പത്തനംതിട്ട: അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി അലക്സ് പാണ്ഡ്യന് വധശിക്ഷ വിധിച്ച് കോടതി. പത്തനംതിട്ട അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എസ്.ജയകുമാർ ജോണാണ് കേസിലെ പ്രതിയും കുട്ടിയുടെ അമ്മയുടെ രണ്ടാം ഭർത്താവുമായ തമിഴ്നാട് രാജപാളയം സ്വദേശി അലക്സ് പാണ്ഡ്യന് (26) വധശിക്ഷ വിധിച്ചത്. കൊലപാതകം, പീഡനം, ക്രൂരമായ മർദനം, പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ട് ഉൾപ്പെടെ പ്രതിക്കെതിരെ ചുമത്തിയ 16 വകുപ്പുകളിൽ പ്രതി കുറ്റക്കാരനാണെന്ന് നവംബർ 5ന് കോടതി വിധിച്ചിരുന്നു.
കുമ്പഴയിൽ വാടകവീട്ടിലാണു തമിഴ്നാട് സ്വദേശികളായ ഇവർ കഴിഞ്ഞിരുന്നത്. യുവതിയുടെ ആദ്യ വിവാഹത്തിലെ കുഞ്ഞിനെയാണ് അലക്സ് പാണ്ഡ്യൻ കൊലപ്പെടുത്തിയത്. 2021 ഏപ്രിൽ 5ന് കുമ്പഴയിലെ വാടകവീട്ടിലായിരുന്നു കൊലപാതകം. കുഞ്ഞിന്റെ ശരീരത്തിൽ 67 മുറിവുകളുണ്ടെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പുറത്തുവന്നിരുന്നു. 2021 ജൂലൈ 5ന് പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തമിഴ്‌നാട്ടിൽ വച്ചും ഇയാൾ കുട്ടിയെ ഉപദ്രവിച്ച കാര്യം അന്വേഷണത്തിൽ കണ്ടെത്തി. പ്രതി തെളിവു നശിപ്പിക്കാൻ ശ്രമിച്ചെന്ന കുറ്റം തെളിയിക്കാൻ പൊലീസിനു കഴിഞ്ഞില്ല.
ദേഹത്ത് ഒട്ടേറെ മുറിവുകളോടെ കുഞ്ഞിനെ വീട്ടിൽവച്ച് സ്വന്തം അമ്മ തന്നെയാണ് കണ്ടത്. ഇക്കാര്യം ചോദിച്ച യുവതിയെ അലക്സ് മർദിച്ചു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. വൈകാതെ പൊലീസ് അലക്സിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസ് കൊലപാതകമാണെന്ന് പിന്നീട് തെളിഞ്ഞു. പ്രതി ലഹരിക്കടിമയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. പ്രതി ഇതിനിടെ ഒന്നിലധികം തവണ പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.