തിരുവനന്തപുരം: പ്രമുഖ ജൂവലറിയിൽനിന്ന് രണ്ടുകോടിയോളം രൂപയുടെ സ്വർണം വാങ്ങിയ ശേഷം ചെക്ക് നൽകി കബളിപ്പിച്ച് മുങ്ങിയ ദമ്പതിമാർ അറസ്റ്റിൽ.
ഹരിപ്പാട് പിലാപ്പുഴ കൃഷ്ണകൃപയിൽ ശർമിള രാജീവ്(40), ഭർത്താവ് എറണാകുളം നെടുമ്പാശ്ശേരി പുതുവാശ്ശേരി സ്വദേശി ടി.പി.രാജീവ്(42) എന്നിവരെയാണ് വഞ്ചിയൂർ പോലീസ് അറസ്റ്റുചെയ്തത്. തലസ്ഥാനത്തെ പ്രമുഖ ജൂവലറി ഗ്രൂപ്പിന്റെ ശാഖയിലാണിവർ തട്ടിപ്പു നടത്തിയത്.സെപ്‌റ്റംബർ 17-ന് ജൂവലറിയുടെ പുളിമൂട്ടിലുള്ള ശാഖയിലെത്തിയ പ്രതികൾ, 1,84,97,100 രൂപയുടെ ആഭരണങ്ങൾ വാങ്ങി.വിവിധ ഡിസൈനുകളിലുള്ള മാലകളും വളകളും വാങ്ങിയ ശേഷം ഫെഡറൽ ബാങ്കിന്റെ തൃപ്പൂണിത്തുറ ബ്രാഞ്ചിന്റെ ചെക്ക് നൽകി. പിന്നീട് ഇവർ ജൂവലറിയിൽ വിളിച്ച് ചെക്ക് ഉടനേ ബാങ്കിൽ കൊടുക്കരുതെന്ന് ആവശ്യപ്പെടുകയും പല കാരണങ്ങൾ പറഞ്ഞ് ചെക്ക് കൊടുക്കുന്നതു വൈകിപ്പിക്കുകയും ചെയ്തു.
ഒരാഴ്ചയ്ക്കു ശേഷം ഇവരെ ഫോണിൽ കിട്ടാതായി. തുടർന്ന് ജൂവലറി ഉടമ ചെക്ക് ബാങ്കിൽ നൽകിയപ്പോഴാണ് ‘സ്റ്റോപ്പ് പെയ്‌മെന്റ്’ ആയതിനാൽ പണം ലഭിക്കില്ലെന്ന് ബാങ്കിൽനിന്ന് അറിഞ്ഞത്. തുടർന്ന് വഞ്ചിയൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.
കൊച്ചി തൃപ്പൂണിത്തുറയിലെ ഫ്ളാറ്റിൽ താമസിച്ചിരുന്ന പ്രതികൾ ഇതിനിടെ മുങ്ങിയിരുന്നു. ഒളിവിൽപ്പോയ ഇവരെ വഞ്ചിയൂർ പോലീസ് തമിഴ്‌നാട്ടിലെ കുംഭകോണത്തുനിന്നാണ് പിടികൂടിയത്. ഇവർ മുൻപും സമാനമായ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.വഞ്ചിയൂർ എസ്.ഐ. അലക്സിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തമിഴ്‌നാട്ടിലെത്തി ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.