തിരുവനന്തപുരം: ബി.എസ്.എഫ്. മേധാവി സ്ഥാനത്ത് നിന്ന് കേന്ദ്ര സർക്കാർ നീക്കിയ ഡി.ജി.പി നിതിൻ അഗർവാളിന് കേരള കേഡറില്‍ പുതിയ നിയമനം.
റോഡ് സേഫ്റ്റി കമ്മീഷണറായാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് നിതിൻ അഗർവാളിനെ നിയമിച്ചത്. പാക്കിസ്ഥാനില്‍ നിന്ന് നുഴഞ്ഞുകയറിയ ഭീകരർ കശ്മീരില്‍ വൻ തോതില്‍ ആക്രമണങ്ങള്‍ നടത്തിയതോടെയാണ് ബി.എസ്.എഫ് മേധാവിയായിരുന്ന നിതിൻ അഗർവാളിനെ കേന്ദ്ര സർക്കാർ നീക്കിയത്.സർവീസ് പൂർത്തിയാകാൻ രണ്ട് വർഷം കൂടെ ബാക്കിയിരിക്കുമ്പോഴായിരുന്നു ഇത്. നേരത്തെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് ഒന്നാം പേരുകാരനായിരുന്നു ഇദ്ദേഹം. എന്നാല്‍ താൻ കേരള കേഡറിലേക്ക് തിരികെ വരുന്നില്ലെന്ന് ഇദ്ദേഹം തന്നെ നിലപാടെടുത്തതോടെയാണ് ഷെയ്ഖ് ദർവേസ് സാഹിബ് സംസ്ഥാന പൊലീസ് മേധാവിയായത്.
ബിഎസ്‌എഫ് മേധാവി സ്ഥാനം ഒഴിഞ്ഞ ശേഷം അവധിയില്‍ പോയ നിതിൻ അഗർവാള്‍ കേരള കേഡറിലേക്ക് തിരിച്ചെത്തിയിട്ട് ദിവസങ്ങളായെങ്കിലും നിയമന ഉത്തരവ് കൈമാറിയിരുന്നില്ല. സംസ്ഥാനത്തിന് നാല് ഡിജിപി തസ്തികകളാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്.
നിലവില്‍ നാല് ഡിജിപിമാർ സംസ്ഥാനത്തുള്ളതിനാല്‍ അഞ്ചാമത് ഒരു ഡിജിപിയെ നിയമിക്കുന്നതായിരുന്നു വെല്ലുവിളി. സംസ്ഥാനത്തിൻ്റെ അപേക്ഷ പരിഗണിച്ച് ആറ് മാസത്തേക്ക് അഞ്ചാമത് ഒരു ഡിജിപി തസ്തിക കൂടി കേന്ദ്രം അനുവദിച്ചതോടെയാണ് നിതിൻ അഗർവാളിന് നിയമനത്തിന് വഴി തുറന്നത്.
സംസ്ഥാനത്തിന് കേന്ദ്രം അനുവദിച്ച നാല് ഡിജിപി തസ്തികകളില്‍ വിജിലൻസ് ഡയറക്ടറായ ടി.കെ.വിനോദ് കുമാർ സ്വയം വിരമിച്ചതോടെ ഒരു തസ്തിക ഒഴിവു വന്നിരുന്നു. ഈ ഒഴിവിലേക്ക് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്തക്ക് സ്ഥാനക്കയറ്റം നല്‍കി.
ഇതിനിടെയാണ് നിതിൻ അഗർവാള്‍ അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. പ്രതിസന്ധി ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി കേന്ദ്രത്തിന് കത്തയച്ചതോടെയാണ് ആറ് മാസത്തേക്ക് ഒരു അധിക ഡിജിപി തസ്തിക അനുവദിച്ചത്.
ഡിസംബറില്‍ ഡിജിപി സഞ്ചീവ് കുമാർ പട്ജോഷി വിരമിക്കുന്നതോടെ സംസ്ഥാനത്ത് വീണ്ടും നാല് ഡിജിപിമാരാവും. എന്നാല്‍ കേന്ദ്രം അനുവദിച്ച താല്‍ക്കാലിക തസ്തികയുടെ കാലാവധി നാലുമാസം കൂടിയുള്ളതിനാല്‍ സംസ്ഥാന സർക്കാരിന് ഒരു എഡിജിപിക്കു കൂടി സ്ഥാനകയറ്റം നല്‍കാനാകും. അങ്ങനെയെങ്കില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാമിന് ജനുവരി ഒന്ന് മുതല്‍ ഡിജിപി തസ്തികയില്‍ സ്ഥാനക്കയറ്റം കിട്ടിയേക്കും.
താത്കാലിക തസ്തികയില്‍ സ്ഥാനക്കയറ്റം നല്‍കിയില്ലെങ്കില്‍ ഫയർഫോഴ്‌സ് മേധാവി കെ.പത്മകുമാർ ഏപ്രിലില്‍ വിരമിക്കുമ്ബോള്‍ മാത്രമേ മനോജ് എബ്രഹാമിന് സ്ഥാനകയറ്റ സാധ്യത ലഭിക്കൂ.
ജൂണ്‍ 30നാണ് നിലവിലെ സംസ്ഥാന പൊലിസ് മേധാവി ഷെയ്ക്ക് ദർവേസ് സാഹിബ് വിരിക്കുന്നത്. അപ്പോള്‍ പുതിയ പൊലീസ് മേധാവിയായി നിതിൻ അഗർവാളാകും പരിഗണനാ പട്ടികയില്‍ ഒന്നാമൻ. കേന്ദ്ര ഇൻ്റലിജൻസ് ബ്യൂറോയില്‍ ഡെപ്യൂട്ടേഷനിലുള്ള റാവഡ ചന്ദ്രശേഖർ രണ്ടാമനും, വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത മൂന്നാമനും, മനോജ് എബ്രഹാം നാലാമത്തെ സ്ഥാനത്തുമാകും ഉള്‍പ്പെടുക.
കേന്ദ്രം വെട്ടിയില്ലെങ്കില്‍ ആദ്യത്തെ മൂന്ന് പേരില്‍ ഒരാള്‍ അടുത്ത ഡിജിപിയാവും. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള റാവഡ ചന്ദ്രശേഖർ സംസ്ഥാനത്തേക്ക് മടങ്ങാൻ താത്പര്യമില്ലെന്ന് അറിയിച്ചാല്‍ മനോജ് എബ്രഹാം ആദ്യത്തെ മൂന്ന് പേരില്‍ ഒരാളാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.