പാലക്കാട്: ഉപതിരഞ്ഞെടുപ്പില്‍ കെ. മുരളീധരനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് ഡി.സി.സി. ഹൈക്കമാന്‍ഡിന് അയച്ച കത്തിന് പിന്നില്‍ ബി.ജെ.പി-സി.പി.എം ഗൂഢാലോചനയെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. ഗൗരവതരമായ ജനകീയവിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് കത്ത് വിവാദമാക്കുന്നതെന്നും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
'ഡി.സി.സിയുടെ കത്ത് ജനങ്ങളെ ബാധിക്കുന്ന കത്തല്ല. പക്ഷേ അത് വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍ ജനങ്ങളെ ബാധിക്കുന്ന രണ്ട് കത്തുകള്‍ ചര്‍ച്ചയില്‍ നിന്ന് മാറിപ്പോയി. എ.ഡി.എം. കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട പ്രധാന വാര്‍ത്തകള്‍ വരുന്ന ദിവസങ്ങളിലെല്ലാം ഇവരെന്തെങ്കിലുമൊരു വെടി അന്തരീക്ഷത്തിലേക്ക് പൊട്ടിക്കുകയും പിന്നീട് അത് തിരിഞ്ഞ് അവരുടെ നെഞ്ചത്ത് തന്നെ കൊള്ളുകയും ചെയ്തു.' -രാഹുല്‍ പറഞ്ഞു.
'കെ. മുരളീധരനാണ് നല്ല സ്ഥാനാര്‍ഥിയെന്ന് കുറേ നേതാക്കള്‍ പറയുന്നു. ആ അഭിപ്രായം എനിക്കുമുണ്ട്. 140 മണ്ഡലങ്ങളിലും മത്സരിക്കാന്‍ പരമയോഗ്യനായ നേതാവാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് കൊടുത്ത കത്താണ് പുറത്തുവന്നത്; സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷമല്ല. അതില്‍ ഒരുവാക്ക് പോലും എന്നെ കുറിച്ച് മോശമായി പറയുന്നില്ല.' -രാഹുല്‍ തുടര്‍ന്നു.
'ബിഗ് ബ്രേക്കിങ് എന്ന് പറഞ്ഞ് കൊണ്ടുവന്ന വാര്‍ത്തയെ വി.കെ. ശ്രീകണ്ഠന് എം.പി. മിനുറ്റുകള്‍ കൊണ്ട് ഗില്ലറ്റിന് ചെയ്തുകളഞ്ഞു. രണ്ടാമത് ആ കത്തിലെ പ്രധാന നായകന് മുരളിയേട്ടന്റെ പ്രതികരണം. മരിച്ച ആ വാര്‍ത്തയെ വീണ്ടും കൊന്നു. അതുകഴിഞ്ഞ് ഡി.സി.സി. പ്രസിഡന്റ് തങ്കപ്പേട്ടന്റെ വാര്‍ത്താസമ്മേളനം. മരിച്ച വാര്‍ത്തയെ ഒന്നുകൂടെ തട്ടിയുണര്‍ത്തി വീണ്ടും കൊന്നു. അങ്ങനെ മൂന്നുപേര്‍ ചേര്‍ന്ന് ആ വാര്‍ത്തയെ കൊന്നതാണ്. എന്നിട്ടും നമ്മള് ഇന്നും അത് ചര്‍ച്ച ചെയ്യുകയാണ്. ഞാന്‍ പറഞ്ഞ ഗൗരവതരമായ വിഷയങ്ങളിലേക്ക് ഇപ്പോള്‍ പോലും പോകാന്‍ കഴിയുന്നില്ല.'
'ഉരുള്‍പൊട്ടലുണ്ടായ വയനാടിന് കേന്ദ്രസഹായം ലഭിച്ചിട്ടില്ല. സി.പി.എമ്മിന്റെ സ്ഥാനാര്‍ഥിയോ സി.പി.എമ്മോ അത് ചര്‍ച്ചയാക്കുന്നുണ്ടോ? എ.ഡി.എമ്മിന്റെ കൊലപാതകത്തില്‍ ബി.ജെ.പി. കാര്യമായി പ്രതികരിക്കുന്നുണ്ടോ? ഇല്ല. ഇതൊരു നെക്സസാണ്. ഉദാഹരണങ്ങള്‍ ഇനിയും പറയാം. മൂന്ന് രാഹുലുമാരാണ് ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഒന്ന് ഞാന്‍. ബാക്കി രണ്ട് രാഹുലുമാരുടെ പശ്ചാത്തലം പരിശോധിച്ചാല്‍ അറിയാം, ഒരാള്‍ സി.പി.എമ്മും അടുത്തയാള്‍ ബി.ജെ.പിയുമാണ്.' -രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.