പാമ്പാടി: പുതുപ്പള്ളി മണ്ഡലത്തിലെ സർക്കാർ പരിപാടികളിൽ സ്ഥലം ചാണ്ടി ഉമ്മനെ മാറ്റിനിർത്തുന്നു എന്ന പരാതി മണർകാട് ഉപജില്ലാ കലോത്സവത്തിൻ്റെ ഉദ്ഘാടനത്തിലും ഭിന്നശേഷി കലോത്സവത്തിൻ്റെ സമാപന യോഗത്തിലും ചാണ്ടി ഉമ്മനെ ക്ഷണിച്ചില്ല.
ചടങ്ങിലെത്തി സദസ്സിലിരുന്നു സംഘാടകരെ ചാണ്ടി ഉമ്മൻ പ്രതിഷേധം അറിയിച്ചു. വെള്ളൂരിൽ ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസിൻ്റെ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധവും പരാതിയും ചാണ്ടി ഉമ്മൻ അറിയിച്ചു. സ്ഥലത്തെ സർക്കാർ പരിപാടികൾക്ക് വിളിക്കണമെന്നാണു ചട്ടമെന്നും വേണ്ട നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞതായി ചാണ്ടി ഉമ്മൻ പറഞ്ഞു. മന്ത്രി വി.എൻ.വാസവനും വേദിയിൽ ഉണ്ടായിരുന്നു.
മണർകാട് സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഉപജില്ലാ കലോത്സവം ഉദ്ഘാടനം, ഭിന്നശേഷി കലോത്സവ സമാപനം തുടങ്ങിയ പരിപാടികളിൽ ചാണ്ടി ഉമ്മനെ ക്ഷണിച്ചില്ല. രാവിലെ നടന്ന സമ്മേളനം മന്ത്രി വി.എൻ.വാസവനാണ് ഉദ്ഘാടനം ചെയ്തത്. ഉച്ചയോടെ ചാണ്ടി ഉമ്മൻ ഉപജില്ലാ കലോത്സവത്തിൻ്റെ പ്രധാന വേദിയിലെത്തി.പ്രതിഷേധ സൂചകമായി സദസ്സിൽ ഇരുന്നു. സംഘാടകരെത്തി ക്ഷണിച്ചെങ്കിലും സ്റ്റേജിൽ കയറാൻ തയ്യാറായില്ല. പരിപാടിക്ക് ക്ഷണിക്കാത്തതിൽ പ്രതിഷേധവും രേഖപ്പെടുത്തി. കലോത്സവത്തിൻ്റെ സംഘാടകസമിതി രക്ഷാധികാരി കൂടിയാണു ചാണ്ടി ഉമ്മൻ.
ഉപതിരെടുപ്പു പ്രചാരണത്തിനായി ചാണ്ടി ഉമ്മൻ വയനാട്ടിലാണെന്ന് വിവരം ലഭിച്ചിരുന്നെന്നും ബോധപൂർവം ഒഴിവാക്കിയതല്ലെന്നും സംഘാടകർ വിശദീകരിച്ചെങ്കിലും മനപൂർവം ഒഴിവാക്കിയതാണെന്ന നിലപാടിൽ പലരും ഉറച്ചുനിന്നു. സംഘാടകർ ഫോണിൽപോലും വിളിച്ചു ചോദിച്ചിട്ടില്ലെന്നു പറഞ്ഞു.കൂറോപ്പട വില്ലേജ് ഓഫീസ് ഉദ്ഘാടനത്തിൽ നിന്നു ചാണ്ടി ഉമ്മനെ ഈയിടെ ഒഴിവാക്കിയതിൽ പ്രതിഷേധം ഉയരുകയും തുടർന്ന് ഉദ്ഘാടനം മാറ്റിവയ്ക്കുകയും ചെയ്തു.
തിരുവഞ്ചൂരിലും ഉമ്മൻ ചാണ്ടിയോടുള്ള പ്രതിഷേധം തിരുവഞ്ചൂരിലെ അന്തേവാസികളോട് കാണിക്കരുതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. തിരുവഞ്ചൂരിൽ പ്രവർത്തിക്കുന്ന സർക്കാർ വൃദ്ധസദനം കടുത്തുരുത്തിയിലേക്ക് മാറ്റുന്നതിനെതിരെ തിരുവഞ്ചൂർ പബ്ലിക് ലൈബ്രറിയിൽ നടന്ന പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അയർക്കുന്നം പഞ്ചായത്ത് പ്രസിഡൻറ് സീന ബിജു നാരായണൻ അധ്യക്ഷത വഹിച്ചു. ആക്ഷൻ കൗൺസിൽ രൂപീകരിച്ച് നാളെ രാവിലെ 10ന് വൃദ്ധസദനത്തിനു സമീപം സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഉപവാസസമരം നടത്താനും തീരുമാനിച്ചു.
ഉമ്മൻ ചാണ്ടിയുടെ ഓർമ പങ്കുവച്ച് ചാണ്ടി ഉമ്മൻ ∙ വെള്ളൂരിൽ ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസിൻ്റെ ഒന്നാംഘട്ട വികസനത്തിൻ്റെ ഉദ്ഘാടന വേദിയിൽ ഉമ്മൻ ചാണ്ടിയുടെ ഓർമ പങ്കുവച്ച് ചാണ്ടി ഉമ്മൻ. ഇൻസ്റ്റിറ്റ്യൂട്ട് ഉമ്മൻ ചാണ്ടിയുടെ സ്വപ്നമാണെന്നും ഇത് തറക്കല്ലെന്നും സമ്മേളനത്തിൻ്റെ സ്വാഗതപ്രസംഗത്തിൽ ചാണ്ടി ഉമ്മൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ കൈവശമുള്ള ശാസ്ത്രസാങ്കേതിക വകുപ്പിനു കീഴിൽ വരുന്ന സ്ഥാപനം മികച്ച രീതിയിൽ പൂർത്തിയാക്കുമെന്നാണു പ്രതീക്ഷയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.