ഇടുക്കി: ജോലി കഴിഞ്ഞ് മുറിയിൽ കിടന്നുറങ്ങുകയായിരുന്ന സിനിമാ പ്രവർത്തകരെ ഉറക്കത്തിൽ വിളിച്ചുണർത്തി മർദ്ദിച്ചതായി പരാതി.
സംഘടിച്ചെത്തിയ ഒരു കൂട്ടം ആളുകൾ ആക്രമണം നടത്തിയതായാണ് പരാതി. കോഴിക്കോട് സ്വദേശി റെജിൽ, തിരുവന്തപുരം സ്വദേശികളായ ജിഷ്ണു, ജയസേനൻ എന്നിവർക്കാണ് പരിക്കേറ്റത്. സിനിമാ ചിത്രീകരണത്തിന് മുന്നോടിയായി സെറ്റിടുന്നതിനെത്തിയ ആർട് ജീവനക്കാരാണ് ആക്രമണത്തിന് ഇരയായത്. ഇതിൽ തലയ്ക്ക് സാരമായി പരിക്കേറ്റ ജയസേനൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സ തേടി.
തൊടുപുഴയിലെ സ്വകാര്യ ലോഡ്ജിലായിരുന്നു ഇവർ താമസിച്ചിരുന്നത്. അർധ രാത്രിയിൽ റൂമിനുള്ളിൽ അതിക്രമിച്ച് കയറി 20 ഓളം പേരടങ്ങിയ സംഘമാണ് അക്രമം നടത്തിയതെന്ന് പരിക്കേറ്റവർ പറഞ്ഞു. മുറിയിൽ കിടന്ന് ഉറങ്ങുകയായിരുന്ന തങ്ങളെ വിളിച്ച് ഉണർത്തിയാണ് ആക്രമിച്ചത്. പല സംഘങ്ങളായി തിരിഞ്ഞാണ് അക്രമികൾ മുറിയിൽ അതിക്രമിച്ച് കയറിയതെന്നും ഇവർ പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ചയോളമായി തൊടുപുഴയിൽ എത്തിയ ആറ് പേരടങ്ങുന്ന ആർട്‌സ് സംഘം തൊടുപുഴയിലെ രണ്ട് ലോഡ്ജുകളിലായിരുന്നു താമസം. തൊടുപുഴ സ്വദേശിയായ ഗുഡ്‌സ് വാഹനത്തിൻ്റെ ഡ്രൈവറുമായുണ്ടായ വാക്ക് തർക്കമാണ് അതിക്രമത്തിൽ കലാശിച്ചതിന് ഇരയായവർ പറയുന്നത്. സംഭവത്തിൽ തൊടുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.