രത്തൻ ടാറ്റയുടെ ബിസിനസ്സ് സാമ്രാജ്യത്തിൻ്റെ പിൻ​ഗാമിയാര്? നേതൃസ്ഥാനം രത്തൻ ടാറ്റയുടെ മരണശേഷം കുടുംബത്തിലേക്ക് തന്നെ തിരിച്ചെത്തുമോ?

മുബൈ: ഇന്ത്യൻ വ്യവസായ മേഖലയുടെ തലവര തിരുത്തിയ, കിരീടം വെക്കാത്ത രാജാവ്, ആഗോള വ്യവസായ ഭീമന്മാർക്കിടയിലെ അതികായൻ, രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് സമുച്ചയത്തെ ലോകോത്തര വ്യവസായ ഗ്രൂപ്പുകളിലൊന്നാക്കിയ വ്യവസായപ്രതിഭ. ഉപ്പു തൊട്ട് ഉരുക്ക് വരെ, ഭൂമി മുതൽ ആകാശം വരെ തൻ്റെ പേരെഴുതിച്ചേർത്ത മഹനീയ വ്യക്തിത്വം. വിശേഷണങ്ങൾ ഏറെയുണ്ട് രത്തൻ ടാറ്റയ്ക്ക്.

നവഭാരത ശില്പികളിലൊരാളായ രത്തൻ ടാറ്റ ഇനി ഓർമ മാത്രമാണ്. നവ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്ക് വഹിച്ച, ജീവിത മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ആ മനുഷ്യസ്നേഹി മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ബുധനാഴ്ച രാത്രി പതിനൊന്നേമുക്കാലോടെയാണ് വിടപറഞ്ഞത്. കർമവീഥിയിൽ അനശ്വരമുദ്ര പതിപ്പിച്ചാണ് അദ്ദേഹം കടന്നുപോയത്.

കുട്ടികളില്ലാതെ, രത്തൻ ടാറ്റയുടെ പിൻ​ഗാമിയെ സംബന്ധിച്ച് എല്ലാ ചർച്ചകളും വലിയ തോതിൽ ഊഹാപോഹങ്ങൾക്ക് വിഷയമായിട്ടുണ്ട് എക്കാലത്തും. രത്തൻ ടാറ്റയുടെ ബിസിനസ്സ് സാമ്രാജ്യത്തിൻ്റെ പിൻ​ഗാമിയാര് എന്നത് വലിയ പ്രാധാന്യത്തോടെയാണ് രാജ്യമൊട്ടാകെ ഇപ്പോൾ ഉറ്റുനോക്കുന്നത്. 

ടാറ്റ ഗ്രൂപ്പിൻ്റെ തലപ്പത്തുനിന്നു രത്തൻ ടാറ്റ 12 വർഷം മുമ്പ് തന്നെ സ്ഥാനമൊഴിഞ്ഞിരുന്നു. എങ്കിലും ഇന്നും ഇന്ത്യയിലെ നല്ലൊരു ജനങ്ങൾക്കും ടാറ്റ എന്നാൽ രത്തൻ ടാറ്റയാണ്. നേതൃപദവിയിൽനിന്ന് വിരമിക്കുകയാണ് എന്ന ടാറ്റയുടെ പ്രഖ്യാപനം സാധാരണക്കാരെ സങ്കടപ്പെടുത്തിയത് അദ്ദേഹത്തിനുള്ളിലെ മനുഷ്യസ്നേഹം ഒന്ന് കൊണ്ടു തന്നെയായിരുന്നു.

വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നാലെ ടാറ്റയുടെ സാമ്രാജ്യത്തിന്റെ കടിഞ്ഞാൻ എത്തിയത് ടാറ്റ കുടുംബത്തിനു പുറത്തുള്ള സൈറസ് പി. മിസ്ത്രിയുടെ കൈകളിൽ. ടാറ്റയുടെ ചരിത്രത്തിൽ കുടുംബത്തിനു പുറത്തുനിന്നുള്ള ആദ്യത്തെ മേധാവി. പക്ഷേ മിസ്ത്രിയുടെ ചെയർമാൻ സ്ഥാനത്തിന്, പക്ഷേ, നാലുവർഷത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. രത്തൻ ടാറ്റയുമായി ഉടലെടുത്ത അഭിപ്രായവ്യത്യാസത്തെ തുടർന്ന് അതിനാടകീയമായി മിസ്ത്രിയെ പുറത്താക്കി.


