കൊല്ലം:ആൺ സുഹൃത്തിനൊപ്പം ശാസ്താംകോട്ട തടാക തീരത്ത് എത്തിയ വിദ്യാർഥിനിയെ പൊലീസ് ചമഞ്ഞ് കാറിൽ കടത്തിക്കൊണ്ടുപോയ യുവാവ് പിടിയിലായി. കൊല്ലം കടവൂർ ലാൽ മന്ദിരം വിഷ്ണു ലാൽ (34) ആണ് പൊലീസിന്റെ പിടിയിലായത്.
ശനിയാഴ്ച രാവിലെയാണ് സംഭവം. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട മലപ്പുറം സ്വദേശിയായ യുവാവിനൊപ്പം തടാക തീരത്ത് എത്തിയതായിരുന്നു വിദ്യാർഥിനി. ഇതിനിടെ സ്ഥലത്തെത്തിയ വിഷ്ണു ഇരുവരോടും താൻ പൊലീസ് ആണെന്നും എന്തിനാണ് ഇവിടെ ഇരിക്കുന്നതെന്നും തിരിച്ചറിയൽ രേഖകൾ വേണമെന്നും ആവശ്യപ്പെട്ടു.തുടർന്നു യുവാവിനോട് സമീപത്തെ പൊലീസ് സ്റ്റേഷനിലേക്ക് വരാനും പെൺകുട്ടിയോട് കാറിൽ കയറാനും പറഞ്ഞു. ഇത് അനുസരിച്ച് യുവാവ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് വിദ്യാർഥിനിയെ കടത്തിക്കൊണ്ടു പോയതാണെന്നു മനസ്സിലായത്. കാറിന്റെ നമ്പർ സഹിതം ഉടൻ തന്നെ സമീപ ജില്ലകളിലെ സ്റ്റേഷനുകളിലേക്ക് ഉൾപ്പെടെ വിവരം നൽകി പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇതിനിടെ പ്രതി കാറിൽ പല വഴികളിലൂടെ ചുറ്റിക്കറങ്ങി പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചു. രക്ഷപ്പെടാനായി പെൺകുട്ടി ബഹളമുണ്ടാക്കിയതോടെ കിഴക്കേ കല്ലട ഭാഗത്ത് റോഡിൽ ഇറക്കിവിട്ട ശേഷം പ്രതി കാറുമായി കടന്നുകളഞ്ഞു.
പൊലീസ് അന്വേഷിച്ച് എത്തിയപ്പോഴേക്കും പെൺകുട്ടി വീട്ടിൽ എത്തിയിരുന്നു. പ്രതി മുൻപ് പിങ്ക് പൊലീസുമായി സംസാരിക്കുന്നത് കണ്ടതായി നാട്ടുകാരിൽ ചിലർ നൽകിയ വിവരം അനുസരിച്ച് റൂറൽ പിങ്ക് പൊലീസുമായി ഉദ്യോഗസ്ഥർ ബന്ധപ്പെട്ടു.
സാമൂഹിക പ്രവർത്തകനും പ്ലാന്റേഷൻ വ്യാപാരിയുമാണെന്ന് പരിചയപ്പെടുത്തിയ പ്രതി തടാക തീരത്ത് അനാശാസ്യം നടക്കുന്നതായും ഇതിൽ നടപടി വേണമെന്നും പിങ്ക് പൊലീസിനോട് നേരത്തേ പരാതി പറഞ്ഞിരുന്നു. ഭരണിക്കാവിൽ പ്രതിയുടെ കാർ തിരിച്ചറിഞ്ഞ പിങ്ക് പൊലീസ് വാഹനം തടഞ്ഞു. എസ്ഐ ഷാനവാസിന്റെ നേതൃത്വത്തിൽ പൊലീസെത്തി ഉച്ചയോടെ തന്നെ ഇയാളെ പിടികൂടി.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തെന്നും തടാക തീരത്ത് നിരീക്ഷണം ശക്തമാക്കുമെന്നും റൂറൽ എസ്പി സാബു മാത്യു, ശാസ്താംകോട്ട ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ എന്നിവർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.