തിരുവനന്തപുരം: ഗോപാലകൃഷ്ണനും അഡീഷണൽ ചീഫ് സെക്രട്ടറി എ.ജയതിലകിനുമെതിരെ ഫേസ് ബുക്ക് പോസ്റ്റുമായി എൻ പ്രശാന്ത്. സ്വയം കുസൃതി ഒപ്പിച്ച് പരാതിപ്പെടുന്ന പ്രവണത ഐഎഎസുകാരിൽ കൂടിവരുന്നുവെന്ന് പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി എൻ.പ്രശാന്ത്. എസ്.സി, എസ്.ടി വകുപ്പിലെ തനിക്കെതിരായ വാർത്തയ്‌ക്ക് പിന്നിൽ ജയതിലകാണെന്നും പ്രശാന്ത് പറയുന്നു.
ഉന്നതിയിലെ ഫയലുകൾ കാണാതായെന്ന റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ഐഎഎസ് തലപ്പത്ത് തമ്മിലടി തുടങ്ങിയത്. ജയതിലക് എന്ന വ്യക്തി തന്നെയാണ് ബ്രോ മാടമ്പള്ളിയിലെ യഥാര്‍ഥ ചിത്തരോഗി’ എന്നാണ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ പ്രശാന്ത് കമന്റ് ചെയ്തിരിക്കുന്നത്. തിടമ്പിനെയും തിടമ്പേറ്റിയ ആനയേയും ഇതുവരെ പേടിക്കാത്തവരെ പേടിപ്പിക്കാമെന്ന്, ഭാവിയില്‍ തിടമ്പേല്‍ക്കാന്‍ കുപ്പായം തയ്ച്ചിരിക്കുന്ന കുഴിയാനകള്‍ ചിന്തിക്കുന്നത് വല്ലാത്ത തിലകത്തമാണ് എന്നും പ്രശാന്ത് കുറിച്ചിട്ടുണ്ട്.
ഡോ. ജയതിലകിന്റെ റിപ്പോര്‍ട്ട് എങ്ങനെ ചോരുന്നു, ആരാണ് ഇടനിലക്കാര്‍ എന്ന ഒരാളുടെ ചോദ്യത്തിനാണ് പ്രശാന്ത് മറുപടി നല്‍കിയിരിക്കുന്നത്. ഉന്നതിയുമായി ബന്ധപ്പെട്ട് പ്രശാന്തിനെതിരെ ജയതിലക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ പരിഗണനയില്‍ ഇരിക്കെയാണ് സമൂഹമാധ്യമത്തിലൂടെ പ്രശാന്തിന്റെ രൂക്ഷവിമര്‍ശനം.വ്യവസായ വകുപ്പ് ഡയറക്ടറുടെ ഓര്‍മശക്തി ഹാക്ക് ചെയ്തതാണോ എന്ന് സംശയമെന്നും പ്രശാന്ത് പറഞ്ഞു.
കലക്റ്റർ ബ്രോയെന്ന പേരിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തനായ എൻ.പ്രശാന്ത് ഓഫിസിൽ ഹാജരാകാതെ വ്യാജ ഹാജർ രേഖപ്പെടുത്തിയെന്ന് റിപ്പോർട്ട്. പട്ടികജാതി- പട്ടിക വർഗ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായിരുന്ന പ്രശാന്തിനെതിരേ അഡീഷണൽ ചീഫ് സെക്രട്ടറി എ.ജയതിലകാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. മാസത്തിൽ പത്തു ദിവസം പോലും പ്രശാന്ത് ഓഫിസിൽ എത്താറില്ല. ഇല്ലാത്ത യോഗങ്ങളുടെ പേരിൽ ഓൺഡ്യൂട്ടി രേഖപ്പെടുത്തുന്നതും പതിവായിരുന്നു. പല മാസങ്ങളിലും പത്തിൽ താഴെയാണ് ഹാജർ നില.
