കൊച്ചി: ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തും. വിഷയത്തില്‍ രവി ഡി.സിയുടെ മൊഴി രേഖപ്പെടുത്തും. ആത്മകഥ പ്രസിദ്ധീകരിക്കുന്നതുമായി ഈ.പി. ജയരാജനും ഡി.സി. ബുക്സും തമ്മില്‍ കരാറുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിക്കും.
ആത്മകഥ പ്രസിദ്ധീകരിക്കുന്നതിനുള്ള കരാറിനെ സംബന്ധിച്ച് ഡി.സി. ബുക്സിലെ രണ്ട് ജീവനക്കാരുടെ മൊഴി ഇതിനോടകം പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കരാറുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ തങ്ങള്‍ക്കറിയില്ലെന്ന മൊഴിയാണ് ഈ ജീവനക്കാര്‍ നല്‍കിയതെന്നാണ് വിവരം. രവി ഡി.സിയില്‍ നിന്ന് ഇതുസംബന്ധിച്ച കൂടുതല്‍ വിശദീകരണം തേടാനാണ് പോലീസിന്റെ തീരുമാനം.
പുസ്തകത്തിന്റെ 178 പേജുകളുടെ പി.ഡി.എഫ്. ഏതുവിധത്തിലാണ് പുറത്തുപോയത് എന്നതാണ് ഇ.പി. ജയരാജന് പ്രധാനമായും മുന്നോട്ടുവെച്ചിരിക്കുന്ന ചോദ്യം. അതില്‍ ഗൂഢാലോചന നടന്നതായി സംശയിക്കുന്നതായും ഇ.പി. ജയരാജന് പ്രതികരിച്ചിരുന്നു. പി.ഡി.എഫ്. ചോര്‍ന്നതിനേ കുറിച്ചും പോലീസ് അന്വേഷണം നടത്തും. മാധ്യമപ്രവര്‍ത്തകരില്‍ നിന്നടക്കം വിവരങ്ങള്‍ ശേഖരിക്കാനാണ് പോലീസ് ഒരുങ്ങുന്നത്. പി.ഡി.എഫ്. ആര്‍ക്കൊക്കെ എവിടെ നിന്ന് ലഭിച്ചു എന്നുള്ളത് കണ്ടെത്താനാണ് പോലീസ് ശ്രമിക്കുന്നത്.
ഇ.പി. ജയരാജന്റെ മൊഴിയും ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. മൊഴി നല്‍കാനായി ഇ.പി. ജയരാജന് കൂടുതല്‍ സമയം തേടിയിട്ടുണ്ട്. വിഷയത്തില്‍ ഒരു പ്രാഥമികാന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. ആത്മകഥാ വിവാദത്തില്‍ ഇ.പി. ജയരാജന് ഡി.ജി.പിയ്ക്ക് പരാതി നല്‍കിയിരുന്നു. പരാതിയില്‍ അന്വേഷണം.ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് കൈമാറിയിരിക്കുകയാണ്. തനിക്കെതിരേ ഗൂഢാലോചന നടത്തി, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു എന്നാണ് ഇ.പി. ജയരാജന് ഇ-മെയില്‍ വഴി നല്കിയ പരാതിയില്‍ പറയുന്നത്.
വിവാദത്തിനു പിന്നാലെ ഇ.പി. ജയരാജന് ഡി.സി. ബുക്സിന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.. ആത്മകഥ ആര്‍ക്ക് പ്രസിദ്ധീകരണത്തിനു നല്‍കണമെന്ന ആലോചനയ്ക്കിടെ, സമൂഹത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനും തന്റെ കക്ഷിയെ തേജോവധംചെയ്യാനും ഉദ്ദേശിച്ചാണ് ഡി.സി. ബുക്സ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതെന്ന് നോട്ടീസില്‍ പറയുന്നു. ഡി.സി. ബുക്സ് പുറത്തുവിട്ട എല്ലാ പോസ്റ്റുകളും ആത്മകഥാഭാഗങ്ങളും പിന്‍വലിച്ച് നിര്‍വ്യാജം ഖേദപ്രകടനം നടത്തണമെന്നും ആവശ്യമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.