തിരുവനന്തപുരം : എഡിജിപി എം അജിത്ത് കുമാറിനെതിരെയുള്ള ഡിജിപിയുടെ റിപ്പോർട്ട് നാളെ സർക്കാരിന് നൽകും.
എഡിജിപിക്കെതിരായ പരാതികളിൽ ഡിജിപിയുടെ റിപ്പോർട്ട് ഇന്ന് സർക്കാറിന് സമർപ്പിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ റിപ്പോർട്ട് അന്തിമമാക്കാൻ സമയം എടുത്തതാണ് വൈകാൻ കാരണമെന്നാണ് വിവരം. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചയിൽ എഡിജിപിയുടെ വിശദീകരണം തള്ളിയാണ് റിപ്പോർട്ടെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു.
രണ്ട് ഉന്നത ആർഎസ്എസ് നേതാക്കൾ കണ്ടതിലെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഡിജിപിയുടെ നിലപാട്. എന്നാൽ മാമി തിരോധാനമടക്കം അൻവർ ഉന്നയിച്ച കേസുകളിൽ അജിതിന് വീഴ്ചയുണ്ടായെന്ന വിലയിരുത്തൽ റിപ്പോർട്ടിലുണ്ടാകില്ലെന്നാണ് സൂചന. ഇന്നലെ മന്ത്രിസഭാ ഉപസമിതിയോഗത്തിലും സിപിഐ അജിത്തിനെ മാറ്റാതെ പറ്റില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. തിങ്കളാഴ്ച മുതൽ വിവാദ വിഷയങ്ങൾ സഭയിലേക്കാണ്. അതിന് മുമ്പ് നടപടി വേണമെന്നാണ് പാർട്ടി നിലപാട്.
നിരന്തരം ആവശ്യം തള്ളുന്ന മുഖ്യമന്ത്രിയുടെ നടപടിയിൽ സിപിഐ നേതൃത്വവും കടുത്ത സമ്മർദ്ദത്തിലാണ്. മാറ്റാൻ ഒരുപാട് അവസരമുണ്ടായിട്ടും എഡിജിപിക്ക് അത്യസാധാരണ പിന്തുണ നൽകിയ മുഖ്യമന്ത്രി ഡിജിപിയുടെ റിപ്പോർട്ടിൽ നടപടിയെടുക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് സിപിഐ. അപ്പോഴും മാറ്റം ക്രമസമാധാനചുമതലയിൽ നിന്ന് മാത്രമാകും. സസ്പെൻഷൻ ഉൾപ്പെടെയുള്ള അച്ചടക്കനടപടിക്ക് സാധ്യതയില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.