മറയൂർ: തമിഴ്നാട്ടിലേക്ക് കടത്താൻ ശ്രമിച്ച ചന്ദനത്തടികളുമായി നാലുപേർ പിടിയില്‍. കാന്തല്ലൂർ ചുരുക്കുളം ഗ്രാമത്തിലെ കെ.പഴനിസ്വാമി (48), വി. സുരേഷ് (39), പി. ഭഗവതി (48), ടി. രാമകൃഷ്ണൻ (37) എന്നിവരെയാണ് 19 കിലോ ചന്ദനത്തടികളുമായി പിടികൂടിയത്.
പ്രതികളെ പിടികൂടാനുള്ള ശ്രമത്തിനിടെ രണ്ട് വാച്ചർമാർക്ക് പരിക്കേറ്റു. ചട്ടമൂന്നാർ സ്വദേശി മുനിയാണ്ടി (35), പള്ളനാട് സ്വദേശി പ്രദീപ് (33) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഉദുമല്‍പേട്ടയിലെ ലോബികള്‍ക്ക് ചന്ദനം എത്തിച്ചുനല്‍കുന്ന സംഘമാണ് പിടിയിലായതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മറയൂർ ഡി.എഫ്.ഒ പി.ജെ. സുഹൈബിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മറയൂർ റേഞ്ച് ഓഫിസർ അബ്ജു കെ. അരുണിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
ചന്ദനത്തടികള്‍ 2024 സെപ്റ്റംബർ 19ന് മറയൂർ പുളിക്കരവയല്‍ വനമേഖലയില്‍നിന്ന് മുറിച്ചുകടത്തിയതാണെന്ന് പ്രതികള്‍ മൊഴി നല്‍കി. മറയൂർ-ഉദുമല്‍പേട്ട അന്തർസംസ്ഥാന പാതയില്‍ കരിമൂട്ടി ചില്ലിയോട ഭാഗത്തുനിന്ന് തമിഴ്നാട്ടിലേക്കുള്ള ബസില്‍ ചന്ദനം കടത്താൻ നില്‍ക്കുമ്പോഴാണ് പ്രതികളെ പിടികൂടിയത്.
പഴനിസ്വാമി മുമ്പും ചന്ദനക്കേസുകളില്‍ പ്രതിയാണ്. ഭഗവതിയും സുരേഷും വനമേഖലയില്‍നിന്ന് ഉണങ്ങിയും മറിഞ്ഞുവീഴുന്നതുമായ ചന്ദനത്തടികള്‍ ശേഖരിക്കാൻ വനം വകുപ്പില്‍ ജോലി ചെയ്തിരുന്നവരാണ്.ഒരുകിലോ ചന്ദനത്തിന് 900 രൂപ ലഭിക്കുമെന്ന് പ്രതികള്‍ മൊഴിനല്‍കി. മറയൂർ റേഞ്ച് ഓഫിസർ അബ്ജു കെ. അരുണ്‍, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ വി. ഷിബുകുമാർ, ശങ്കരൻ ഗിരി, ബീറ്റ് ഓഫിസർമാരായ ബി.ആർ. രാഹുല്‍,
അഖില്‍ അരവിന്ദ്, എസ്.പി. വിഷ്ണു, വിഷ്ണു കെ. ചന്ദ്രൻ, സജിമോൻ, താല്‍ക്കാലിക വാച്ചർമാരായ മുനിയാണ്ടി, പ്രദീപ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. കൂടുതല്‍ പ്രതികള്‍ ഉള്ളതായും അന്വേഷണം ഊർജിതമാക്കിയതായും മറയൂർ റേഞ്ച് ഓഫിസർ അബ്ജു കെ. അരുണ്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.