കോഴിക്കോട്: സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ വീട്ടിൽ മോഷണം നടത്തിയത് വീടുമായി അടുത്ത ബന്ധം പുലർത്തുന്നവരെന്നു പ്രാഥമിക അന്വേഷണത്തിൽത്തന്നെ കണ്ടെത്തിയതാണ് പൊലീസിന് വഴിത്തിരിവായത്.
പാചകക്കാരി ശാന്തയാണു മോഷണം നടത്തിയതെന്നു മനസ്സിലാക്കാൻ പൊലീസിന് അധികം സമയം വേണ്ടി വന്നില്ല. ശാന്തയെ ചോദ്യം ചെയ്തപ്പോൾ ഇവരുടെ മറുപടിയിൽ പൊരുത്തക്കേടുകൾ തോന്നി. തുടർന്ന് ശാന്തയുടെ വീട്ടിലെത്തി അന്വേഷണം നടത്തിയപ്പോൾ വീട് നന്നാക്കിയതും മകളുടെ വിവാഹം ആഡംബരമായി നടത്തിയതും പൊലീസ് മനസ്സിലാക്കി.ബാങ്ക് അക്കൗണ്ടുകളെ കുറിച്ചും പണത്തെക്കുറിച്ചും ചോദിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. സെപ്റ്റംബറിൽ മകളുടെ വിവാഹത്തിന് എവിടെനിന്നാണ് സ്വർണം എടുത്തതെന്നു ചോദിച്ചപ്പോൾ മിഠായിത്തെരുവിലെ ജ്വല്ലറിയിൽ നിന്നാണെന്നു ശാന്ത മറുപടി പറഞ്ഞു. എന്നാൽ ഏതു ജ്വല്ലറിയിൽനിന്നാണെന്നു പറഞ്ഞില്ല.ശാന്തയുടെ മകളാണ് ജ്വല്ലറിയുടെ പേരു പറഞ്ഞത്.
പൊലീസ് ജ്വല്ലറിയിൽ എത്തിയപ്പോൾ ശാന്തയും ഭർത്താവ് സുകുമാരനുമാണു സ്വർണം വാങ്ങാൻ എത്തിയതെന്ന് ജ്വല്ലറിക്കാർ അറിയിച്ചു. ഭർത്താവ് സുകുമാരൻ എന്നു പറഞ്ഞ് ബന്ധുവായ പ്രകാശനെയാണ് ജ്വല്ലറിയിൽ കൊണ്ടുപോയതെന്നു വ്യക്തമായി. ശാന്തയുടെ ഫോണിൽനിന്ന് ഏറ്റവും കൂടുതൽ തവണ വിളിച്ചിട്ടുള്ളതും പ്രകാശനെയാണ്. ഇതോടെയാണു സംശയം ബലപ്പെട്ടത്. പ്രകാശനെ പിടികൂടാൻ ബാലുശ്ശേരി വട്ടോളിയിലെ വീട്ടിൽ എത്തിയപ്പോൾ ഇയാൾ ഓടി രക്ഷപ്പെടാനും ശ്രമിച്ചു.
എം.ടി.വാസുദേവൻ നായരുടെ നടക്കാവിലെ വീട്ടിൽനിന്നു 15 ലക്ഷത്തോളം രൂപയുടെ ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരി കരുവിശ്ശേരി ശാന്തിരുത്തി വയലിൽ ശാന്ത (48), ബന്ധു വട്ടോളി കുറിഞ്ഞിപ്പൊയിലിൽ പ്രകാശൻ (44) എന്നിവരെയാണു ഇന്നലെ ഉച്ചയോടെ അറസ്റ്റ് ചെയ്തത്. ശാന്തയാണ് നാലു വർഷത്തിനിടയിൽ പലപ്പോഴായി വീട്ടിൽനിന്നു ആഭരണങ്ങൾ മോഷ്ടിച്ചത്.
കഴിഞ്ഞ മാസം 22 മുതലാണ് കൂടുതൽ ആഭരണം കവർന്നത്. മോഷ്ടിച്ച സ്വർണം നഗരത്തിലെ മൂന്നു കടകളിൽ പലപ്പോഴായി വിൽക്കാൻ സഹായിച്ചതിനാണു പ്രകാശൻ അറസ്റ്റിലായത്. ആഭരണം കണ്ടെത്തുന്നതിനായി പ്രതികളെ കോടതിയിൽനിന്നു കസ്റ്റഡിയിൽ വാങ്ങാൻ ഇന്നു റിപ്പോർട്ട് നൽകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.