തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യത്തെ തള്ളി സിപിഎം. സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു.
സിബിഐ അന്വേഷണം അവസാന വാക്കല്ലെന്നും സെക്രട്ടറി പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്റെ ഭാര്യ കെ.മഞ്ജുഷ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. നവീന്റെ കുടുംബത്തോട് ഒപ്പമാണെന്ന് ആവർത്തിച്ചു പറയുമ്പോഴാണ് കുടുംബത്തിന്റെ നിലപാടിനെ പാർട്ടി സെക്രട്ടറി തന്നെ പരസ്യമായി തള്ളിയത്.
‘‘നവീൻ ബാബു വിഷയത്തിൽ ഞങ്ങൾ കൃത്യമായ നിലപാടാണ് സ്വീകരിച്ചത്. ഇനിയും കൃത്യമായ നിലപാട് സ്വീകരിച്ച് തന്നെ മുന്നോട്ട് പോകും. കുടുംബം കോടതിയിൽ പോയിട്ടുണ്ട്. കോടതി ആവശ്യമായ നിലപാട് സ്വീകരിക്കട്ടെ. അതിൽ ഇടപെടേണ്ട കാര്യമില്ല. സിബിഐ അന്വേഷണത്തെക്കുറിച്ച് പാർട്ടിക്ക് വ്യക്തമായ നിലപാടുണ്ട്. സിബിഐ അന്വേഷണമാണ് എല്ലാത്തിന്റെയും അവസാനം എന്ന വാക്ക് ഞങ്ങൾ ഒരിക്കലും അംഗീകരിച്ചിട്ടില്ല. ഇന്നലെയും അംഗീകരിച്ചിട്ടില്ല, ഇന്നും അംഗീകരിച്ചിട്ടില്ല, നാളെയും അംഗീകരിക്കില്ല. സിബിഐ കൂട്ടിൽ കിടക്കുന്ന തത്തയാണെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടല്ലോ’’–എം.വി.ഗോവിന്ദൻ പറഞ്ഞു.
നവീൻ ബാബുവിനെ കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കിയതാകാമെന്ന സംശയവും ഭാര്യ ഹർജിയിൽ ഉന്നയിച്ചിരുന്നു. നിർണായക തെളിവുകൾ ശേഖരിക്കാനല്ല, ഒളിപ്പിക്കാനാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ശ്രമിക്കുന്നതെന്ന ആരോപണവുമുണ്ട്. മരണകാരണത്തെക്കുറിച്ചു സംശയമുണ്ടാക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നു ഹർജിയിൽ പറയുന്നു. താനും കുടുംബാംഗങ്ങളും എത്തുന്നതിനു മുൻപ് തിടുക്കത്തിൽ ഇൻക്വസ്റ്റ് നടത്തിയത് സംശയമുണ്ടാക്കുന്നു. ഇൻക്വസ്റ്റിന് ഉറ്റബന്ധുക്കളുടെ സാന്നിധ്യം ഉറപ്പാക്കണമെന്ന നിയമം ലംഘിക്കപ്പെട്ടതായും ഹർജിയിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.