കാലിഫോർണിയ: കാർ ഓടിക്കുന്നതിനിടയില്‍ വിൻഡ് ഷീല്‍ഡിലേക്ക് കല്ലേറ് യുവതിക്ക് ദാരുണാന്ത്യം. കാലിഫോർണിയയിലാണ് സംഭവം. മൂന്ന് ദിവസത്തിനുള്ളില്‍ സമാനമായ മൂന്നാമത്തെ സംഭവമാണ് ഇതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം രാവിലെ കാലിഫോർണിയയിലെ ആന്റലോപ്പ് താഴ് വരയിലൂടെ വാഹനം ഓടിച്ച് പോയ യുവതിയാണ് കല്ലേറിന് പിന്നാലെ കൊല്ലപ്പെട്ടത്.വിൻഡ് ഷീല്‍ഡ് തകർത്ത് എത്തിയ കല്ലുകൊണ്ട് ഗുരുതര പരിക്കേറ്റ നിലയിലാണ് യുവതിയെ കാറിനുള്ളില്‍ ദേശീയ പാതയിലെ പട്രോളിംഗ് സംഘം കണ്ടെത്തുന്നത്. യുവതിയുടെ ജീവന്റെ തുടിപ്പുകള്‍ വീണ്ടെടുക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും സാധ്യമായില്ല. ആരോഗ്യ പ്രവർത്തകർ എത്തിയപ്പോഴേയ്ക്കും രക്തം വാർന്ന് യുവതി മരിക്കുകയായിരുന്നു.
യുവതിക്കൊപ്പമുണ്ടായിരുന്ന യാത്രക്കാരനും കാറിന്റെ വിൻഡ് ഷീല്‍ഡ് തകർന്ന് പരിക്കേറ്റിട്ടുണ്ട്. അജ്ഞാതർ കാറിലേക്ക് കല്ല് എറിഞ്ഞതാണ് അപകടത്തിന് കാരണമായതെന്നാണ് ഇയാള്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുള്ളത്.
കാലിഫോർണിയ ദേശീയ പാത പട്രോളിംഗ് സംഘലും ലോസാഞ്ചലസ് കൌണ്ടി അഗ്നി രക്ഷാ സേനയും മേഖല അരിച്ച് പെറുക്കിയെങ്കിലും അക്രമിയെ കണ്ടെത്താനായില്ല. ഒക്ടോബർ ആറിനും സമാനമായ സംഭവം മേഖലയില്‍ ഉണ്ടായിരുന്നു. ആദ്യ രണ്ട് സംഭവങ്ങളിലും കാർ യാത്രികർക്ക് അസ്ഥി തകർന്നതടക്കം ഗുരുതര പരുക്കുകളാണ് സംഭവിച്ചിട്ടുള്ളത്.
സംഭവത്തിലെ പ്രതികളേക്കുറിച്ചുള്ള എന്തെങ്കിലും വിവരം ലഭ്യമാകുന്നവർ പൊലീസിനെ അറിയിക്കണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. സമാനമായ ദുരന്ത സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ അക്രമിയെ ഉടനെ കണ്ടെത്തുമെന്നും പൊലീസ് പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.