മുംബൈ: ഇലോൺ മസ്‌കിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് കമ്പനിയായ സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള അനുമതിക്ക് അന്തിമ രൂപമാകുന്ന വാർത്ത രാജ്യത്തെ ടെലിക്കോം മേഖലയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.
സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സേവന ലൈസൻസ് (ജിഎംപിസിഎസ്) അനുവദിക്കുന്നതിന് കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ സുരക്ഷാ നിബന്ധനകൾ കമ്പനി അംഗീകരിച്ചതോടെയാണ് മസ്‌കിന്റെ സ്റ്റാർ ലിങ്കിന് ഇന്ത്യയിലേക്ക് വഴി തെളിഞ്ഞത്. ഇനി ഔദ്യോഗികമായി ധാരണാപത്രത്തിൽ ഒപ്പിടണം. അതിന്റെ അടിസ്ഥാനത്തിലാണ് ട്രയൽ സ്‌പെക്ട്രം സ്വന്തമാക്കി പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകുക.യുഎസിൽ ട്രംപിന്റെ വിജയത്തിന് പിന്നാലെയാണ് ഇന്ത്യയിൽ സ്റ്റാർലിങ്കിന് പ്രവർത്തിക്കാനുള്ള അനുമതി ലഭിച്ചതെന്നത് മറ്റൊരു പ്രത്യേകതയാണ്. കാരണം, യുഎസിൽ ട്രംപിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് മസ്‌ക്. അതുകൊണ്ട് തന്നെ ട്രംപിന് സ്വാധീനമുള്ള മിക്ക രാജ്യങ്ങളിലും മസ്‌കിന്റെ ബിസിനസ് കത്തിപ്പടർന്നേക്കാം. അതിന്റ ചെറിയ ഉദാഹരണങ്ങളിൽ ഒന്നാണ് സ്റ്റാർലിങ്കിന്റെ ഇന്ത്യൻ പ്രവേശനം. എന്നാൽ മസ്‌കിന്റെ രണ്ടും കൽപ്പിച്ചുള്ള ഇന്ത്യയിലേക്കുള്ള വരവ് ചില വമ്പന്മാരെ ഞെട്ടിച്ചിട്ടുണ്ട്.
റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ- ഐഡിയ തുടങ്ങിയ ഇന്ത്യൻ ടെലികോം ഭീമന്മാർ സ്റ്റാർലിങ്കിനെയും മറ്റ് അന്താരാഷ്ട്ര സാറ്റലൈറ്റ് ദാതാക്കളെയും കുറിച്ച് ആശങ്കാകുലരാണ്. നിലവിൽ ഇന്ത്യയിൽ പ്രവർത്തിക്കാൻ ലേലത്തിലൂടെ സ്‌പെക്ട്രം വാങ്ങണം. എന്നാൽ ലേലത്തിന് പകരം അലോക്കേഷൻ രീതിയിൽ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചതോടെ ഈ തീരുമാനം പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് റിലയൻസ് ട്രായിയെ സമീപിച്ചെന്നും റിപ്പോർട്ടുണ്ട്.
എന്നാൽ സാറ്റലൈറ്റ് ഇന്റർനെറ്റിനെ പരമ്പരാഗത ടെലികോം നെറ്റ്‌വർക്കുകളിൽ നിന്ന് വ്യത്യസ്തമായി പരിഗണിക്കണമെന്നും ലേലമില്ലാതെ സാറ്റലൈറ്റ് സ്‌പെക്ട്രം അനുവദിക്കണമെന്ന വാദമാണ് സ്റ്റാർലിങ്ക് മുന്നോട്ടുവയ്ക്കുന്നത്. 6,500ഓളം ഉപഗ്രഹങ്ങളിലൂടെയാണ് മസ്‌കിന്റെ സ്റ്റാർ ലിങ്ക് ഇന്റർനെറ്റ് വിതരണം ചെയ്യുന്നത്. അതുകൊണ്ട് സ്‌പെക്ട്രം ലേലം ചെയ്യാതെ കുറഞ്ഞ നിരക്ക് നിശ്ചയിച്ച് ആഗോള സമ്പ്രദായമനുസരിച്ച് നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചാൽ ഏറ്റവും കുറഞ്ഞ നിരക്കിൽ മസ്‌കിന് ഇന്ത്യയിൽ പ്രവേശിക്കാം. ഉപഭോക്താക്കൾക്ക് ചില്ലറ നിരക്കിൽ ഇന്റർനെറ്റ് സേവനം നൽകിയാൽ പിന്നെ മറ്റ് കമ്പനികൾ പൂട്ടേണ്ട അവസ്ഥയിലാകും.
സ്റ്റാർലിങ്ക് ഇന്ത്യയിൽ കുറഞ്ഞ നിരക്കിലായിരിക്കും ഇന്റർനെറ്റ് സേവനം നൽകിയേക്കുക. ഇതോടെ ഇന്ത്യയിൽ നിലവിലുള്ള കുത്തക കമ്പനികളായ ജിയോയ്ക്കും എയർടെല്ലിനും വലിയ തിരിച്ചടായിയിരിക്കും. ഇനി മസ്‌കിനോട് ഒന്നു മുട്ടി നോക്കാൻ തീരുമാനിച്ച്, കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് സേവനം വാഗ്ദാനം ചെയ്താൽ ജിയോയും എയർടെലും വൻ തുക മാർക്കറ്റിൽ നിക്ഷേപിക്കേണ്ടിവരും. എന്നാൽ ഇത് എത്രത്തോളം വിജയിക്കുമെന്നും ഉറപ്പില്ല.
തുടക്കത്തിൽ സൗജന്യ ഇന്റർനെറ്റ് സേവനം വാഗ്ദാനം ചെയ്ത് വിപണി കയ്യടക്കിയ ജിയോ സ്റ്റാർ ലിങ്ക് വന്നാൽ എന്ത് സ്ട്രാറ്റജി സ്വീകരിക്കുമെന്നാണ് ബിസിനസ് ലോകം ഉറ്റുനോക്കുന്നത്. എന്നാൽ മറ്റ് രാജ്യങ്ങളിൽ സ്റ്റാർ ലിങ്ക് നടപ്പാക്കിയ പ്രൈസിംഗ് സിസ്റ്റമാണ് ഇന്ത്യയിലും സ്റ്റാർ ലിങ്ക് നടപ്പാക്കുന്നതെങ്കിൽ ജിയോയേക്കാളും ചെലവേറിയതാകും. എന്നാൽ ഇന്ത്യൻ ഉപഭോക്താക്കളെ കയ്യിലെടുക്കണമെങ്കിൽ ആദ്യം കുറഞ്ഞ നിരക്ക് മസക് അവതരിപ്പിക്കും. അങ്ങനെയെങ്കിൽ ഇന്ത്യൻ ടെലിക്കോം മേഖലയിൽ പുതിയ വിപ്ലവമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.