തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ക്രൂരമായി മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ ഗണ്മാന്മാര്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയുള്ള പൊലീസ് റിപ്പോര്‍ട്ട് നിയമവിരുദ്ധവും അപഹാസ്യവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
യൂത്ത് കോണ്‍ഗ്രസ് നേതാവ് അജയ് ജുവല്‍ കുര്യാക്കോസ് ഉള്‍പ്പെടെയുള്ളവരെ പൊലീസ് ക്രിമിനലുകള്‍ ക്രൂരമായി മര്‍ദ്ദിക്കുന്നത് ലോകം മുഴുവന്‍ കണ്ടതാണ്. അതിന്റെ ദൃശ്യങ്ങള്‍ ഇപ്പോഴും പൊതുസമൂഹത്തിനു മുന്നിലുണ്ട്. എന്നിട്ടും തെളിവില്ലെന്ന റിപ്പോര്‍ട്ട് നല്കിയ പൊലീസ് ഉദ്യോഗസ്ഥർക്ക് ഒരു നിമിഷം പോലും സര്‍വീസില്‍ തുടരാന്‍ യോഗ്യരല്ലെന്നും സതീശൻ പറഞ്ഞു.
പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയാണ് ഇല്ലാത്ത അധികാരം ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ ഗണ്മാന്മാര് ആക്രമിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉചജാപകസംഘം തന്നെയാണ് ഈ അന്വേഷണവും അട്ടിമറിച്ചത്. പൊലീസിനെ പരിഹാസ്യരാക്കുന്നത് മുഖ്യമന്ത്രി തന്നെയാണ്. പക്ഷേ ഇതു കൊണ്ടൊന്നും പോരാട്ടം അവസാനിക്കുമെന്നു കരുതേണ്ട. നീതിക്ക് വേണ്ടി ഏതറ്റം വരെയും പോകുമെന്നും സതീശൻ പറഞ്ഞു.
പൊലീസിലെ ഒരു വിഭാഗം സിപിഎമ്മിന്റെ അടിമക്കൂട്ടമായി അധഃപതിച്ചു എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്. പൊലീസ് സേനയുടെ തന്നെ വിശ്വാസ്യതയാണ് തകര്‍ന്നത്. ഗണ്മാന്മാര്ക്കെതിരെ നടപടി ഇല്ലെങ്കില്‍ നിയമപരമായി ഏതറ്റം വരെയും പോകും. സര്‍ക്കാരിനു വേണ്ടി വിടുപണി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരെ വെറുതെ വിടില്ല.
എക്കാലവും പിണറായി വിജയന് മുഖ്യമന്ത്രിയായിരിക്കില്ലെന്ന് സിപിഎമ്മിന്റെ ഗുണ്ടാ സംഘങ്ങളെ പോലെ പ്രവര്‍ത്തിക്കുന്ന പൊലീസുകാര്‍ ഓര്‍ക്കണം. കാലം കണക്ക് പറയിക്കുക തന്നെ ചെയ്യുമെന്ന് അത്തരക്കാര്‍ മനസിലാക്കിയാല്‍ നല്ലതാണെന്നും സതീശൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.