നേതൃത്വത്തിലേക്ക് നോയൽ എത്തുമോ?

സൈറസ് പി. മിസ്ത്രി പുറത്തായതിന് പിന്നാലെ എൻ. ചന്ദ്ര​ശേഖരൻ എന്ന നടരാജൻ ചന്ദ്രശേഖരൻ ടാറ്റ ​ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനത്തെത്തി. ടാറ്റ സൺസിൻ്റെ ചെയർമാനായി 2017-ലാണ് എൻ ചന്ദ്രശേഖരൻ ചുമതലയേൽക്കുന്നത്. ഇതിന് പുറമേ കുടുംബത്തിൽ നിന്നുള്ള മറ്റു ചിലർ വിവിധ ബിസിനസുകളിൽ നേതൃസ്ഥാനങ്ങളിലുണ്ട്. അവരിലാരെങ്കിലും ഭാവിയിൽ നേതൃത്വം ഏറ്റെടുക്കുമെന്നണ് പ്രതീക്ഷിക്കപ്പെടുന്നത്. നേതൃത്വം ഏറ്റെടുക്കാൻ ഏറ്റവും സാധ്യതയുള്ളയാളായി ഉയർന്നു കേൾക്കുന്നത് നോയൽ ടാറ്റയുടെ പേരാണ്. നവൽ ടാറ്റയുടെ രണ്ടാം വിവാഹത്തിൽ നിന്ന് ജനിച്ച നോയൽ ടാറ്റ രത്തൻ ടാറ്റയുടെ അർധസഹോദരനാണ്.

കുടുംബത്തിനല്ല, പ്രൊഫഷണലിസത്തിനാണ് മുൻതൂക്കം എന്നായിരുന്നു ജീവിതകാലമത്രയും രത്തൻ ടാറ്റയുടെ സിദ്ധാന്തം. അർധസഹോദരൻ നോയൽ ടാറ്റയെ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതിനുള്ള ടാറ്റയുടെ ഉത്തരവും ഇതുതന്നെയായിരുന്നു. നേതൃപദവിയുടെ ഉത്തരവാദിത്തങ്ങൾ ചുമലിലേറ്റാൻ നോയൽ ടാറ്റ പ്രാപ്തനല്ലായെന്നായിരുന്നു രത്തൻ ടാറ്റയുടെ പക്ഷം. എന്നാൽ, രത്താൻ ടാറ്റയ്ക്കുശേഷം ടാറ്റ ഗ്രൂപ്പ് ഒരു തലമുറ മാറ്റത്തിനുള്ള സാധ്യതകൾ ചിന്തിക്കുമ്പോൾ സ്വാഭാവികമായും ആദ്യ പേരുകാരൻ നോയൽ ടാറ്റ തന്നെയാകുമെന്നാണ് കോർപറേറ്റ് ലോകത്തെ പൊതുവേയുള്ള വിലയിരുത്തൽ.

നോയലിന്റെ മക്കൾക്കും സാധ്യത

നോയൽ ടാറ്റയുടെ മക്കളാണ് മറ്റൊരു സാധ്യത. ലിയ ടാറ്റ, മായ ടാറ്റ, നെവില്‍ ടാറ്റ എന്നിങ്ങനെ മൂന്ന് മക്കളാണ് നോയൽ ടാറ്റയ്ക്ക്. ടാറ്റ ഗ്രൂപ്പ് സംവിധാനത്തിൻ്റെ കൂടുതൽ ചുമതലകൾ നൽകാനും ക്രമേണ നേതൃപദവിയിലേക്ക് എത്തിക്കാനും ലക്ഷ്യമിട്ട് ടാറ്റ ഗ്രൂപ്പിനെ നിയന്ത്രിക്കുന്ന ടാറ്റ ട്രസ്റ്റില്‍ ലിയ ടാറ്റ, മായ ടാറ്റ, നെവില്‍ ടാറ്റ എന്നിവരെ നിയമിച്ചിരുന്നു. 2024 മേയിലാണ് ടാറ്റാ ട്രസ്റ്റിലേക്ക് കുടുംബത്തിലെ പുതുതലമുറയായ ലിയയും നെവിലും മായയും നിയമിതരാകുന്നത്. ഗ്രൂപ്പിലുൾപ്പെട്ട കമ്പനികളുടെ മാതൃകമ്പനിയായ ടാറ്റ സൺസിന്റെ നിയന്ത്രണം ടാറ്റ ട്രസ്റ്റുകൾക്കാണ്.

