തിരുവനന്തപുരം: വിദേശ പഠനം, തൊഴില്‍ കുടിയേറ്റം എന്നിവയില്‍ വ്യാപകമായ തട്ടിപ്പുകള്‍ തടയുന്നതിന് ദേശീയതലത്തില്‍ സമഗ്ര നിയമനിർമാണം അനിവാര്യമെന്ന് നോർക്ക റൂട്ട്‌സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിവിധ ഏജൻസികളുടെ കണ്‍സല്‍റ്റേഷൻ യോഗം വിലയിരുത്തി.
രാജ്യത്ത് അനധികൃത വിദേശ തൊഴില്‍ റിക്രൂട്ട്‌മെന്റുകള്‍, വിസാ തട്ടിപ്പ്, സ്റ്റുഡന്റ് വിസാ തട്ടിപ്പ്, വിസിറ്റ് വിസയിലെത്തിയുളള റിക്രൂട്ട്മെന്റ് എന്നിവ നിയന്ത്രിക്കുന്നതിലും ലൈസൻസിങ് ഏർപ്പെടുത്തുന്നതിലും നിലവിലെ എമിഗ്രേഷൻ ആക്ടില്‍ (1983) പരിമിതികളുണ്ട്.സംസ്ഥാനത്തു മാത്രം ലൈസൻസില്ലാത്ത 10,000 ത്തോളം റിക്രൂട്ട്‌മെന്റ് കണ്‍സല്‍ട്ടിങ് സ്ഥാപനങ്ങള്‍ പ്രവർത്തിക്കുന്നുണ്ടെന്ന് തിരുവനന്തപുരം പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് സി. ശ്യാംചന്ദ് ചൂണ്ടിക്കാട്ടി. നിയമപരമായ പരിമിതികളിലാണ് എജ്യൂക്കേഷണല്‍ കണ്‍സള്‍ട്ടൻസികളുടെ മറവില്‍ നടത്തുന്ന വിദേശ റിക്രൂട്ട്‌മെന്റുകള്‍ക്കെതിരെ നടപടിയെടുക്കുന്നതിനും ലൈസൻസ് ഏർപ്പെടുത്തുന്നതിനും കഴിയാത്തത്.
വ്യാജ റിക്രൂട്ട്‌മെന്റുകള്‍ സംബന്ധിച്ച നോർക്ക റൂട്ട്‌സിന്റെ ആശങ്കകള്‍ റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ യോഗത്തെ അറിയിച്ചു. സംസ്ഥാന തലത്തില്‍ പ്രത്യേക നിയമനിർമാണം സാധ്യമാകുമോ എന്നതു നിയമവകുപ്പുമായി ആലോചിക്കാനും യോഗത്തില്‍ തീരുമാനിച്ചു.
തിരുവനന്തപുരം തൈയ്ക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ ചേർന്ന യോഗത്തില്‍ നോർക്ക, ആഭ്യന്തര വകുപ്പ്, നിയമവകുപ്പ്, പോലീസ്, പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ്, പഞ്ചാബ് സർക്കാർ, റിക്രൂട്ട്‌മെന്റ് ഏജൻസി, ലോകകേരള സഭ, സി.ഡി.എസ്, ഇന്റർനാഷണല്‍ ലേബർ ഓർഗനൈസേഷൻ തുടങ്ങി 20 ഓളം ഏജൻസികളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.
സംസ്ഥാന ധനകാര്യ കമ്മിഷൻ ചെയർമാൻ കെ.എൻ. ഹരിലാല്‍, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. കെ രവി രാമൻ, നോർക്ക വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി, കെ.എ.എസ്.ഇ മാനേജിംഗ് ഡയറക്ടർ സൂഫിയാൻ അഹമ്മദ്, ലോക കേരള സഭ ഡയറക്ടർ ആസിഫ് കെ യൂസഫ്, നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കോളശേരി,
പഞ്ചാബ് എൻ.ആർ.ഐ സെല്‍ എഡിജിപി പ്രവീണ്‍ കുമാർ സിൻഹ, ഐ ഐ എം എ ഡിയില്‍ നിന്നും ഡോ. ഇരുദയ രാജൻ, സി.ഡി.എസില്‍ നിന്നും ഡോ. വിനോജ് എബ്രഹാം തുടങ്ങിയവർ ചർച്ചകള്‍ക്ക് നേതൃത്വം നല്‍കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.