തിരുവനന്തപുരം: വർക്കലയില്‍ മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് വെട്ടേറ്റു. താഴെ വെട്ടൂർ ജങ്ഷനില്‍ ബുധനാഴ്ച വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം.
വെട്ടൂർ സ്വദേശികളായ നൗഷാദ് (45 ) അല്‍ അമീൻ (31) ഷംനാദ് (49) എന്നിവർക്ക് തലയ്ക്ക് വെട്ടേറ്റു. കടല്‍ത്തീരത്ത് നിന്നും താഴെ വെട്ടൂർ ജങ്ഷനില്‍ എത്തിയ ഇവരെ പ്രദേശവാസികളായ അഞ്ച് പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്.ജങ്ഷനില്‍ ഉണ്ടായിരുന്ന വെട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസിമുദ്ധീൻ ഇവരെ തടയാൻ ശ്രമിച്ചു. പിടിച്ച് മാറ്റുന്നതിനിടയില്‍ നാസിമുദ്ധീന് മുഖത്തു പരിക്കേറ്റു. നിലത്തുവീണ മൂന്ന് പേരെയും സംഘം വെട്ടുകത്തി ഉപയോഗിച്ച് വെട്ടിയും മർദിച്ചും അപായപ്പെടുത്താൻ ശ്രമിച്ചു. നാട്ടുകാർ ഓടിക്കൂടിയപ്പോഴേയ്ക്കും സംഘം ഓടി രക്ഷപ്പെട്ടു.
രാവിലെമുതല്‍ ഇവർ തമ്മില്‍ നിസ്സാരകാര്യങ്ങളെ ചൊല്ലി വാക്കുതർക്കമുണ്ടാവുകയും തുടർന്ന് അസഭ്യം പറയുകയും ചെയ്തിരുന്നതായി നാട്ടുകാർ പറയുന്നു. വെട്ടേറ്റ മൂന്നുപേരെയും വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇവരുടെ നില ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. ജവാദ്, യൂസഫ്, നൈസാം എന്നിവരും തിരിച്ചറിയാത്ത രണ്ടുപേരുമാണ് പ്രതികള്‍.