തിരുവനന്തപുരം: വീട്ടമ്മയുടെ കണ്ണിൽ മുളക് പൊടി തേച്ച് കഴുത്തിലുണ്ടായിരുന്ന മൂന്നര പവൻ സ്വർണ കവർന്ന സംഭവത്തിൽ ഒരു മണിക്കൂറിനുള്ളിൽ പ്രതിയെ അയിരൂർ പോലീസ് പിടികൂടി.
വീട്ടമ്മയുടെ അയൽവാസിയായ യുവാവ് തന്നെയാണ് മോഷ്ടാവ്. നാട്ടുകാർക്ക് തോന്നിയ സംശയം പ്രതിയെ പിടികൂടുന്നത് എളുപ്പമാക്കി. തുറന്നുകിടന്ന വീടിൻ്റെ പിൻവാതിലിലൂടെ കയറിയാണ് പ്രതിയായ യുവാവ് വീടിനകത്ത് കയറിയത്. കിടപ്പ് മുറിയിലായിരുന്ന വീട്ടമ്മയെ പിന്നിൽ നിന്ന് ഇയാൾ കണ്ണ് പൊത്തി. കൈ തട്ടി വീട്ടമ്മ തിരിഞ്ഞുനോക്കിയപ്പോൾ ഇയാൾ മുഖം മറിച്ചിരുന്നു. പിന്നാലെ തന്നെ മുളക് പൊടി വിതറിയ ശേഷം ഇയാൾ മാല പൊട്ടിച്ചെടുക്കുകയായിരുന്നു.
മാല പൊട്ടിച്ച ശേഷം യുവാവ് സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി. വീട്ടമ്മയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി. നാട്ടുകാരാണ് സംഭവം പോലീസിനെ വിളിച്ചറിയിച്ചത്. പിന്നാലെ അയിരൂർ പോലീസ് എത്തി വീടും പരിസരവും പരിശോധിച്ചു. സംഭവ സമയത്ത് വീടിൻ്റെ പരിസരത്ത് കൂടി അയൽവാസിയായ യുവാവ് സംശയാസ്പദമായി പോകുന്നത് കണ്ടതായി നാട്ടുകാർ പറഞ്ഞു.
അന്വേഷണത്തിൽ വീടിൻ്റെ പിൻവാതിലിനു അരികിലായി മോഷ്ടാവ് ഉപയോഗിച്ച മുളക് പൊടിയുടെ ബാക്കി പത്രക്കടലാസിൽ പൊതിഞ്ഞ് പോലീസിന് കിട്ടി. സംശയം തോന്നിയ അയൽവാസിയായ യുവാവിൻ്റെ വീട് പരിശോധിച്ചപ്പോൾ മുളക് പൊടി പൊതിയാനായി ഉപയോ ഗിച്ച പത്രക്കടലാസിൻ്റെ ബാക്കി ഭാഗം പോലീസ് അവിടെ നിന്ന് കണ്ടെത്തി. പ്രതിയെ സമീപത്ത് നിന്ന് തന്നെ പോലീസ് പിടികൂടി. പ്രതിയുടെ ആഡംബരം ബൈക്കിൽ ഒളിപ്പിച്ചിരുന്ന മാലയും പോലീസ് കണ്ടെത്തി. പരാതി ലഭിച്ച് ഒരു മണിക്കൂർ കൊണ്ട് തന്നെ പ്രതിയെ പിടികൂടാൻ പോലീസിന് സാധിച്ചു.
സംഭവത്തെക്കുറിച്ച് പരാതിപ്പെട്ട് ഒരു മണിക്കൂറിനുള്ളിൽ അയിരൂർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ശ്യാം എം ജിയുടെ നേതൃത്വത്തിൽ എസ്ഐ ഷിർജു എസ്എഫ്,. എ എസ് ഐ ശ്രീജൻ ജെ പ്രകാശ്. സി പി ഒ മാരായ വിഷ്ണു ജി, ബിനു ശ്രീദേവി, വരുൺ ഐ വി, ഷൈൻ യു ജി, മണിലാൽ ആർ എന്നിവരടങ്ങിയ അന്വേഷണ സംഘം പ്രതിയെ പിടികൂടുകയും മോഷണം മുതൽ കണ്ടെത്തുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.