ഒരുകാലത്ത് വനംകൊള്ള എന്നതിന്റെ പര്യായമായിരുന്നു വീരപ്പൻ. സത്യമംഗലം കാടുകളെ വിറപ്പിച്ച വീരപ്പൻ കർണാടക, തമിഴ്‌നാട് സർക്കാരുകൾക്ക് തീരാത്തലവേദനയായിരുന്നു. രാജ്യത്തിന്റെ ചരിത്രത്തിൽ ഒരു കൊള്ളക്കാരനെ പിടികൂടാനായി ഏറ്റവും കൂടുതൽ പണം മുടക്കിയത് വീരപ്പന്‌റെ കാര്യത്തിലാണ്.
ഈ ഒക്ടോബറിൽ വീരപ്പൻ കൊല്ലപ്പെട്ടിട്ട് 20 വർഷം തികയുകയാണ്.1952ൽ കർണാടക കൊല്ലേഗലയിലെ ഗോപിനാഥം എന്ന ഗ്രാമത്തിൽ തമിഴ്കുടുംബത്തിലാണു മുനിസാമി വീരപ്പൻ ജനിച്ചത്. വീരപ്പന്റെ അമ്മാവനായ സാൽവൈ ഗൗണ്ടർ വനംവേട്ടക്കാരനും ചന്ദനത്തടി കടത്തുകാരനുമായിരുന്നു. അമ്മാവന്റെ സഹായിയായി വീരപ്പനും വനംകൊള്ളയിലേക്കു തിരിഞ്ഞു.ആദ്യകാലത്ത് ചന്ദനത്തടിയും ആനക്കൊമ്പുമായിരുന്നു വീരപ്പൻ പ്രധാനമായും കൊള്ളയടിച്ചത്. പത്താം വയസ്സിൽ തന്നെ തന്റെ ജീവിതത്തിലെ ആദ്യ ആനവേട്ട വീരപ്പൻ നടത്തി. ഗോപിനാഥത്ത് ഒരു കൊമ്പനാനയെ വെടിവച്ചിട്ട് കൊമ്പെടുത്തതായിരുന്നു ആ സംഭവം.പിന്നീട് അമ്മാവന്റെ സംഘത്തിൽ നിന്നു തെറ്റിപ്പിരിഞ്ഞ് വനത്തിൽ സ്വന്തമായി കൊള്ള തുടങ്ങി.
പിന്നീടുള്ള കാൽനൂറ്റാണ്ടുകാലം കൊണ്ട് 2000-3000 ആനകളെ വീരപ്പൻ കൊലപ്പെടുത്തിയെന്ന് അധികൃതർ സാക്ഷ്യപ്പെടുത്തുന്നു. 65000 കിലോ ചന്ദനവും കടത്തി. 150 കോടിയോളം വരും ഇന്നതിന്റെ മൂല്യം. തന്റെ പ്രവർത്തനങ്ങൾക്കു തടസ്സം നിന്നവരെയും എതിരായി നിന്നവരെയും ഒറ്റിയവരെയും കൊന്നൊടുക്കാൻ വീരപ്പനു മടിയുണ്ടായിരുന്നില്ല.
കാട്ടിൽ ശബ്ദമില്ലാതെ എങ്ങനെ സഞ്ചരിക്കാമെന്ന് വീരപ്പന് അറിയാം. കാട്ടിലെ ഓരോ ജീവിയുടെയും ശബ്ദം അനുകരിക്കാൻ അദ്ദേഹം മിടുക്കനായിരുന്നു. 1987ൽ കാട്ടിലെ തന്റെ പ്രവർത്തനത്തിന് തടസ്സമായി നിന്ന സത്യമംഗലം വനത്തിലെ ഫോറസ്റ്റ് ഓഫിസറായ ചിദംബരത്തെ വീരപ്പൻ കൊലപ്പെടുത്തി. പിന്നീട് ഉന്നത ഐഎഫ്എസ് ഓഫിസറായ പാണ്ഡ്യപ്പള്ളി ശ്രീനിവാസിനെയും കൊലപ്പെടുത്തി വീരപ്പൻ തമിഴ്നാട്– കർണാടക സർക്കാരിനെ വെല്ലുവിളിക്കുകയായിരുന്നു.
2000 ജൂലൈ 30നു കന്നഡ സിനിമയിലെ ഇതിഹാസതാരം രാജ്കുമാറിനെ തമിഴ്‌നാട്-കർണാടക അതിർത്തിയിലുള്ള ഗജനൂരിൽ നിന്നു തട്ടിക്കൊണ്ടുപോയി. വലിയ തോതിലുള്ള പ്രതിഷേധങ്ങൾക്കും കലാപങ്ങൾക്കും സംഭവം വഴിയൊരുക്കുകയും കർണാടക തമിഴ്‌നാടിന്റെ അടിയന്തര സഹായം തേടുകയും ചെയ്തു. 2002ൽ എച്ച്. നാഗപ്പ എന്ന കന്നഡ മുൻമന്ത്രിയെ വീരപ്പൻ തട്ടിക്കൊണ്ടുപോകുകയും അദ്ദേഹം പിന്നീട് വനത്തിൽ മരിച്ച നിലയിൽ കാണപ്പെടുകയും ചെയ്തു.
തുടർന്നാണ് വീരപ്പനെ പിടികൂടാനുള്ള ഓപ്പറേഷൻ കൊക്കൂൺ ദൗത്യം ശക്തി പ്രാപിച്ചത്. സ്‌പെഷൽ ടാസ്‌ക് ഫോഴ്‌സിന്‌റെ മേധാവിയും മലയാളിയുമായ ഐപിഎസ് ഓഫിസർ കെ.വിജയ്കുമാർ ഉൾപ്പെടെ ദൗത്യത്തിനു നേതൃത്വം നൽകി. 2004 ക്ടോബർ 18. വീരപ്പൻ കാടുവിട്ടിറങ്ങി ആശുപത്രിയിൽ പോകാൻ ആഗ്രഹിച്ചിരുന്നു. ചില്ലറ ആരോഗ്യപ്രശ്‌നങ്ങൾ അലട്ടുന്നതായിരുന്നു കാരണം. ഈ അവസരം ഉപയോഗിക്കാൻ ദൗത്യസംഘം തീരുമാനിച്ചു. പൊലീസ് സംഘത്തിൽ നിന്നുള്ള ചിലർ വീരപ്പന്റെ സംഘത്തിൽ കടന്നുകയറിയിട്ടുണ്ടായിരുന്നു.
തമിഴ്‌നാട്ടിലെ ധർമപുരിയിലുള്ള പാപിരപ്പട്ടി ഗ്രാമത്തിലുള്ള ആംബുലൻസിലേക്ക് ആശുപത്രിയിൽ പോകാനായി വീരപ്പൻ വന്നു കയറി. എന്നാൽ 35 അംഗപൊലീസ് സേനയും മറ്റ് സുരക്ഷാസൈനികരും ഗ്രാമത്തിൽ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. ഇതിനിടെ വീരപ്പനെയും സംഘത്തെയും ദൗത്യസംഘം വളഞ്ഞു.
കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും വീരപ്പനും കൂട്ടാളികളും അതിനൊരുക്കമായിരുന്നില്ല. പൊലീസിനു നേർക്ക് ഇവർ വെടിയുതിർത്തതോടെ തിരിച്ചും വെടിവയ്പുണ്ടായി. വീരപ്പനു ശരീരത്തിൽ മൂന്നിടത്തു വെടിയേറ്റു. താമസിയാതെ മരിക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.