ദുബായ് :യുഎസ് ഡോളറുമായി ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞതോടെ ദിർഹവുമായും മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തി. 0.1 ശതമാനം ഇടിഞ്ഞ് രൂപയുടെ മൂല്യം ഒരു ഡോളറിന് 84.0975 രൂപയായി താഴ്ന്നു.
കഴിഞ്ഞ സെപ്റ്റംബർ 12ന് 83 രൂപ 98 പൈസയിലേക്ക് രൂപയുടെ മൂല്യം താഴ്ന്നിരുന്നു. ആ റെക്കോർഡാണ് ഇപ്പോള്‍ രൂപ മറികടന്നത്. ദിർഹവുമായുളള വിനിമയ നിരക്കിലും ഇടിവുണ്ടായി. വെളളിയാഴ്ച ഒരു ദിർഹത്തിന് 22 രൂപ 90 പൈസയിലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞു. കാരണങ്ങള്‍ നിരവധി പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ഉള്‍പ്പടെയുളള നിരവധി കാരണങ്ങളാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിവിന് പിന്നിൽ.
വരും ദിവസങ്ങളിലും രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടല്‍. യുഎസ് ഡോളർ ശക്തിപ്പെടുന്നതാണ് ഇന്ത്യന്‍ രൂപയ്ക്ക് തിരിച്ചടിയാകുന്നതെന്ന് സാമ്പത്തിക കാര്യവിദഗ്ധന്‍ അബ്ദുള്‍ അസീസ് വിലയിരുത്തുന്നു. ഡോളർ ശക്തിപ്പെടുന്നതിന് നിരവധി കാരണങ്ങളുണ്ട്. പലിശനിരക്ക് ഉയർത്തിയതോടെ വിദേശ വിപണിയില്‍ നിന്ന് യുഎസ് വിപണിയിലേക്ക് പണം ഒഴുകുന്നു.കഴിഞ്ഞ ഒരാഴ്ച ഇന്ത്യന്‍ ഓഹരി വിപണിയില്‍ കണ്ട പ്രവണതയെന്തെന്നാല്‍ ഫോറിന്‍ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ഇന്‍വസ്റ്റേഴ്സ് സ്റ്റോക്ക് വില്‍പന നടത്തുകയാണ്. അതുകൊണ്ടുതന്നെ ഡോളറിന് ആവശ്യകത വർധിച്ചു. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ബ്രെന്‍ഡ് ക്രൂഡ് വിലയിലും ഉയർച്ച രേഖപ്പെടുത്തുന്നു. ക്രൂഡ് ഓയിൽ വില ഒരിടവേളയ്ക്കു ശേഷം ബാരലിന് 83-85 ഡോളറിലേക്ക് എത്തി. എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.
ഡോളറിലാണ് രാജ്യാന്തര ക്രൂഡ് ഓയില്‍ വില്‍പന നടക്കുന്നത്. ഓയില്‍ വാങ്ങാനായി ഇന്ത്യന്‍ രൂപ ഡോളറിലേക്ക് മാറ്റണം. വില കൂടിയതോടെ ഓയില്‍ വാങ്ങുന്നതിനായി കൂടുതല്‍ ഡോളർ ആവശ്യമായി വരുന്നു. ആവശ്യകത കൂടിയതോടെ ഡോളറിന്റെ വിലയും വർധിച്ചു. ചൈന വിപണിയിലെ മാറ്റമാണ് മറ്റൊരു കാരണം. കോവിഡിന് ശേഷം ഇടിഞ്ഞ റിയല്‍ എസ്റ്റേറ്റ് വിപണിയെ ഉത്തേജിപ്പിക്കാന്‍ ചൈനീസ് ഭരണകൂടം അടുത്തിടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ചൈന വിപണി ആകർഷകമായി.
വിദേശ നിക്ഷേപകർ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് പണം പിന്‍വലിച്ച് ചൈനീസ് വിപണിയിലേക്ക് മാറുന്നതും രൂപയുടെ മൂല്യമിടിവിന് കാരണമായെന്നും അബ്ദുള്‍ അസീസ് വിലയിരുത്തുന്നു. ആഗോളതലത്തില്‍ പ്രതിസന്ധികളുണ്ടാകുമ്പോള്‍ സുരക്ഷിത കറന്‍സിയെന്ന രീതിയില്‍ ഡോളറിലേക്ക് മാറുന്നതും ഇന്ത്യന്‍ രൂപയെപ്പോലുളള കറന്‍സികള്‍ക്ക് തിരിച്ചടിയാകുന്നുവെന്നും അദ്ദേഹം പറയുന്നു. ഇനിയും ഇടിയുമോ? ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ഇനിയും ഇടിവുണ്ടായേക്കുമെന്നാണ് അബ്ദുള്‍ അസീസിന്‍റെ കണക്കുകൂട്ടല്‍ ഒക്ടോബറില്‍ ഡോളറിനെതിരെ 85 ന് മുകളിലേക്ക് രൂപ താഴ്ന്നേക്കും.
85.60 വരെയെത്തിയാലും അത്ഭുതപ്പെടേണ്ടതില്ലെന്നും അദ്ദേഹം വിലയിരുത്തുന്നു. ദിർഹവുമായും ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞിട്ടുണ്ട്. വെളളിയാഴ്ച ഒരു ദിർഹത്തിന് 22 രൂപ 91 എന്ന രീതിയിലാണ് വിനിമയനിരക്ക്. അതേസമയം വിവിധ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങള്‍ ഒരു ദിർഹത്തിന് 22 രൂപ 83 പൈസവരെ നല്‍കുന്നുണ്ട്.നാട്ടിലേക്ക് പണം അയക്കാനിരിക്കുന്നവർക്ക് ഇന്ത്യന്‍ രൂപയുടെ മൂല്യമിടിവ് ഗുണമാണ്. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ഇനിയും ഇടിവുണ്ടായേക്കുമെന്നാണ് സാമ്പത്തിക രംഗം നല്‍കുന്ന സൂചന. രൂപയുടെ മൂല്യം പിടിച്ചുനിർത്താന്‍ റിസർവ് ബാങ്ക് എടുക്കുന്ന നടപടികളും നിർണായകമാകും.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.