കൊച്ചി: എറണാകുളം കളമശേരിയില്‍ എസ്ബിഐ വീട് ജപ്തി ചെയ്ത വിഷയത്തില്‍ ഇടപെടലുമായി മന്ത്രി പി രാജീവ്. കളമശേരിയിലെ ജപ്തിയില്‍ സമവായ നീക്കത്തിനാണ് മന്ത്രി ശ്രമിക്കുന്നത്.
മന്ത്രി ബാങ്ക് അധികൃതരെ ബന്ധപ്പെട്ടു കഴിഞ്ഞു. 50 ലക്ഷത്തിലധികമുള്ള വായ്പ 40 ലക്ഷം രൂപയായി ഒറ്റ തവണയായി അടയ്ക്കുന്നതിനുള്ള ധാരണയിലേക്കാണ് എത്തുന്നത്. 3 മാസത്തിനകം അടക്കണമെന്നാണ് നിർദേശം. എന്നാല്‍ അജയനും കുടുംബവും 6 മാസം സമയം ആവശ്യപ്പെട്ടു.നിലവില്‍ ചർച്ചകള്‍ തുടരുകയാണ്. വിഷയത്തില്‍ ജില്ലാ ഭരണകൂടത്തോട് മന്ത്രി റിപ്പോർട്ട് തേടിയിരുന്നു. ആളില്ലാത്ത സമയത്തെത്തിയാണ് ബാങ്ക് ഉദ്യോഗസ്ഥർ വീട് ജപ്തി ചെയ്തത്. ഇതോടെ കുടുംബം പെരുവഴിയിലായി.
കൊവിഡില്‍ വിദേശത്ത് നിന്ന് മടങ്ങി വന്ന പ്രവാസിയായ അജയന്റെ കുടുംബമാണ് പ്രതിസന്ധിയിലായത്. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അധികൃതർ വീട്ടിലെത്തി ജപ്തി ചെയ്ത് പോകുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു.
വീട്ടില്‍ ആളില്ലാത്തതിനാല്‍ വീട് കുത്തിത്തുറന്നാണ് എസ്ബിഐ അധികൃതർ വീടിനുളളില്‍ കയറിയത്. രാവിലെ ജോലിക്ക് പോയ ഭാര്യയും ഭർത്താവും പഠിക്കുന്ന മക്കളും തിരികെയെത്തിയപ്പോഴാണ് ഗേറ്റടക്കം ബാങ്ക് പൂട്ടിയിരിക്കുന്നത് കണ്ടത്.
വസ്ത്രങ്ങളടക്കം എല്ലാ സാധനങ്ങളും വീടിനുളളിലാണുളളത്. പൂട്ടിയ വീടിനുളളില്‍ കയറാനാകാതെ പുറത്ത് നില്‍ക്കുകയായിരുന്നു അജയനും ഭാര്യയും കുട്ടികളും.
എസ്ബിഐയുടെ എംജി റോഡ് ശാഖയില്‍ നിന്ന് 2014 ലാണ് അജയൻ 27 ലക്ഷം ലോണ്‍ എടുത്തത്. ബെഹ്റിനില്‍ ജോലി ചെയ്യവേ 14 ലക്ഷം തിരിച്ചു അടച്ചു. പ്രവാസിയായിരുന്ന അജയന് കൊവിഡില്‍ ഗള്‍ഫിലെ ജോലി നഷ്ടം ആയി. പിന്നീട് നാട്ടിലേക്ക് മടങ്ങി. ഈ സമയത്ത് ലോണ്‍ തിരിച്ചടവ് മുടങ്ങി.
വീട് വിറ്റെങ്കിലും പണം തിരിച്ചടക്കാമെന്ന് കരുതിയതായിരുന്നുവെന്നും സാവകാശം ചോദിച്ചിരുന്നുവെന്നും കുടുംബം പറയുന്നു. 33 ലക്ഷം നല്കി ഒറ്റത്തവണ തീർപ്പാക്കലിന് ബാങ്കിനോട് അനുമതി തേടിയിരുന്നു. വീടിന് സമീപത്തെ ക്ഷേത്ര കമ്മിറ്റി കൂടി ഇടപെട്ടായിരുന്നു ഈ നീക്കം.
ബാങ്ക് അധികൃതർ ഉറപ്പ് നല്‍കിയത് അനുസരിച്ച് 5 ലക്ഷം അടച്ചു. എന്നാല്‍ ഒരു മാസത്തിന് ശേഷം 33 ലക്ഷം നല്‍കിയുളള ഒറ്റത്തവണ തീർപ്പാക്കലിന് പറ്റില്ലെന്നും മുഴുവൻ തുകയും അടക്കണമെന്നും ബാങ്ക് ഉദ്യോഗസ്ഥർ പറയുകയായിരുന്നു. 50 ലക്ഷം അടക്കാനാണ് പറയുന്നത്. വീട് വിറ്റാല്‍ പോലും ഇത്രയും പണം കിട്ടില്ലെന്നും കുടുംബം പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.