കൊച്ചി: ബെംഗളൂരുവിൽ മൂന്നരക്കോടി രൂപ വിലവരുന്ന ഹൈഡ്രോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രധാന പ്രതിയെ നെടുമ്പാശേരിയിൽ പിടികൂടി. കാസർകോട് ലൈറ്റ് ഹൗസ് ലൈനിൽ മുഹമ്മദ് മെഹ്റൂഫി(36)നെയാണ് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽനിന്നു പിടികൂടിയത്.
സെപ്റ്റംബർ 27ന് മൂന്നരക്കിലോയോളം ഹൈഡ്രോ കഞ്ചാവ് ബെംഗളൂരു വിമാനത്താവളത്തിൽ പിടികൂടിയിരുന്നു. ഇതിലെ പ്രധാന കണ്ണിയാണ് മെഹ്റൂഫ് എന്നു പൊലീസ് പറയുന്നു. ഇയാൾ കേരളം വഴി വിദേശത്തേക്കു രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് കൂർഗ് എസ്പി കെ.രാമരാജൻ എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവിയെ അറിയിച്ചിരുന്നു.തുടർന്ന് പ്രത്യേക ടീമിനെ നെടുമ്പാശേരിയിലും പരിസരത്തും നിയോഗിച്ചു. പ്രതി ബാങ്കോക്കിലേക്കു കടക്കാനെത്തിയപ്പോൾ ഇയാളെ പിടികൂടി മടിക്കേരി പൊലീസിനു കൈമാറുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാളുടെ ആറു കൂട്ടാളികളെയും കുടകിൽ വച്ച് അറസ്റ്റു ചെയ്തതായി സൂചനയുണ്ട്. ശീതീകരിച്ച മുറിയിൽ കൃത്രിമ വെളിച്ചത്തിൽ വളർത്തുന്ന ഉഗ്രശേഷിയുള്ള ലഹരി വസ്തുവാണ് ഹൈഡ്രോ കഞ്ചാവ്.
അത്യന്തം അപകടകാരിയാണിത്. കിലോയ്ക്ക് ഒരു കോടിയിൽ ഏറെയാണ് ഇതിന്റെ വില. അടുത്തിടെ, നെടുമ്പാശേരി വിമാനത്താവളത്തിൽ ബാങ്കോക്കിൽനിന്നു രണ്ടു കോടിയിലേറെ രൂപയുടെ കഞ്ചാവ് കടത്തി കൊണ്ടു വന്ന യുവാവിനെ പിടികൂടിയിരുന്നു. തിരുവനന്തപുരം സ്വദേശി വൈശാഖ് മോഹനനാണ് അന്ന് കസ്റ്റംസിന്റെ പിടിയിലായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.