ഭുവനേശ്വര്‍: ഗര്‍ഭിണിയായ ജീവനക്കാരിക്ക് ആശുപത്രിയില്‍ പോകുന്നതിന് അവധി നല്‍കാത്തതിനെത്തുടര്‍ന്ന് ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞ് മരിച്ചു.
ഒഡിഷയിലാണ് സംഭവം. കേന്ദ്രപാര ജില്ലയിലെ ശിശുക്ഷേമ സമിതിയില്‍ ജോലി ചെയ്യുന്ന ക്ലര്‍ക്കായ ബര്‍ഷ പ്രിയദര്‍ശിനി എന്ന സ്ത്രീക്കാണ് ദുരനുഭവം നേരിടേണ്ടിവന്നത്.26 കാരിയായ ബര്‍ഷ പ്രിയദര്‍ശിനി ഏഴ് മാസം ഗര്‍ഭിണിയായിരുന്നു. ആശുപത്രിയില്‍ ചെക്കപ്പിന് പോകുന്നതിനായി ലീവ് ആവശ്യപ്പെട്ടപ്പോള്‍ ചൈല്‍ഡ് ഡെവലപ്മെന്റ് പ്രൊജക്ട് ഓഫീസര്‍ സ്നേഹലത സഹു അവധി നല്‍കിയില്ല.
ജോലി ചെയ്യുന്നതിനിടെ അസഹനീയമായ പ്രസവ വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മറ്റ് ജീവനക്കാരോട് ആശുപത്രിയിലെത്തിക്കാന്‍ പ്രിയദര്‍ശിനി ആവശ്യപ്പെട്ടു. എന്നാല്‍ ആ സമയത്തും മുതിര്‍ന്ന ഉദ്യോഗസ്ഥ പോകാന്‍ അനുവദിച്ചില്ല. ഒടുവില്‍ വീട്ടുകാരെ വിവരം അറിയിച്ചു. ഓഫീസിലെത്തിയ വീട്ടുകാരാണ് പ്രിയദര്‍ശിനിയെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും കുട്ടി ഗര്‍ഭപാത്രത്തില്‍ വെച്ച് മരിച്ചിരുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി സിഡിപിഒ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് ബര്‍ഷ പ്രിയദര്‍ശിനി പറയുന്നു. ഗര്‍ഭിണിയായപ്പോള്‍ അത് കൂടി. ഇവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാവശ്യപ്പെട്ട് ബര്‍ഷ പ്രിയദര്‍ശിനി ജില്ലാ കലക്ടര്‍ക്കും പൊലീസ് സൂപ്രണ്ടിനും പരാതി നല്കി. ബര്‍ഷയും വീട്ടുകാരും സിഡിപിഒയോട് തര്‍ക്കിക്കുന്ന വിഡിയോ സോഷ്യല്‍ മീഡയയില്‍ പ്രചരിച്ചതോടെ ഇവര്‍ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.
എന്നാല്‍ സ്നേഹലത സഹു ആരോപണങ്ങളെല്ലാം നിഷേധിച്ചു. വിഷയം വിവാദമായതിനെത്തുടര്‍ന്ന് സ്നേഹലതയെ തല്‍സ്ഥാനത്തു നിന്ന് മാറ്റിയിട്ടുണ്ട്. അന്വേഷിച്ചതിന് ശേഷം ഉന്നതാധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഡെറാബിസ് ബിഡിഒ അനിരുദ്ധ ബെഹ്റ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.