ശ്രീനഗർ: ജമ്മു കശ്മീർ രാഷ്ട്രീയത്തില്‍ മാത്രമല്ല, ഇന്ത്യന്‍ രാഷ്ട്രീയത്തിലും പതിറ്റാണ്ടുകളായുള്ള ചർച്ചാ വിഷയമാണ് കശ്മീരി പണ്ഡിറ്റുകളുടേത്.
ജമ്മു മേഖലയില്‍ ബി ജെ പിയുടെ വളർച്ചയുടെ പ്രധാന കാരണങ്ങളിലൊന്നായും ഈ വിഷയം മാറിയിട്ടുണ്ട്. ഇപ്പോഴിതാ ജമ്മു കശ്മീരില്‍ പുതുതായി അധികാരമേല്‍ക്കുന്ന നാഷണല്‍ കോണ്‍ഫറന്‍സ് പാർട്ടി നേതാവ് ഫാറൂഖ് അബ്ദുള്ള കശ്മീരി പണ്ഡിറ്റുകളുടെ കാര്യത്തില്‍ ഒരു ശ്രദ്ധേയമായ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്.കശ്മീരി പണ്ഡിറ്റുകളുടെ തിരിച്ചുവരവിനായി താനും തൻ്റെ പാർട്ടിയും കാത്തിരിക്കുകയാണെന്നാണ് നാഷണല്‍ കോണ്‍ഫറന്‍ പാർട്ടി അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ള കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
1990 കളുടെ തുടക്കത്തിലായിരുന്നു ഭീഷണികളെ തുടർന്ന് കശ്മീർ വാലിയില്‍ നിന്നും പണ്ഡിറ്റുകള്‍ക്ക് രാജ്യത്തിന്റെ വിവിധ ഇടങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വന്നിരുന്നത്.
"ഇവിടെ നിന്നും പോയ നമ്മുടെ സഹോദരങ്ങള്‍ സ്വന്തം നാട്ടിലേക്ക് തിരിച്ച് വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇപ്പോള്‍ അതിനുള്ള സമയമായി. അവർ അവരുടെ വീടുകളിലേക്ക് മടങ്ങണം. ഞങ്ങള്‍ കശ്മീരി പണ്ഡിറ്റുകളെക്കുറിച്ച് മാത്രമല്ല, ജമ്മുവിലെ ജനങ്ങളെ കുറിച്ചും ചിന്തിക്കുന്നു." ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
തികഞ്ഞ മതേതരത്വം പുലർത്തുന്ന പാർട്ടിയാണ് തന്റേതെന്നും നാഷണല്‍ കോണ്‍ഫറന്‍സിന് ഹിന്ദു-മുസ്ലിം വിവേചനം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കശ്മീരില്‍ എല്ലാവർക്കും അവരുടേതായ ഇടമുണ്ട്. എല്ലാവരോടും ഒരുപോലെ പെരുമാറണം. കശ്മീരി പണ്ഡിറ്റുകള്‍ മടങ്ങിയെത്തി അവരുടെ വീടുകളില്‍ കഴിയുമ്പോള്‍ അവരെ ഇരു കൈകളും നീട്ടി സ്വീകരിക്കും.
കശ്മീരി പണ്ഡിറ്റുകളുടെ മടങ്ങി വരവിനുള്ള എല്ലാ ക്രമീകരമങ്ങളും പദ്ധതികളും നാഷണല്‍ കോണ്‍ഫറന്‍സ് സർക്കാർ ചെയ്യും. എല്ലാവരും അവരോട് നല്ല രീതിയില്‍ പെരുമാറണം. നാഷണല്‍ കോണ്‍ഫറൻസ് സർക്കാർ അവരുടെ ശത്രുവല്ലെന്ന് അവർക്ക് തോന്നണം. നമ്മള്‍ ഇന്ത്യക്കാരാണ്, എല്ലാവരേയും ഒപ്പം കൊണ്ടുപോകാൻ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ഫാറൂഖ് അബ്ദുള്ള കൂട്ടിച്ചേർത്തു.
അതേസമയം, സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദവുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമർ അബ്ദുള്ള കഴിഞ്ഞ ദിവസം ഗവർണറെ കാണുകയും ചെയ്തു. ബുധനാഴ്ചയോടെ പുതിയ സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
90 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യത്തിന് കീഴില്‍ മത്സരിച്ച നാഷണല്‍ കോണ്‍ഫറന്‍സിന് 42 സീറ്റുകളില്‍ വിജയിക്കാന്‍ സാധിച്ചു. സഖ്യത്തിലെ മറ്റ് കക്ഷികളായ കോണ്‍ഗ്രസ് 6 സീറ്റിലും സി പി എം ഒരു സീറ്റിലും വിജയിച്ചു.
തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ നാലോളം സ്വതന്ത്രരും നാഷണല്‍ കോണ്‍ഫറന്‍സിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മറുവശത്ത് ബി ജെ പിക്ക് 29 സീറ്റും പി ഡി പിക്ക് 3 സീറ്റുമാണ് ലഭിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.