തിരുവനന്തപുരം : 2002 നവംബർ 14 - ന് സംസ്ഥാന ശിശുക്ഷേമ സമിതി, സർക്കാരിൻ്റെ തലസ്ഥാനത്ത് തൈക്കാട് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ കരുതലായി ഒരു നവഗത കൂടി എത്തിയിരിക്കുകയാണ്.
ചെവ്വാഴ്ച രാത്രി 11.45 ന് 3.97 കി.ഗ്രാം ഭാരവും രണ്ടര മാസത്തിലധികം പ്രായവും തോന്നിക്കുന്ന പെൺകുരുന്ന് സമിതിയുടെ പരിചരണാർത്ഥം എത്തി. കഴിഞ്ഞ തിങ്കൾ മുതൽ 10 ദിവസത്തിനിടയിൽ തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന മൂന്നാമത്തെ ബിരുദമാണിത്. തുലാവർഷത്തിന് മുന്നോടിയായുള്ള ഉമ്മറത്തേക്ക് കാറ്റിൽ പാറിവരുന്ന ചാറ്റൽ മഴയുടെ കുളിരും മഴത്തുള്ളികളുടെ കൊഞ്ചലും കിലുക്കവും വഹിച്ചുകൊണ്ട് "അമ്മ കരുതലിലേക്ക്" പറന്നിറങ്ങിയ പെൺ കരുത്തിനെ "തൂവാന" എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി പത്രകുറിപ്പിൽ അറിയിച്ചു.
അമ്മത്തൊട്ടിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ സ്ഥാപിച്ച ശേഷം ഏറ്റവും കൂടുതൽ കുട്ടികളെ ലഭിക്കുന്നത് തിരുവനന്തപുരത്ത് ആണ്. സർക്കാരിൻ്റെയും വകുപ്പ് മന്ത്രി വീണാ ജോർജിൻ്റെയും സമിതിയുടെയും തീവ്രമായ ബോധവൽക്കരണ അമ്മത്തൊട്ടിലിനെ ജനപ്രിയമാക്കിയത് കൊണ്ടാണ് മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ചിലയിടങ്ങളിലേങ്കിലും നിർഭാഗ്യവശാൽ കുരുന്നു ജീവനുകൾ നശിപ്പിക്കപ്പെടുന്ന പ്രവണത മാറി സുരക്ഷിതമായി അമ്മത്തൊട്ടിലിൻ്റെ സംരക്ഷണാർത്ഥം എത്തിക്കുന്നതായി ജി.എൽ. അരുൺ ഗോപി പറഞ്ഞു.
ഇവിടെ എത്തപ്പെടുന്ന ബാല്യങ്ങൾക്ക് മതിയായ പരിചരണം നൽകി സുതാര്യമായ ദത്തെടുക്കൽ നടപടിക്രമങ്ങളിലൂടെ ദത്ത് നൽകൽ സമിതിക്ക് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ സമിതി ഇപ്രകാരം 108 കുട്ടികളെയാണ് നിയമപരമായ മാർഗ്ഗങ്ങളിലൂടെ ദത്ത് നൽകിയത്. അമ്മത്തൊട്ടിലിൽ നിന്നും സമിതി ദത്തെടുക്കൽ കേന്ദ്രത്തിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ കുരുന്നിനെ തൈക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ പരിശോധനനടത്തി.
പൂർണ ആരോഗ്യവതിയാണ് കുരുന്ന്. തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 610 -മത്തെ കുട്ടിയും 2024-ൽ ലഭിക്കുന്ന 16-ാമത്തെ കുഞ്ഞുമാണ് നവഗത. "തൂവാനയുടെ " ദത്തെടുക്കൽ നടപടി ക്രമങ്ങൾ പൂർത്തിയായതിനാൽ കുട്ടിക്ക് അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ തൈക്കാട് സമിതി ആസ്ഥാന ഓഫീസുമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.