ന്യൂയോർക്ക്: യൂറോപ്പയിൽ ജീവന്റെ നിലനിൽപ്പ് സാധ്യമാണോ എന്ന് കണ്ടെത്തുന്നതിനായി നിയോഗിക്കപ്പെട്ട യൂറോപ്പ ക്ലിപ്പർ പേടകം വിജയകരമായി വിക്ഷേപിച്ച് നാസ.
ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്നാണ് നാസയുടെ എക്കാലത്തെയും വലിയ സ്വപ്‌ന പദ്ധതികളിൽ ഒന്നിന്റെ വിക്ഷേപണം നടന്നത്. പ്രാദേശിക സമയം ഉച്ച 12 മണിയോടെയാണ് വിക്ഷേപണം നടന്നത്. സ്‌പേസ് എക്‌സിന്റെഭീമൻ റോക്കറ്റായ ഫാൽക്കൺ എക്‌സിന്റെ ചിറകിലേറിയാണ് യൂറോപ്പ ക്ലിപ്പർ ആകാശത്തിലേക്ക് കുതിച്ചുയർന്നത്. കഴിഞ്ഞയാഴ്‌ച നടക്കേണ്ട വിക്ഷേപണമാണ് ഇന്ന് പൂർത്തിയാക്കിയത്. ഫ്ലോറിഡയെ ആകെ ഭീതിയിലാഴ്ത്തിയ മിൽട്ടൺ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലാണ് വിക്ഷേപണം നീട്ടിവച്ചത്.
വ്യാഴത്തിന്റെ ഉപഗ്രഹമാണ് യൂറോപ്പ. സൗരയൂഥത്തിലെ ഭൂമിക്ക് പുറത്തുള്ള ജീവന്റെ സാന്നിധ്യം കണ്ടെത്താനുള്ള ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ പേടകം നാസ വിക്ഷേപിച്ചത്. യൂറോപ്പയുടെ കട്ടിയുള്ള മഞ്ഞുപുതപ്പിനുള്ളിൽ ഒളിഞ്ഞിരിക്കുന്നുവെന്ന് വിശ്വസിക്കുന്ന മഹാസമുദ്രത്തിന്റെ വിവരങ്ങൾ തേടിയാണ് നാസ ഈ പേടകം അയച്ചിരിക്കുന്നത്. ഇതിൽ ജീവന്റെ നിലനിൽപ്പ് സാധ്യമാണോ എന്നാണ് പരിശോധിക്കുന്നത്. ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സും ദൗത്യവുമായി സഹകരിച്ചിരുന്നു എന്നതാണ് ശ്രദ്ധേയം.
വിക്ഷേപണം പൂർത്തിയായെങ്കിലും ഇനി ലക്ഷ്യ സ്ഥാനത്തെത്താൻ ഏകദേശം അഞ്ചര വർഷത്തോളം നീളുന്ന കാത്തിരിപ്പാണ്. 2030 ഏപ്രിലോടെ മാത്രമേ പേടകം യൂറോപ്പയിൽ എത്തുകയുള്ളൂ. ഇതിനിടയിൽ ഏതാണ്ട് 2.9 ബില്യൺ കിലോമീറ്ററുകൾ ഇതിന് സഞ്ചരിക്കേണ്ടതുണ്ട്. ഒരു ഗ്രഹ പര്യവേക്ഷണത്തിന് നാസ നിർമ്മിച്ച ഏറ്റവും വലിയ പേടകങ്ങളിൽ ഒന്നാണ് യൂറോപ്പ ക്ലിപ്പർ. ഒരു ബാസ്‌ക്കറ്റ് ബോൾ കോർട്ടിനേക്കാൾ വലുപ്പമുള്ളതാണ് ഇത്. ഏതാണ്ട് 6000 കിലോ തൂക്കവും പേടകത്തിനുണ്ട്. മുപ്പത് മീറ്ററോളം നീളവും പതിനേഴര അടിയോളം വീതിയുമാണ് ഇതിന്റെ പ്രത്യേകത. അതുകൊണ്ട് തന്നെയാണ് ഫാൽക്കൺ പോലെയുള്ള ഭീമമായ റോക്കറ്റിന്റെ സഹായത്തോടെ ഇത് വിക്ഷേപിക്കാൻ നാസ തീരുമാനിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.