കൊല്ലം: കൗമാരം ചെലവിട്ട കലാലയാങ്കണത്തില്‍ പതിറ്റാണ്ടുകള്‍ക്കുശേഷം ഒരുമിച്ചെത്തുമ്പോള്‍ അവരില്‍ കേന്ദ്രമന്ത്രിയുടെയോ എം.പി.യുടെയോ എം.എല്‍.എ.യുടെയോ ഗൗരവമില്ലായിരുന്നു.
രാഷ്ട്രീയ ചേരിതിരിവുകള്‍ മറന്ന് പഠനകാലത്തെ കുസൃതിക്കഥകള്‍ ഒന്നൊന്നായി അവർ മത്സരിച്ച് പങ്കിട്ടു. കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ആദരിക്കല്‍ച്ചടങ്ങിലാണ് പൂർവവിദ്യാർഥികളായ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും എൻ.കെ.പ്രേമചന്ദ്രൻ എം.പി.യും എം.നൗഷാദ് എം.എല്‍.എ.യും കോളേജ് അനുഭവങ്ങള്‍ തുറന്നുപറഞ്ഞത്.ചർച്ചകളില്‍ രാഷ്ട്രീയം കടന്നുവന്നെങ്കിലും സൗഹൃദവും സ്നേഹവും നിറഞ്ഞ അന്തരീക്ഷത്തില്‍ അതിന് അധികം ആയുസ്സുണ്ടായില്ല. കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന് പണ്ട് സദ്യവിളമ്പിയ സുരേഷ് ഗോപിക്ക് രാഷ്ട്രീയമോഹം വർഷങ്ങള്‍ക്കുമുമ്പേയുണ്ടായിരുന്നെന്ന് എം.നൗഷാദ് എം.എല്‍.എ..
മുഖ്യമന്ത്രി പിണറായി വിജയനും തന്നെ ഇടതുരാഷ്ട്രീയത്തിലേക്കിറങ്ങാൻ പ്രേരിപ്പിച്ചിരുന്നതായി സുരേഷ് ഗോപിയുടെ മറുപടി. ഭൂമിക്കുവേണ്ടി നടത്തിയ സമരങ്ങളും അതിന്റെപേരില്‍ തന്റെ വീടിനുമുന്നിലുണ്ടായ സമരങ്ങളും രാഷ്ട്രീയത്തിലിറങ്ങാൻ പ്രേരണയായതായും അദ്ദേഹം വെളിപ്പെടുത്തി.
സഹപാഠിയായ പ്രേമചന്ദ്രനൊപ്പം ചമ്മന്തിയും ഓംലെറ്റുമെല്ലാം നിറഞ്ഞ ചോറുപൊതികള്‍ ഒരുമിച്ചാക്കി കഴിച്ച മധ്യാഹ്നങ്ങളെക്കുറിച്ചും മന്ത്രി വാചാലനായി. അന്തർമുഖനായിരുന്ന താൻ ആദ്യമായി സ്റ്റേജില്‍ കയറിയ അനുഭവവും കോളേജ് യൂണിയൻ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ചതുമെല്ലാം അദ്ദേഹം ഓർത്തെടുത്തു.
മലയാളം മീഡിയത്തില്‍ പഠിച്ചതുമൂലം ഇംഗ്ളീഷ് മനസ്സിലാക്കാൻ ഏറെ ബുദ്ധിമുട്ടിയ പ്രീ-ഡിഗ്രി ക്ലാസുകള്‍ പ്രേമചന്ദ്രൻ എം.പി.യുടെ ഓർമ്മകളില്‍ നിറഞ്ഞു. പഴയ അധ്യാപകർ, കൂട്ടുകാർ, കലാലയത്തിലുണ്ടായ മാറ്റങ്ങള്‍ എന്നിങ്ങനെ ഓരോന്നും കൂട്ടുകാർ മത്സരിച്ച് പറഞ്ഞുകൊണ്ടേയിരുന്നു.
കോളേജ് യൂണിയൻ ഭാരവാഹിയായിരുന്ന കാലമാണ് എം.നൗഷാദ് എം.എല്‍.എ.യ്ക്ക് പറയാനുണ്ടായിരുന്നത്. ആദ്യ തിരഞ്ഞെടുപ്പ് പരാജയം, പ്രസംഗിച്ചുതെളിഞ്ഞ കലാലയ ഓഡിറ്റോറിയം, കോളേജിലെ പൂർവവിദ്യാർഥിയായ നടൻ ബാലചന്ദ്രമേനോൻ... പങ്കുവെക്കാൻ ഒാർമ്മകള്‍ ഒട്ടും കുറവുണ്ടായിരുന്നില്ല എം.എല്‍.എ.യ്ക്കും.
മൂവരുടെയും അധ്യാപകനായ സീസർ ആന്റണി, കോളേജ് പ്രിൻസിപ്പല്‍ ഡോ. സിന്ധ്യ കാതറിൻ മൈക്കിള്‍, മാനേജർ ഡോ. അഭിലാഷ് ഗ്രിഗറി, വൈസ് പ്രിൻസിപ്പല്‍ ഡോ. ബിജു മാത്യു, ഡോ. എം.ആർ.ഷെല്ലി തുടങ്ങിയവർ പങ്കെടുത്തു.
കോളേജ് അങ്കണത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി ജന്മവൃക്ഷത്തൈ നടുകയും ചെയ്തു. ലോക മാനസികാരോഗ്യദിനത്തിന്റെ ഭാഗമായി കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടിയും മൂവരും ഒരുമിച്ചാണ് കണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.