ഇറ്റാനഗർ: സ്റ്റേജ് ഷോക്കിടെ കോഴിയുടെ കഴുത്തറുത്ത് രക്തം കുടിച്ച സംഭവത്തിൽ ആർട്ടിസ്റ്റിനെതിരെ അരുണാചൽ പ്രദേശ് പൊലീസ് കേസെടുത്തു. സ്റ്റേജ് ആർട്ടിസ്റ്റായ കോൻ വായ് സോണിനെതിരെയാണ് കേസെടുത്തത്. ഒക്ടോബർ 27നായിരുന്നു സംഭവം. ഇതിന്റെ വിഡിയോ സമൂഹ മാധ്യമത്തിൽ വൈറലായിരുന്നു. ഇതോടെ മൃഗസ്നേഹികളുടെ സംഘടനയായ പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്‌മെൻ്റ് ഓഫ് ആനിമൽസ് (പെറ്റ) പൊലീസിൽ പരാതി നൽകുകയായിരുന്നു. സോണിനെതിരെ ഭാരതീയ ന്യായ സംഹിതയിലെ മൃഗ സംരക്ഷണ നിയമത്തിലെ സെക്ഷൻ 325, സെക്ഷൻ 11 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ സോൺ ക്ഷമാപണം നടത്തി. അതേസമയം സംഭവത്തെക്കുറിച്ച് തങ്ങൾക്ക് ഒന്നും അറിയില്ലെന്നും യാതൊരുവിധത്തിലുള്ള പങ്കും ഇല്ലെന്നും അറിയിച്ച് പരിപാടിയുടെ സംഘാടകർ എസ്.പിക്ക് കത്തയച്ചു. മൃഗങ്ങളെ ഉപദ്രവിക്കുന്നവർ മാനസിക പ്രശ്നങ്ങൾ നേരിടുന്നവരാണെന്നും അവർക്ക് ആവശ്യമായ കൗൺസലിങ് നൽകണമെന്നും പെറ്റ പറഞ്ഞു. മൃഗങ്ങളോട് ക്രൂരത കാണിക്കുന്നവർക്ക് മനുഷ്യരോടും ക്രൂരത കാണിക്കാൻ ഒരു മടിയും ഉണ്ടാകില്ലെന്നും ഇവർ കൊടിയ കുറ്റവാളികളാണെന്നും പെറ്റ പറഞ്ഞു.
മൃഗങ്ങളോട് ക്രൂരത കാണിക്കുന്നവർ കൊലപാതകം, ബലാത്സംഗം, കവർച്ച, ആക്രമണം, മയക്കുമരുന്ന് ഉപയോഗം തുടങ്ങി മറ്റ് പല കുറ്റകൃത്യങ്ങളും ചെയ്യാനുള്ള സാധ്യത മൂന്ന് മടങ്ങ് വരെ കൂടുതലാണെന്ന് റിസർച്ച് ആൻഡ് ക്രിമിനോളജി ഇന്‍റർനാഷണൽ ജേണൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നുണ്ടെന്നും പെറ്റ ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.