ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് വായു മലിനീകരണം ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നു. യമുന നദി വിഷലിപ്തമായി നുരഞ്ഞ് പതഞ്ഞ് ഒഴുകുന്നു. നദിയുടെ ചില ഭാഗങ്ങൾ വെള്ള നിറത്തിൽ നുരഞ്ഞ് പതഞ്ഞ് പൊങ്ങുന്നതിന്റെ ദൃശ്യങ്ങൾ എഎൻഐ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടു.
നദിയിൽ രൂപപ്പെട്ട നുരയിൽ ഉയർന്ന അളവിൽ അമോണിയയും ഫോസ്ഫേറ്റുകളും അടങ്ങിയിട്ടുണ്ടെന്നും ഇത് ശ്വാസകോശ, ചർമ്മ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നും പരിസ്ഥിതി വിദഗ്ധരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. നദിയിലെ മലിനീകരണ തോത് ആശങ്കാജനകമാണെന്നും ഛഠ് പൂജ പോലുള്ള പ്രധാന ആഘോഷങ്ങൾ അടുത്തുവരുന്നതിനാൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും പരിസ്ഥിതി വിദഗ്ധർ സർക്കാരിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
വായു ഗുണനിലവാര സൂചിക(എക്യുഐ) വെള്ളിയാഴ്ചയും മോശം വിഭാഗത്തിൽ തന്നെ തുടരുകയാണ്. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് (സിപിസിബി) കണക്കുകൾ പ്രകാരം വെള്ളിയാഴ്ച രാവിലെ 9 മണി വരെ, ഡൽഹിയുടെ പല ഭാഗങ്ങളിലും എക്യുഐ വളരെ മോശം വിഭാഗത്തിലാണ് (301 നും 400 നും ഇടയിൽ). വസീർപുരിൽ എക്യുഐ 379 ഉം വിവേക് വിഹാറിൽ 327 ഉം ഷാദിപുരിൽ 337 ഉം പഞ്ചാബി ബാഗിൽ 312 ഉം ആണ് റിപ്പോർട്ട് ചെയ്തത്.
തലസ്ഥാനത്തെ 13 ഹോട്ട്‌സ്‌പോട്ടുകളിൽ വിവിധ പ്രാദേശിക മലിനീകരണ സ്രോതസ്സുകൾ കണ്ടെത്തിയിട്ടുണ്ടെന്നും പൊടി നിയന്ത്രിക്കാൻ 80 ആൻ്റി സ്മോഗ് ഗണ്ണുകൾ വിന്യസിക്കുമെന്നും ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു. ഓരോ ഹോട്ട്‌സ്‌പോട്ടുകളിലും പ്രാദേശിക മലിനീകരണ സ്രോതസ്സുകൾക്കെതിരെ പ്രവർത്തിക്കാൻ ഒരു കോർഡിനേഷൻ കമ്മിറ്റി ഉണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.