ആലപ്പുഴ: തോട്ടപ്പള്ളിയിൽ കടൽ ഉൾവലിഞ്ഞു.
വൈകുന്നേരം നാലുമണി മുതൽ 150 വരെ കടലാണ് ഉൾവലിഞ്ഞത്. മണിക്കൂറുകൾ കഴിഞ്ഞും കടൽ ഇതേ അവസ്ഥയിൽ തുടരുകയാണ്. നേരത്തെ കടൽ ഉണ്ടായിരുന്ന ഭാഗം ഇപ്പോൾ ചെളിയായി മാറി. മാസങ്ങൾക്ക് മുമ്പ് പുറക്കാടും കടൽ ഉൾവലിഞ്ഞിരുന്നു.കടൽ ഉൾവലിഞ്ഞത് കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമാവാമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം ആലപ്പുഴയിലെ വിവിധയിടങ്ങളിൽ കടലാക്രമണമുണ്ടായിരുന്നു. തൃക്കുന്നപ്പുഴ, അമ്പലപ്പുഴ ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറി.
ഇതോടെ നാട്ടുകാരുടെ പ്രതിഷേധവും ഉയർന്നിരുന്നു.അതേസമയം, കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന് സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പുണ്ട്. കേരള തീരങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരദേശ മേഖലകളിൽ വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്.
തിരുവനന്തപുരത്ത് കാപ്പിൽ നിന്ന് പൂവാർ വരെ ജാഗ്രത നിർദ്ദേശവും പുറപ്പെടുവിച്ചു. കൊല്ലം ജില്ലയിൽ ആലപ്പാട് മുതൽ ഇടവ വരെ ജാഗ്രത നിർദ്ദേശമുണ്ട്. ആലപ്പുഴയിൽ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയും എറണാകുളത്ത് മുനമ്പം മുതൽ മറുവക്കാട് വരെയും തൃശൂരിൽ ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെയുമാണ് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്. മലപ്പുറത്ത് കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെയും, കോഴിക്കോട് ചോമ്പാല മുതൽ രാമനാട്ടുകര വരെയും കണ്ണൂരിൽ വളപട്ടണം മുതൽ ന്യൂമാഹി വരെയും കാസർഗോഡ് കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് എല്ലാവർക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണം. മുന്നറിയിപ്പ് കാണിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള എല്ലാ പ്രവർത്തനങ്ങളും ഒഴിവാക്കണം. തീരശോഷണത്തിന് സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണെന്നും മുന്നറിയിപ്പുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.