അഹമ്മദാബാദ്: 22 വർഷം കാത്തിരുന്ന് അച്ഛനെ കൊന്നയാളെ കൊലപ്പെടുത്തി മകൻ. അഹമ്മദാബാദിലെ ബൊഡക്‌ദേവിലാണ് സംഭവം നടന്നത്.
30 വയസ്സുള്ള യുവാവാണ് തൻ്റെ പിതാവിൻ്റെ കൊലപാതകിയെ പിതാവിനെ കൊന്ന അതേ രീതിയില്‍ കൊലപ്പെടുത്തിയത്.പ്രതിക്ക് വെറും എട്ട് വയസ് മാത്രം പ്രായപ്പോഴാണ് പിതാവ് കൊല്ലപ്പെടുന്നത്. അന്നുമുതല്‍ പിതാവിനെ കൊലപ്പെടുത്തിയയാളെ കൊലപ്പെടുത്താൻ ഒരു അവസരം കാത്തിരിക്കുകയായിരുന്നത്രെ ഇയാള്‍.
രാജസ്ഥാനിലെ ജയ്‌സാല്‍മീർ സ്വദേശിയും തല്‍തേജ് നിവാസിയുമായ നഖത്ത് സിംഗ് ഭാട്ടിയാണ് (50) ചൊവ്വാഴ്ച ഉച്ചയ്ക്ക് സൈക്കിളില്‍ സഞ്ചരിക്കുമ്പോള്‍ പിക്കപ്പ് ട്രക്ക് ഇടിച്ച് മരിച്ചത്. ആദ്യം എല്ലാവരും കരുതിയിരുന്നത് ഇത് ഒരു സാധാരണ അപകടമരണമാണ് എന്നാണ്.
എന്നാല്‍, പിന്നീടുള്ള അന്വേഷണത്തിലാണ് ഇതൊരു കൊലപാതകമാണ് എന്ന് മനസിലാവുന്നത്. 22 വർഷത്തെ പദ്ധതിയാണ് ഈ കൊലപാതകത്തിന് പിന്നിലെന്നും റിപ്പോർട്ടുകള്‍ പറയുന്നു. ഒടുവില്‍ ഇയാളെ കൊലപ്പെടുത്തിയ കേസില്‍ ഗോപാല്‍ സിംഗ് ഭാട്ടി എന്ന 30 കാരൻ അറസ്റ്റിലാവുകയായിരുന്നു.
2002 -ല്‍ ഗോപാലിൻ്റെ പിതാവ് ഹരി സിംഗ് ഭാട്ടി ജയ്‌സാല്‍മീറില്‍ വച്ച് ട്രക്ക് ഇടിച്ചാണ് മരിച്ചത്. ഈ കേസില്‍ നഖത്തും നാല് സഹോദരന്മാരും ശിക്ഷിക്കപ്പെട്ടു. ഇവർക്ക് ഏഴ് വർഷത്തെ തടവാണ് ശിക്ഷ വിധിച്ചത്.
അത് കഴിഞ്ഞപ്പോള്‍ എല്ലാവരും ജയിലില്‍ നിന്നും ഇറങ്ങുകയും ചെയ്തു. എന്നാല്‍, പിതാവ് കൊല്ലപ്പെടുമ്പോള്‍ എട്ട് വയസ് മാത്രം പ്രായമുണ്ടായിരുന്ന ഗോപാല്‍, നഖത്തിനെ കൊല്ലാൻ ഒരു അവസരം കാത്ത് നില്‍ക്കുകയായിരുന്നത്രെ.
തല്‍തേജിലെ ഒരു റെസിഡൻഷ്യല്‍ കോളനിയില്‍ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്നു നഖത്ത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് സൈക്കിളില്‍ പോകുന്നതിനിടെയാണ് ഗോപാല്‍ പിക്കപ്പ് ട്രക്ക് ഉപയോഗിച്ച് ഇയാളെ ഇടിച്ചുവീഴ്ത്തുന്നത്. പിന്നാലെ പിക്കപ്പ് ട്രക്ക് നഖത്തിന്റെ ദേഹത്തുകൂടി കയറ്റിയിറക്കുകയും ചെയ്ത ശേഷം അവിടെ നിന്നും രക്ഷപ്പെടാനും ഗോപാല്‍ ശ്രമിച്ചിരുന്നു.
എന്നാല്‍, അധികം ദൂരെയല്ലാത്ത ഒരിടത്ത് നിന്നും ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. അശ്രദ്ധമായി വാഹനമോടിച്ചതായിരുന്നു കേസ്. എന്നാല്‍, ചോദ്യം ചെയ്യലിലാണ് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെട്ടത്.
കൊലപാതകം നടക്കുന്നതിന് ഒരാഴ്ച മുമ്പാണ് ഒരു ഗ്രാമത്തില്‍ നിന്നും ഗോപാല്‍ ട്രക്ക് വാങ്ങിയത്. ഗോപാലിന്റെ മൊബൈലില്‍ നിന്നും കൊലപാതകം പ്ലാൻ ചെയ്ത് നടപ്പിലാക്കിയതിന്റെ തെളിവുകളും കണ്ടെത്തി.
ഗോപാലിന്റെയും നഖത്തിന്റെയും ഗ്രാമങ്ങളില്‍ നിന്നുള്ളവർ കുറേ കാലങ്ങളായി പകയിലും ശത്രുതയിലും തുടരുന്നവരാണ്. പലവട്ടം രണ്ട് ഗ്രാമങ്ങളിലുള്ളവരേയും വിളിച്ച് അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം എന്നാണ് പൊലീസ് പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.