ന്യൂഡൽഹി: ഇന്ത്യൻ സാമ്പത്തിക രംഗത്തെ വിപ്ലവകരമായ പരിഷ്കാരങ്ങളിലൊന്നാണ് യൂനിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് അഥവാ യു.പി.ഐ. കൈയിൽ പണം കൊണ്ടുനടക്കാതെ തന്നെ ഉപയോക്താവിന് ഏറ്റവും സൗകര്യപ്രദമായ രീതിയിൽ പണമിടപാട് നടത്താൻ സാധിക്കുന്നുവെന്ന സവിശേഷതയാണ് യു.പി.ഐയെ ജനകീയമാക്കിയത്.
അടുത്തിടെ ഏതാനും രാജ്യങ്ങളിലേക്കുള്ള സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി യു.പി.ഐ സേവനം അവിടങ്ങളിലേക്കും വ്യാപിപ്പിച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ച് ഇന്ത്യയുടെ സ്വന്തം യു.പി.ഐ പേയ്മെന്റ് ആപ്പായ പേടിഎം തങ്ങളുടെ സേവനം ഏഴ് വിദേശ രാജ്യങ്ങളിലും ലഭ്യമാക്കിയിരിക്കുകയാണ്.
യു.എ.ഇ, ശ്രീലങ്ക, സിംഗപ്പൂർ, ഫ്രാൻസ്, മൗറീഷ്യസ്, ഭൂട്ടാൻ, നേപ്പാൾ എന്നിവിടങ്ങളിൽ ഇനി പേടിഎം ഉപയോഗിച്ച് പണമിടപാട് നടത്താമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഉടമകളായ വൺ97 കമ്യൂണിക്കേഷൻസ്. ഇതോടെ ഈ രാജ്യങ്ങളിലേക്ക് എത്തുന്ന ഇന്ത്യക്കാർക്ക് ഷോപ്പിങ്ങിനും ഡൈനിങ്ങിനും മറ്റ് വിനോദങ്ങൾക്കുമായി പേടിഎം വഴി പണമയക്കാം. ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഒറ്റത്തവണ ആക്ടിവേഷൻ ലിങ്ക് ഉപയോഗിച്ച് പേടിഎം ആപ്പിൽ യു.പി.ഐ ഇന്റർനാഷനൽ സജ്ജീകരിക്കാനാകും. ഇതിലൂടെ യു.പി.ഐ എനേബിൾ ചെയ്ത ക്യു.ആർ കോഡ് വഴി പണം കൈമാറാനുള്ള സൗകര്യമൊരുക്കുന്നു. പേയ്‌മെന്റ് നടത്തുമ്പോൾ ഉപയോക്താക്കൾക്ക് കൃത്യമായ വിദേശ വിനിമയ നിരക്കുകളും കൺവേർഷൻ ഫീസും കാണാൻ കഴിയും.യാത്രക്കാർക്ക് ഒന്ന് മുതൽ 90 ദിവസം വരെയുള്ള ഉപയോഗ കാലയളവ് തെരഞ്ഞെടുക്കാനും ഉദ്ദേശിച്ച രീതിയിൽ പേയ്‌മെന്റുകൾ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഏത് സമയത്തും സേവനം നിർത്താനും കഴിയും.
ജൂലൈയിൽ ഇന്ത്യയുടെ എൻ.പി.സി.ഐ.എൽ യുഎഇയിൽ ക്യു.ആർ കോഡ് അടിസ്ഥാനമാക്കിയുള്ള യു.പി.ഐ പേയ്‌മെന്റുകൾ പ്രവർത്തനക്ഷമമാക്കുന്നതിന് നെറ്റ്‌വർക്ക് ഇന്റർനാഷണലുമായി ധാരണയിൽ എത്തിയിരുന്നു. ഇതേമാസം, യു.എ.ഇയിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ അൽ മായ സൂപ്പർമാർക്കറ്റ്‌സ് രാജ്യത്തെ ഔട്ട്‌ലെറ്റുകളിലുടനീളം യു.പി.ഐ പേയ്‌മെന്റുകൾ സ്വീകരിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. യു.എ.ഇയിലെ ഏറ്റവും വലിയ റീട്ടെയിൽ കമ്പനികളിലൊന്നായ ലുലു, രാജ്യത്തെ എല്ലാ സ്റ്റോറുകളിലും യു.പി.ഐ വഴി പേയ്‌മെൻ്റുകൾ സ്വീകരിക്കാനുള്ള ഓപ്ഷൻ ഓഗസ്റ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.