കണ്ണൂർ: നവീൻ ബാബുവിനു നൽകിയ യാത്രയയപ്പു ചടങ്ങിലേക്കു കലക്ടറേറ്റിലെ റവന്യു സ്റ്റാഫിനല്ലാതെ മറ്റാർക്കും ക്ഷണമുണ്ടായിരുന്നില്ല. പൊതുപരിപാടിയല്ലാത്തതിനാൽ മാധ്യമപ്രവർത്തകരോ പിആർഡി ജീവനക്കാരോ ഉണ്ടായിരുന്നുമില്ല. പക്ഷേ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ക്ഷണിക്കാതെ കയറിച്ചെല്ലുന്നതിനു മുൻപ് ഒരു വിഡിയോഗ്രഫർ സ്ഥലത്തെത്തി കാത്തിരുന്നു. ദിവ്യയുടെ 6 മിനിറ്റ് പ്രസംഗവും ഇറങ്ങിപ്പോക്കും പൂർണമായി ചിത്രീകരിച്ചു.
രാത്രി ഈ വിഡിയോ മാധ്യമപ്രവർത്തകർക്കും ചാനലുകൾക്കും ലഭ്യമാക്കി. യാത്രയയപ്പിൽ എഡിഎമ്മിനെ ദിവ്യ വിമർശിച്ചകാര്യം വാർത്തയാവുകയും സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിക്കുകയും ചെയ്തു. എഡിഎമ്മിനെ പരമാവധി അപമാനിച്ചുവിടുക എന്ന കൃത്യമായ തിരക്കഥയിലാണ് കാര്യങ്ങൾ നടന്നതെന്നു വ്യക്തം.
2016 ൽ തലശ്ശേരി കുട്ടിമാക്കൂലിൽ ദലിത് വിഭാഗത്തിൽപെട്ട സഹോദരിമാരെ സിപിഎം പ്രവർത്തകർ ആക്രമിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് സഹോദരിമാരിൽ ഒരാൾ ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തിൽ പി.പി.ദിവ്യയ്ക്കെതിരെ കേസെടുത്തിരുന്നു. ചാനൽ ചർച്ചയിൽ ഇവർ പൊതുശല്യമെന്ന തരത്തിൽ ദിവ്യ പറഞ്ഞതിനെത്തുടർന്നാണ് അതിലൊരു പെൺകുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നായിരുന്നു പരാതി.
പട്ടികവിഭാഗ കമ്മിഷനാണ് അന്നു കേസെടുത്തത്. ഈ കേസ് പിന്നീട് എഴുതിത്തള്ളി. പെൺകുട്ടികളുടെ അച്ഛൻ കോൺഗ്രസ് നേതാവായിരുന്നു. അദ്ദേഹം 2021 ൽ സിപിഎമ്മിൽ ചേരുകയും ചെയ്തു.
യാത്രയയപ്പു യോഗത്തിലെ ദിവ്യയുടെ പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു. വിഷയത്തിൽ സർക്കാർ സമഗ്രമായ അന്വേഷണം നടത്തണമെന്നും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ പറയുന്നു.
മികച്ച രീതിയിൽ സേവനം നടത്തുന്ന ഉദ്യോഗസ്ഥനായിരുന്നു നവീൻ ബാബു. നീണ്ടകാലം പത്തനംതിട്ടയിൽ പ്രവർത്തിച്ചപ്പോൾ ഒരാക്ഷേപവും ഉണ്ടായിട്ടില്ല. സ്ഥലംമാറ്റത്തിന് അനുകൂല ഇടപെടൽ പാർട്ടി നടത്തിയെന്നും കുറിപ്പിൽ പറയുന്നു. നവീൻ ബാബുവിന്റെ അമ്മ സിപിഎം പഞ്ചായത്തംഗമായിരുന്നതും ബന്ധു ഓമല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായതും നവീൻ ബാബുവും ഭാര്യ മഞ്ജുഷയും സംഘടനകളിൽ പ്രവർത്തിച്ചതുമെല്ലാം വിശദീകരണത്തിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.