തൃശൂർ: ജില്ലയിലെ മൂന്നിടങ്ങളിൽ എടിഎം കവർച്ച നടത്തിയതിനു പിടിയിലായ ‘മേവാത്തി’ കൊള്ളസംഘം ചേർപ്പിലെ എസ്ബിഐ എടിഎം കൂടി കൊള്ളയടിക്കാൻ ശ്രമിച്ചതായി ചോദ്യംചെയ്യലിൽ വെളിപ്പെടുത്തി. 5 അംഗ കൊള്ളസംഘത്തെ തമിഴ്നാട് പൊലീസിൽ നിന്നു കസ്റ്റഡിയിൽ വാങ്ങി തൃശൂർ സിജെഎം കോടതിയിൽ ഹാജരാക്കിയ ശേഷം ചോദ്യം ചെയ്തപ്പോഴാണു നാലാമത്തെ കവർച്ചാശ്രമത്തെക്കുറിച്ചു വ്യക്തമായത്.
മാപ്രാണത്തെ കൊള്ളയ്ക്കു ശേഷം തൃശൂരിലേക്കു പോകുന്നതിനിടെയാണ് ചേർപ്പിലെ എസ്ബിഐ എടിഎം കൗണ്ടർ കൂടി കൊള്ളയടിക്കാൻ ഇവർ പദ്ധതിയിട്ടത്. എന്നാൽ, കൗണ്ടറിനു മുന്നിൽ വാഹനങ്ങൾ നിർത്തിയിട്ടിരുന്നതും ഉള്ളിൽ ആളുകളെ കണ്ടതും പ്രതികളെ കവർച്ചാശ്രമത്തിൽ നിന്നു പിന്തിരിപ്പിച്ചു.മാപ്രാണം, സ്വരാജ് റൗണ്ടിന് സമീപം, കോലഴി എന്നിവിടങ്ങളില എസ്ബിഐ എടിഎമ്മുകളിൽ കവർച്ച നടത്തിയതിനു പിടിയിലായ ആറംഗ കൊള്ളസംഘത്തിൽ 5 പേരെയാണു സേലം സെൻട്രൽ ജയിലിൽ നിന്ന് ഇന്നലെ രാവിലെ ഒൻപതരയോടെ സിറ്റി പൊലീസ് സംഘം കസ്റ്റഡിയിൽ വാങ്ങിയത്.
മുഖ്യപ്രതികളിലൊരാളായ ഹരിയാന നൂഹ് ബിസ്രം സ്വദേശി മുഹമ്മദ് ഇക്രാം (42), കൂട്ടുപ്രതികളായ ബൽവാൽ ശോബ്താ ഗോയൽ സ്വദേശി ഇർഫാൻ (32), പൽവാൽ ഗുർവാലി സ്വദേശി സാബിർ ഖാൻ (26), നൂഹ് മലായി സ്വദേശി സൗഖിൻ ഖാൻ (26), ബൽവാൽ ലഖ്ന മലായി സ്വദേശി മുബാറക് (20) എന്നിവരെയാണു കസ്റ്റഡിയിൽ ലഭിച്ചത്.
ഈസ്റ്റ് സ്റ്റേഷനിലെ എസ്ഐമാരായ വിപിൻ നായർ, എ.എസ്. ബാലസുബ്രഹ്മണ്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതികളെ തൃശൂരിലെത്തിച്ചത്.വെടിയേറ്റു കാൽമുറിച്ചുമാറ്റിയ നിലയിലുള്ള ആറാം പ്രതി ഹസാർ അലിയെ (26) ഇന്നലെ കോയമ്പത്തൂർ മെഡിക്കൽ കോളജിൽ നിന്നു സേലം ഗവ. മെഡിക്കൽ കോളജ് ആശുപത്രി ജയിൽ വാർഡിലേക്കു മാറ്റി.
പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട ലോറി ഡ്രൈവർ ജുമൈദീൻ ഹമീദ് (40) ആണു കവർച്ച ആസൂത്രണം ചെയ്തതെന്നു നാമക്കൽ പൊലീസ് കണ്ടെത്തിയിരുന്നു. തൃശൂർ ജനറൽ ആശുപത്രിയിലെത്തിച്ചു വൈദ്യപരിശോധനയ്ക്കു വിധേയരാക്കിയ ശേഷമാണു പ്രതികളെ കോടതിയിൽ ഹാജരാക്കിയത്. ഇവരെ 5 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകി. ഡിവൈഎസ്പി സലീഷ് എൻ. ശങ്കർ, ഈസ്റ്റ് എസ്എച്ച്ഒ എം.ജെ. ജിജോ എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്തു തുടങ്ങി.
കൊള്ള നടത്തിയ വിധവും ഇതിനായി നടത്തിയ ആസൂത്രണവും ഇവർ പൊലീസിനോടു വിവരിച്ചു. സംഘത്തിൽ നിന്നു പിടിച്ചെടുത്തത് 67.02 ലക്ഷം രൂപയെന്നു പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. കവർച്ചയ്ക്കു ശേഷം പ്രതികൾ കണ്ടെയ്നർ ലോറിയിൽ കയറ്റി ഒളിപ്പിച്ച കാറിൽ നിന്നാണു പണം കണ്ടെടുത്തത്. കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളും വാഹനങ്ങളും റിക്കവറി ചെയ്യാൻ പ്രതികളെയും കൂട്ടി പൊലീസ് തെളിവെടുപ്പു നടത്തും.
ഇതിനിടെ, എടിഎം കവർച്ചാ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ഹൈദരാബാദ് പൊലീസ് സേലം ജില്ലാ കോടതിയിൽ അപേക്ഷ നൽകി. കഴിഞ്ഞ ഫെബ്രുവരിയിൽ ഹൈദരാബാദിൽ നടന്ന എടിഎം കവർച്ചാ ശ്രമത്തിൽ പ്രതികൾക്കു പങ്കുണ്ടെന്നു കാണിച്ചാണ് അപേക്ഷ നൽകിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നടന്ന എടിഎം കൊള്ളയിലും സംഘത്തിനു ബന്ധമുണ്ടെന്നു പൊലീസ് പറയുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.