ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാണയില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി. 63 ശതമാനം വോട്ട് രേഖപ്പെടുത്തിയതായാണ് ലഭ്യമായ സൂചന. ബി.ജെ.പി., കോണ്‍ഗ്രസ്, ഐ.എല്‍.എല്‍.ഡി.-ബി.എസ്.പി. സഖ്യം ജെ.ജെ.പി.-ആസാദ് സമാജ് പാര്‍ട്ടി സഖ്യം, ആം ആദ്മി പാര്‍ട്ടി എന്നിവയാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രധാന രാഷ്ട്രീയകക്ഷികളും സഖ്യങ്ങളും.
മുഖ്യമന്ത്രി നയാബ് സിങ് സൈനി, ബി.ജെ.പി. നേതാക്കളായ അനില്‍ വിജ്, ഒ.പി. ധന്‍കര്‍, കോണ്‍ഗ്രസിന്റെ ഭൂപീന്ദര്‍ സിങ് ഹൂഡ, വിനേഷ് ഫോഗട്ട്, ഐ.എന്‍.എല്‍.ഡിയുടെ അഭയ് സിങ് ചൗട്ടാല, ജെ.ജെ.പിയുടെ ദുഷ്യന്ത് ചൗട്ടാല എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖര്‍.
101 വനിതകളും 464 സ്വതന്ത്ര സ്ഥാനാര്‍ഥികളും ഉള്‍പ്പെടെ 1031 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ശനിയാഴ്ച രാവിലെ ഏഴ് മണിക്കാരാംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറ് മണിയോടെ അവസാനിച്ചു.
ഒക്ടോബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. തുടര്‍ച്ചയായ മൂന്നാം തവണയും അധികാരത്തിലെത്തുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടലെങ്കിലും പത്ത് കൊല്ലത്തിനുശേഷം തങ്ങളുടെ പ്രതാപം വീണ്ടെടുത്ത് അധികാരം ലഭിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.
ബി.ജെ.പിയുമായ കൈകോര്‍ത്ത ദുഷ്യന്ത് ചൗട്ടാലയുടെ ജന്നായക് ജനത പാര്‍ട്ടി(ജെ.ജെ.പി.), അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി എന്നിവയും പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാമെന്നുള്ള പ്രതീക്ഷയിലാണ്. 90 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. രണ്ട് കോടിയിലേറെ വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്.
ലോക്സഭ തിരഞ്ഞെടുപ്പിലുണ്ടായ നേട്ടം നിയമസഭാ തിരഞ്ഞെടുപ്പിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ജാതി സര്‍വേയും സ്ത്രീകള്‍ക്ക് പ്രതിമാസം രണ്ടായിരം രൂപ അലവന്‍സ് തുടങ്ങി വോട്ടര്‍മാരെ ആകര്‍ഷിക്കുന്ന പ്രകടപത്രികയാണ് കോണ്‍ഗ്രസ് അവതരിപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.