ബഹ്റാൻ: ഇസ്രായേലുമായുള്ള സംഘർഷം യുദ്ധത്തിന്റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ ഇറാനിലുണ്ടായ ഭൂകമ്പം സംശയ മുനയിലെന്ന് റിപ്പോർട്ട്..
റിക്ടർ സ്കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ സെംനാൻ പ്രവിശ്യയിലെ അരാദാൻ കൗണ്ടിയിലാണ് പ്രകമ്പനം ഉണ്ടായത്. ഇറാൻ ആണവ പരീക്ഷണം നടത്തിയതിന്റെ സൂചനയാണോ ഈ ഭൂകമ്പം എന്നതാണ് ആശങ്കയാകുന്നത്.എന്നാല്‍, ആണവ ശേഷി പരീക്ഷിക്കുന്നതിന് ഒരു രാജ്യം ഉടനടി പ്രവർത്തനക്ഷമമായ ആണവായുധം സ്വന്തമാക്കുമെന്ന് അർത്ഥമില്ലെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.
12 കിലോ മീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്ന് ടെഹ്‌റാൻ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോഫിസിക്‌സിനെ ഉദ്ധരിച്ച് മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ഇറാന്റെ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല. ഒക്ടോബർ ഒന്നിന് 180 ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രയേലിനു നേരെ ഇറാൻ തൊടുത്തുവിട്ടിരുന്നു.
ഇസ്രായേലിന് നേരെയുള്ള ഏറ്റവും വലിയ നേരിട്ടുള്ള ആക്രമണമായിരുന്നു ഇതെന്നാണ് വിലയിരുത്തല്‍. ഇതിന് മറുപടി നല്‍കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയതോടെ പശ്ചിമേഷ്യ യുദ്ധഭീതിയിലാണ്.
അതേസമയം, ഇസ്രായേല്‍-ഹമാസ് സംഘർഷം ആരംഭിച്ച് ഒരു വർഷം പൂർത്തിയായിരിക്കുകയാണ്. കഴിഞ്ഞ വർഷം ഒക്ടോബർ 7നായിരുന്നു ലോകത്തെ നടുക്കിക്കൊണ്ട് ഇസ്രായേലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം. ഈ ആക്രമണത്തില്‍ 1200ഓളം ഇസ്രായേലികള്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്.
250ലേറെ പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇസ്രായേല്‍ പ്രത്യാക്രമണം തുടങ്ങി. ഒരു വർഷത്തിനിപ്പുറം ഗാസയില്‍ 42,000 പേരാണ് കൊല്ലപ്പെട്ടത്. ഒരു ലക്ഷത്തിലധികം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.