തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയാ ഉപകരണങ്ങൾ കേടായ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് നൽകാൻ നിർദേശിച്ച് മനുഷ്യാവകാശ കമീഷൻ. അന്വേഷണം പൂർത്തിയാക്കി രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശം നൽകിയത്. മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗത്തിലെ ശസ്ത്രക്രിയാ ഉപകരണങ്ങളാണ് കേടായത്.
നിലവിൽ മെഡിക്കൽ കോളജിൽ എത്ര ശസ്ത്രക്രിയകൾ നടത്താനുണ്ടെന്നും ചട്ടലംഘനം നടത്തിയ സീനിയർ ഫാക്കൽറ്റിമാർക്കെതിരെ എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്നും റിപ്പോർട്ടിൽ ഉൾപ്പെടുത്താനാണ് നിർദേശം. യൂറോളജി വിഭാഗത്തിൽ ശസ്ത്രക്രിയകൾ മുടങ്ങിയതിനെതിരെ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറിൽ നിന്ന് മനുഷ്യാവകാശ കമീഷൻ റിപ്പോർട്ട് വാങ്ങി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ സ്പെഷൽ ഓഫിസർ, നഴ്സിങ്ങ് വിഭാഗം ജോയന്റ് ഡയറക്ടർ, സർജിക്കൽ ഗാസ്ട്രോ എന്ററോളജി വിഭാഗം മേധാവി എന്നിവർ അംഗങ്ങളായി അന്വേഷണ കമീഷൻ രൂപീകരിച്ച് അന്വേഷണം നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
അതേസമയം യൂറോളജി വിഭാഗം യൂണിറ്റ് 3 ൽ ശസ്ത്രക്രിയാ ദിവസം ലൈറ്റ് കേബിൾ സോഴ്സ് കേടായതായി കണ്ടെത്തുകയും ചെയ്തിരുന്നു. ശസ്ത്രക്രിയാ ഉപകരണങ്ങൾ കൈകാര്യം ചെയ്യേണ്ട രീതിയെക്കുറിച്ച് വകുപ്പ് മേധാവി ഫാക്കൽറ്റിക്കും നഴ്സിങ്ങ് അസിസ്റ്റന്റ്മാർക്കും മാർഗ നിർദേശങ്ങൾ നൽകിയിരുന്നില്ല. ഓപറേഷൻ തീയറ്ററിൽ സീനിയർ യൂറോളജി ഫാക്കൽറ്റികൾ അപമര്യാദയായി പെരുമാറിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.