മാഡ്രിഡിലെ ഐ.ഇ. ബിസിനസ് സ്കൂളിൽനിന്ന് ബിരുദമെടുത്ത ലിയ താജ് ഗ്രൂപ്പിന്റെ നടത്തിപ്പുള്ള ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. ടാറ്റ എജുക്കേഷൻ ട്രസ്റ്റ്, ടാറ്റ സോഷ്യൽ വെൽ ഫെയർ ട്രസ്റ്റ്, സാർവജനിക് ട്രസ്റ്റ് എന്നിവയിലാണ് ലിയ പ്രവർത്തിക്കുക. ടാറ്റയുടെ ഫാഷൻ വിഭാഗമായ ട്രെന്റുമായിച്ചേർന്നാണ് നെവിലിന്റെ പ്രവർത്തനം. ജെ.ആർ.ഡി. ടാറ്റ ട്രസ്റ്റ്, ആർ.ഡി. ടാറ്റ ട്രസ്റ്റ്, ടാറ്റ സോഷ്യൽ വെൽഫെയർ ട്രസ്റ്റ് എന്നിവയിലായിരിക്കും നെവിൽ പ്രവർത്തിക്കുക. ടാറ്റ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റീൽസിന്റെ ബോർഡംഗമായും നെവിലിനെ നിയമിച്ചിട്ടുണ്ട്.

പിടിമുറുക്കാൻ മായാ ടാറ്റയും

കൂട്ടത്തിലെ ഇളയ അവകാശി മായ രത്തൻ ടാറ്റയുടെ പിന്മുറക്കാരിയായായാണ് പരക്കെ പരിഗണിക്കപ്പെടുന്നത്. 34 കാരിയായ മായ, ടാറ്റ ഗ്രൂപ്പിനുള്ളിൽ കാര്യമായ പിടിമുറിക്കിയിട്ടുണ്ട്. ലണ്ടനിലെ ബെയ്‌സ് ബിസിനസ് സ്‌കൂളിലും വാർവിക്ക് യൂണിവേഴ്‌സിറ്റിയിലും വിദ്യാഭ്യാസം നേടിയ അവർ ടാറ്റ ഓപ്പർച്യുണിറ്റീസ് ഫണ്ടിലൂടെയാണ് കരിയർ ആരംഭിക്കുന്നത്. ടാറ്റ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ ക്യാപിറ്റലിൻ്റെ ഫണ്ടിൽ പോർട്ട്ഫോളിയോ മാനേജ്മെന്റും നിക്ഷേപക ബന്ധങ്ങളും കൈകാര്യം ചെയ്തതിരുന്നത് മായയായിരുന്നു. എന്നാൽ ഫണ്ടിന്റെ പെട്ടെന്നുള്ള അടച്ചുപൂട്ടൽ കാരണം മായ ടാറ്റ ഡിജിറ്റലിലേക്ക് മാറി.

ടാറ്റ ഡിജിറ്റലിൽ ജോലി ചെയ്തിരുന്ന കാലത്ത് ടാറ്റ ന്യൂ ആപ്പ് പുറത്തിറക്കിയതും മായയാണ്. ആർ.ഡി. ടാറ്റ ട്രസ്റ്റ്, ടാറ്റ എജുക്കേഷൻ ട്രസ്റ്റ്, സാർവജനിക് ട്രസ്റ്റ് എന്നിവയിലാണ് മായയ്ക്ക് ചുമതല. മായാ ടാറ്റ ​ഗ്രൂപ്പിന്റെ നേതൃസ്ഥാനത്തേക്ക് എത്തുമെന്ന് കരുതുന്നവരുണ്ട്. കുടുംബത്തിനു പുറത്തേക്ക് പോയ നേതൃസ്ഥാനം രത്തൻ ടാറ്റയുടെ മരണശേഷം കുടുംബത്തിലേക്ക് തന്നെ തിരിച്ചെത്തുമോയെന്നതാണ് വലിയ ചോദ്യം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോയിലെ ജനങ്ങളുടെ പ്രതികരണം | Kalamkaval l Mammootty | Theatre Response

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !