കോഴിക്കോട്: എടിഎമ്മിൽ നിറയ്ക്കാനായി കൊണ്ടുവന്ന പണം കൊയിലാണ്ടി കാട്ടിൽപീടികയിൽവച്ച് തട്ടിയെടുത്ത കേസിൽ പ്രതികൾ നടത്തിയത് വലിയ ഗൂഢാലോചനയെന്ന് പൊലീസ്. പിടിക്കപ്പെടില്ല എന്ന ആത്മവിശ്വാസത്തിലായിരുന്നു പ്രതികളെന്നും റൂറൽ എസ്പി പി.നിധിൻ രാജ് പറഞ്ഞു.
എടിഎമ്മിൽ നിക്ഷേപിക്കാൻ പണവുമായി കാറിൽ പോയ തന്നെ ആക്രമിച്ച് 25 ലക്ഷം കവർന്നെന്നു കഴിഞ്ഞ ദിവസം പരാതിപ്പെട്ട സ്വകാര്യ ഏജൻസി ജീവനക്കാരൻ തിക്കോടി സുഹാന മൻസിലിൽ സുഹൈൽ, സുഹൃത്തുക്കളായ താഹ, യാസിർ എന്നിവരാണ് പിടിയിലുള്ളത്. ഇതിൽ സുഹൈലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. സുഹൈലാണ് മോഷണത്തിന്റെ ആസൂത്രകനെന്നാണ് പൊലീസ് പറയുന്നത്.മറ്റ് രണ്ടു പേരെ ചോദ്യം ചെയ്യുകയാണ്. 37 ലക്ഷം രൂപ താഹയിൽ നിന്ന് കണ്ടെത്തി. ബാക്കി പണത്തെക്കുറിച്ച് അന്വേഷിക്കുകയാണ്. എടിഎമ്മിൽ നിറയ്ക്കാനായി ശനിയാഴ്ച വിവിധ ബാങ്കുകളിൽ നിന്നായി 62 ലക്ഷം രൂപയാണ് പിൻവലിച്ചത്. നേരത്തേ കയ്യിൽ ഉണ്ടായിരുന്നതടക്കം 72 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്.
സംഭവത്തിൽ കൂടുതൽ പേരുണ്ടോ എന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പ്രതികൾ വലിയ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നാണ് വിവരം. ഇവരുടെ സാമ്പത്തിക ബാധ്യതകളെക്കുറിച്ച് അന്വേഷിച്ചു വരികയാണ്. മുൻപ് ഇവരുടെ പേരിൽ കേസുണ്ടായിരുന്നതായി അറിവില്ല. അന്വേഷണം നടക്കുകയാണ്. തെറ്റായ പരാതി നൽകൽ, പണം തട്ടൽ തുടങ്ങി നിരവധി കുറ്റങ്ങൾ ചുമത്തിയാണ് സുഹൈലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
സുഹൈലിനെ കാറിൽ കണ്ടെത്തിയവരുടെ മൊഴി വിശദമായി രേഖപ്പെടുത്തി. സിസിടിവി ക്യാമറകളും പരിശോധിച്ചു. ഇതോടെയാണ് തട്ടിപ്പാണെന്ന് വ്യക്തമായത്. ആദ്യം തന്നെ സുഹൈലിനെ സംശയം തോന്നിയതിനാൽ ഏറെ കരുതലോടെയാണ് പൊലീസ് നീങ്ങിയത്. പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് എടിഎം ഏജൻസി പരാതി നൽകിയിട്ടുണ്ട്.ദീർഘകാലമായി നടത്തിയ ഗൂഢാലോചനയുടെയും തിരക്കഥയുടെയും ഭാഗമായാണ് തട്ടിപ്പ് നടത്തിയതെന്നും എസ്പി പറഞ്ഞു. ബോധം കെടുത്തിയ ശേഷം പണം തട്ടിയെടുത്തു എന്നായിരുന്നു സുഹൈലിന്റെ പരാതി. ശനിയാഴ്ച ഉച്ചതിരിഞ്ഞ് കാട്ടിൽപീടികയിലാണ് സംഭവം. നാട്ടുകാരാണ് സുഹൈലിനെ കാറിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.