മുറിയിൽ 110 മിനിറ്റാണ് ചോദ്യം ചെയ്തത്. രാവിലെ 10.10ന് ലോകായുക്ത ഓഫിസിൽ എത്തിയ സിദ്ധരാമയ്യ 12നാണ് പുറത്തിറങ്ങിയത്. ലോകായുക്ത ഓഫിസ് പരിസരത്തും ദേവൻസ് റോഡിലും ഗതാഗതം പൂർണമായി നിരോധിച്ചിരുന്നു. വൻതോതിൽ പൊലീസിനെയും വിന്യസിച്ചു.
ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തിലാണ് മുഖ്യമന്ത്രി രാവിലെ 9.30ന് മൈസൂരു ഗെസ്റ്റ് ഹൗസിൽ എത്തിയത്. സുരക്ഷക്കായി വിന്യസിച്ച പൊലീസുകാരുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം പ്രാതൽ കഴിച്ചു. മന്ത്രിമാരായ എച്ച്.സി. മഹാദേവപ്പ, കെ.വെങ്കടേഷ്, നിയമോപദേഷ്ടാവ് അഡ്വ.എ.എസ്.പൊന്നണ്ണ എം.എൽ.എ എന്നിവർ ഒപ്പമുണ്ടായിരുന്നു.
ചോദ്യം ചെയ്യലിനുശേഷം അൽപസമയം ഗെസ്റ്റ് ഹൗസിൽ വിശ്രമിച്ച അദ്ദേഹം ഡി.രവിശങ്കർ എം.എൽ.എ ഉൾപ്പെടെ നേതാക്കൾക്കൊപ്പം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചന്നപട്ടണ നിയമസഭ മണ്ഡലത്തിലേക്ക് പോയി. കേസിലെ രണ്ടാം പ്രതി മുഖ്യമന്ത്രിയുടെ ഭാര്യ ബി.എം.പാർവതി, മറ്റു പ്രതികളായ ഭാര്യാസഹോദരൻ ബി.എം.മല്ലികാർജുന സ്വാമി, ഭൂവുടമ ജെ. ദേവരാജു എന്നിവരെ ലോകായുക്ത നേരത്തെ ചോദ്യം ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.