യുകെ:സിക്ക് പേ, സമരങ്ങളുമായി ബന്ധപ്പെട നിയമങ്ങള്‍, ലൈംഗിക പീഢനത്തില്‍ നിന്നുള്ള സംരക്ഷണം എന്നിവയുമൊക്കെ ആയി ബന്ധപ്പെട്ട നിയമങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരും.
ഇതെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പുതിയ ബില്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു. വ്യാഴാഴ്ച പ്രസിദ്ധപ്പെടുത്തിയ എംപ്ലോയ്മെന്റ് ബില്‍ തൊഴിലാളികളും യൂണിയനുകളും ഏറെ നാളായി കാത്തിരുന്ന ഒന്നാണ്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തന്നെ തൊഴിലാളി അവകാശങ്ങളുടെ സംരക്ഷണത്തിനായി പുതിയ നിയമം കൊണ്ടുവരുന്ന കാര്യം ലേബര്‍ പാര്‍ട്ടി വാഗ്ദാനം നല്‍കിയിരുന്നതാണ്.പുതിയ ബില്ലിലെ വ്യവസ്ഥകള്‍ നഴ്സുമാര്‍, മിഡ്വൈഫുമാര്‍, മറ്റ് ആരോഗ്യ സംരക്ഷണ തൊഴിലാളികള്‍ എന്നിവരുടെ പശ്ചാത്തലത്തില്‍ പരിശോധിച്ചാല്‍ ഏറെ പ്രയോജനകരമാണ്. നിലവില്‍ നിയമപ്രകാരമുള്ള സിക്ക് പേ ലഭിക്കാന്‍ മൂന്ന് ദിവസത്തെ വെയ്റ്റിംഗ് പിരീഡ് ഉണ്ട്. മാത്രമല്ല, ആഴ്ചയില്‍ കുറഞ്ഞത് 123 പൗണ്ടെങ്കിലും വേതനമുണ്ടായിരിക്കുകയും വേണം. ഇപ്പോള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരിക്കുന്ന ബില്‍, അതെ രൂപത്തില്‍ നിയമമായാല്‍ ഈ രണ്ട് വ്യവസ്ഥകളും ഉണ്ടാവുകയില്ല.
അതുപോലെ പറ്റേണിറ്റി, പാരന്റല്‍ ലീവുകള്‍ക്ക് അര്‍ഹത നേടാന്‍ കുറഞ്ഞത് 26 ആഴ്ചയെങ്കിലും ജോലി ചെയ്തിരിക്കണം എന്ന നിബന്ധനയും ഇല്ലാതെയാകും. അതുപോലെ, അടുത്ത കുടുംബാംഗങ്ങളുടെ മരണവുമായി ബന്ധപ്പെട്ട ബെറീവ്മെന്റ് ലീവിന്റെ നിയമങ്ങളിലും മാറ്റങ്ങള്‍ ഈ ബില്ലില്‍ കൊണ്ടുവന്നിട്ടുണ്ട്. വെയ്റ്റിംഗ് പിരീഡ് നീക്കം ചെയ്യുന്നതാണ് അതിലൊന്ന്.രോഗം മൂലം ജോലിക്ക് വരാന്‍ കഴിയാത്തത് പൊതുവെ കൂടുതലായുള്ള നഴ്സിംഗ് മ്മേഖലയിലെ ജീവനക്കാര്‍ക്ക് സിക്ക് ലീവിനുള്ള വെയ്റ്റിംഗ് പിരീഡ് എടുത്ത് കളയുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സ്വാഗതര്ഹമായിരിക്കും.മറ്റൊരു സുപ്രധാന കാര്യം സീറോ അവര്‍ കരാര്‍ ഇല്ലാതെയാക്കും എന്നതാണ്.
കരാറില്‍ ഏര്‍പ്പെടുന്ന തൊഴിലാളിക്ക് ഇനി മുതല്‍ ഒരു നിശ്ചിത മണിക്കൂറുകളിലെ ജോലി ഉറപ്പു വരുത്തണം. അതുപോലെ, ഷിഫ്റ്റുകള്‍ മാറുന്നതിനും, പെയ്മെന്റില്‍ വരുന്ന മാറ്റങ്ങള്‍ക്കും, കരാര്‍ കാന്‍സല്‍ ചെയ്യുന്നതിനുമൊക്കെ മുന്‍കൂര്‍ നോട്ടീസ് നല്‍കേണ്ടി വരും.
നിലവില്‍ സീറോ അവര്‍ കരാറില്‍ ഉള്ള തൊഴിലാളികള്‍ക്കും ഇതെല്ലാം ബാധകമാവും. അടുത്തിടെ പുറത്തിറങ്ങിയ സ്കില്‍സ് ഫോര്‍ കെയര്‍ റിപ്പോര്‍ട്ടനുസരിച്ച് അഡള്‍ട്ട് സോഷ്യല്‍ കെയര്‍ മേഖലയില്‍ 16 ശതമാനത്തോളം റെജിസ്റ്റേര്‍ഡ് നഴ്സുമാര്‍ ഒരു തരത്തില്‍ സീറോ അവര്‍ കരാറില്‍ ഏര്‍പ്പെട്ടവരാണ്. പുതിയ നിയമം അവര്‍ക്ക് രക്ഷയാകും.