പട്ടിക വർഗ പദ്ധതി നിർവഹണത്തിനുള്ള ഉന്നതിയുടെ സിഇഒ ആയിരിക്കേ കണ്ണൂർ , ഇടുക്കി ജില്ലകളിലെ ആദിവാസി മേഖലകളിലെ യോഗങ്ങളുടെ പേരിലാണ് ഓൺഡ്യൂട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ദിവസങ്ങളിൽ പരാമർശിച്ച പ്രദേശങ്ങളിൽ യോഗം നടന്നിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നും മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനു പിന്നാലെയാണ് ജയതിലകിനെതിരെ പ്രശാന്ത് രൂക്ഷവിമര്‍ശനം നടത്തിയിരിക്കുന്നത്. വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ആരോപണവിധേയനായ കെ.ഗോപാലകൃഷ്ണനെയാണ് പിന്നീട് ഉന്നതിയുടെ സിഇഒ ആയി നിയമിച്ചത്. രേഖകള്‍ ആവശ്യപ്പെട്ട് പ്രശാന്തിന് കത്തുനല്‍കി രണ്ടു മാസത്തിനു ശേഷമാണ് രണ്ട് കവര്‍ മന്ത്രിയുടെ ഓഫിസല്‍ എത്തിച്ചത്. കവറുകളില്‍ ഉന്നതിയുമായി ബന്ധപ്പെട്ട പ്രധാന ഫയലുകള്‍ ഇല്ലെന്ന ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്.
മതാടിസ്ഥാനത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സാപ് ഗ്രൂപ്പുകളുണ്ടാക്കിയ സംഭവത്തില്‍ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം എന്‍.പ്രശാന്തിനെതിരായ ഫയല്‍ വിവാദം പൊട്ടിപ്പുറപ്പെട്ടത്.
പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;
"സെക്രട്ടേറിയറ്റിൽ അടയിരിക്കാതെ ഫീൽഡിൽ ഇറങ്ങി ജോലി ചെയ്യുന്ന IAS ഉദ്യോഗസ്ഥരെ കണ്ട് പരിചയമില്ലാത്ത മാതൃഭൂമി ഇന്നും എനിക്കെതിരെ വാർത്ത അച്ചടിച്ചിട്ടുണ്ട് - എന്നത്തെയും പോലെ, എന്റെ ഭാഗം ചോദിക്കാതെ. എനിക്കായി ഒരു സ്ഥിരം കോളം ഇടാൻ അപേക്ഷ. 😝
ബഹു. മന്ത്രിയുടെ അനുമതിയോടെയും നിർദ്ദേശപ്രകാരവും ഫീൽഡ് വിസിറ്റും മീറ്റിങ്ങുകളിലും പങ്കെടുക്കാൻ പോകുമ്പോൾ 'അദർ ഡ്യൂട്ടി' മാർക്ക് ചെയ്യുന്നതിനെ 'ഹാജർ ഇല്ല' എന്ന് വ്യാജമായി റിപ്പോർട്ടാക്കണമെങ്കിൽ അതിനുപിന്നിൽ എന്ത് മാത്രം കഷ്ടപ്പാട് ഉണ്ട്! ആ സമയത്ത് അവനവന്റെ ജോലി ചെയ്തൂടേ എന്ന് ചോദിക്കുന്നില്ല.
എനിക്കെതിരെ റിപ്പോർട്ടുകൾ തയ്യാറാക്കി ഉടനെയുടനെ മാതൃഭൂമിക്ക് സമർപ്പിക്കുന്ന അവരുടെ സ്പെഷ്യൽ റിപ്പോർട്ടർ ഡോ. ജയതിലക് IAS എന്ന സീനിയർ ഉദ്യോഗസ്ഥനെക്കുറിച്ച് പൊതുജനം അറിയേണ്ട ചില വസ്തുതകൾ അറിയിക്കാൻ ഞാൻ നിർബന്ധിതനായിരിക്കുകയാണ്. സർക്കാർ ഫയലുകൾ പൊതുജന മധ്യത്തിൽ ചർച്ച ചെയ്യേണ്ടി വരുന്നത് എനിക്ക് ഇഷ്ടമല്ലെങ്കിലും, തൽക്കാലം വേറെ നിർവ്വാഹമില്ല. വിവരാവകാശ പ്രകാരം പോതുജനത്തിന് അറിയാൻ അവകാശമുള്ള കാര്യങ്ങൾ മാത്രമാണ് വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നത്.
ഇന്നും തുടർന്നുള്ള ദിവസങ്ങളിലും സമയം കിട്ടുമ്പോൾ പോസ്റ്റാം. കാര്യം അറിയാവുന്നവർക്ക് താഴെ കമന്റാം, എന്റെ പണി എളുപ്പമാക്കാം. അടുത്ത ചീഫ് സെക്രട്ടറിയാണെന്ന് സ്വയം പ്രഖ്യാപിച്ച മഹദ്‌വ്യക്തിയാണ്, അതുകൊണ്ട് വേണ്ട വിധം ഭയബഹുമാനത്തോടെ വേണം കേട്ടോ..."
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.