ടെഹ്‌റാൻ: ഇസ്രയേലിനെതിരെ കടുത്ത മിസൈൽ ആക്രമണം കഴിഞ്ഞദിവസം ഇറാൻ നടത്തിയിരുന്നു. ആക്രമണം അരുതെന്ന അമേരിക്കയുടെ മുന്നറിയിപ്പടക്കം അവഗണിച്ചാണ് ബാലിസ്റ്റിക് മിസൈലുകൾ ഇറാൻ തൊടുത്തത്.
എന്നാൽ ഇത്തരത്തിൽ മിസൈൽ തൊടുക്കുന്നതിനിടെ തന്നെ ഇറാന് സ്വന്തം സൈനികരുടെ ജീവൻ നഷ്‌ടമായെന്നാണ് വിവരങ്ങൾ. ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത് അന്താരാഷ്‌ട്ര മാദ്ധ്യമമായ 'ദി സൺ' ആണ്.
ഇറാന്റെ 181 മിസൈൽ ആക്രമണങ്ങളാണ് ഉണ്ടായതെന്നും ഇതെല്ലാം തങ്ങളുടെ മിസൈൽ പ്രതിരോധ സംവിധാനം പരാജയപ്പെടുത്തി എന്നുമാണ് ഇസ്രയേൽ അറിയിച്ചത്. എന്നാൽ മിസൈൽ ലോഞ്ചിനിടെ ലോഞ്ച്‌പാട് തകർന്നുവീണ് ഇറാന്റെ രണ്ട് സൈനികർ മരിച്ചു.
മിസൈലുകൾ പൊട്ടിത്തെറിച്ചാണ് അപകടം. ഇറാൻ റെവല്യൂഷണറി ഗാർഡ് അംഗങ്ങളായ 12 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഉച്ചത്തിൽ സ്‌ഫോടനം ഉണ്ടായില്ലെന്നും എന്നാൽ എന്തോ തകരുന്നതായി ശബ്‌ദം കേട്ടെന്നും പ്രദേശവാസിയായ ഒരു സ്‌ത്രീ അറിയിച്ചു. തിരിച്ചറിഞ്ഞാൽ ഭരണകൂടം ശക്തമായ പ്രതികാരം ചെയ്യും എന്നതിനാൽ ഇവർ പേര് വെളിപ്പെടുത്തിയില്ല.
ആഘാതത്തിൽ അടുത്തുള്ള കെട്ടിടങ്ങൾ കുലുങ്ങി. തീയും മുകളിലേക്ക് ഉയർന്നതോടെ സമീപവാസികളായ ജനങ്ങൾ ഇറങ്ങിയോടി. 22.5 ടൺ ഭാരമുള്ള സെജിൽ ബാലിസ്റ്റിക് മിസൈലാണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം. അനൗദ്യോഗികമായി ലഭ്യമായ വിവരമനുസരിച്ച് അഞ്ചുപേരാണ് അപകടത്തിൽ മരിച്ചത്. ഇറാൻ തിരിച്ചടിയിൽ ഇസ്രയേൽ സ്വദേശികളാരും മരിച്ചില്ലെങ്കിലും ഒരു പാലസ്‌തീൻ സ്വദേശി മരിച്ചിരുന്നു.
ഹിസ്‌ബുള്ള തലവൻ ഹസൻ നസ്റള്ളയടക്കം ആളുകളെ ഇസ്രയേൽ ഇല്ലാതാക്കിയത് ദിവസങ്ങൾക്ക് മുൻപാണ്. ഇതിനിടെ ആയിരക്കണക്കിന് ഇസ്രയേലി കുടുംബങ്ങൾ ടെൽ അവീവിലെ കടലോരത്തെത്തി. ജൂതരുടെ പുതുവർഷം ആചരിക്കാനായിരുന്നു ഇത്.
ഇറാന്റെ എണ്ണ പ്ളാന്റുകൾക്കും റിഗ്ഗുകൾക്കും നേരെ ആക്രമണം നടത്താൻ ഇസ്രയേൽ പ്രതിരോധവിഭാഗം തീരുമാനിച്ചിരുന്നു. ഇതിലൂടെ ഇറാന്റെ ആണവായുധ ഭീഷണി തടയാനാണ് ശ്രമം. ഹിസ്‌ബുള്ളയ്‌ക്കെതിരെ ആക്രമണം നടത്തവെ ബെയ്‌റൂട്ടിൽ ഇന്റലിജൻസ് ആസ്ഥാനത്ത് ഇസ്രയേൽ വ്യോമാക്രമണം നടത്തിയിരുന്നു. ചുരുങ്ങിയത് ആറുപേരെങ്കിലും മരിച്ചതായാണ് വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.