തങ്ങളുടെ മാനിഫസ്റ്റോയില്‍ പറഞ്ഞത് പോലെ ഫ്ലെക്സിബിള്‍ വര്‍ക്കിംഗ് സമയം തൊഴിലാളികളുടെ അവകാശമാക്കുന്ന വ്യവസ്ഥയും ബില്ലിലുണ്ട്. ഇതനുസരിച്ച്, തങ്ങള്‍ക്ക് സൗകര്യമുള്ള ഷിഫ്റ്റുകള്ക്കായി അപേക്ഷിക്കാന്‍ കഴിയും. അപേക്ഷ നിരസിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കുറച്ചിട്ടുമുണ്ട്.
അതായത്, അപേക്ഷിച്ചാല്‍ അത് തള്ളിക്കളയുന്നതിനുള്ള സാധ്യത തീരെ കുറവാണ് എന്നര്‍ത്ഥം. അതുപോലെ, തൊഴിലിടത്ത് പുറത്തു നിന്നുള്ള ഒരാളില്‍ നിന്നുണ്ടാകാന്‍ സാധ്യതയുള്ള പീഢനം, ലൈംഗിക പീഢനം എന്നിവ തടയുവാന്‍ തൊഴിലുടമ സാധ്യമായ എല്ലാ നടപടികളും എടുക്കണം.
അടുത്തിടെ യൂണിസന്‍ നടത്തിയ ഒരു അഭിപ്രായ സര്‍വ്വേയില്‍ 10 ല്‍ ഒരു ഹെല്‍ത്ത് വര്‍ക്കര്‍ വീതം തൊഴിലിടത്ത് ലൈംഗിക പീഢനത്തിന് ഇരയാകുന്നതായി കണ്ടെത്തിയിരുന്നു. അവഹേളനം, അനാവശ്യ സ്പര്‍ശം എന്നിവയൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു. അതുപോലെ, അനാവശ്യമായി ജോലിയില്‍ നിന്നും പിരിച്ചു വിടുക, ഗര്‍ഭിണിയായിരിക്കുമ്പോള്‍ പ്രിച്ചു വിടുക തുടങ്ങിയവയില്‍ നിന്നും പുതിയ നിയമം സംരക്ഷണം നല്‍കുന്നുണ്ട്. അതുപോലെ ഫാമിലി ലീവ് കഴിഞ്ഞെത്തുമ്പോഴും, കരാറിലെ മാറ്റംവരുത്തിയ വ്യവസ്ഥകള്‍ അംഗീകരിക്കാതെ വന്നാലും ഇനി മുതല്‍ പിരിച്ചുവിടാനാവില്ല.
അഡള്‍ട്ട് സോഷ്യല്‍ മേഖലയിലെ ജീവനക്കാരുടെ വേതനവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് സമയത്ത് ചര്‍ച്ച ഉയര്‍ന്നിരുന്നു. പുതിയ ബില്ലില്‍ ഈ മേഖലയിലെ വേതന ഘടന തീരുമാനിക്കുന്നതിനായി നിയമപാമായ ഒരു സംവിധാനം രൂപീകരിക്കുന്നതിനുള്ള വ്യവസ്ഥയുണ്ട്. യൂണിയന് പ്രവര്‍ത്തനങ്ങളിലുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്ന കാര്യവും ബില്ലിലുണ്ട്. പ്രത്യേകിച്ചും സമരം ചെയ്യുന്നതിലുള്ള നിയന്ത്രണങ്ങളില്‍ ഏറെ ഇളവുകള്‍ വരും. അതില്‍ പ്രധാനപ്പെട്ടത് സമരം ചെയ്യുന്നതിനുള്ള അവകാശം നേടാന്‍ വേണ്ട മിനിമം സര്‍വ്വീസ് എന്ന നിബന്ധന എടുത്തു കളയുക എന്നതാണ്.
ഇത് വഴി, പല പ്രധാന മേഖലകളിലെയും, പ്രത്യേകിച്ച് ആരോഗ്യ മേഖലയിലെ പല ജീവനക്കാര്‍ക്കും സമരം ചെയ്യുന്നതില്‍ വിലക്കുണ്ടായിരുന്നു.അതുപോലെ, ട്രേഡ് യൂണിയനുകളും തൊഴിലാളികളും തമ്മിലുള്ള ബന്ധം നിര്‍വ്വചിക്കുന്ന നിയമത്തിലും മാറ്റങ്ങള്‍ വരുത്തും.
അര്‍ഹതയുള്ള അംഗങ്ങളില്‍ 50 ശതമാനം പേര് വോട്ട് ചെയ്താല്‍ മാത്രമെ സമരവുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാവു എന്ന നിയമം മാറും. അതിനു പകരമായി വോട്ടിംഗില്‍ പങ്കെടുത്തവരുടെ ഭൂരിപക്ഷ തീരുമാനം അംഗീകരിക്കാം. സമരത്തിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചു വിടുന്നതിനെതിരെയും സംരക്ഷണമുണ്ട്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.