മുംബൈ: ഒരു മുസ്ലീം പുരുഷന് ഒന്നിലധികം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ കഴിയുമെന്നും മുസ്ലീം വ്യക്തി നിയമത്തിൽ ഒന്നിലേറെ വിവാഹങ്ങൾ അനുവദിക്കുമെന്നും ബോംബെ ഹൈക്കോടതി. തന്റെ മൂന്നാമത്തെ ഭാര്യയുമായി ബന്ധം രജിസ്റ്റർ ചെയ്യാൻ താനെ സ്വദേശിയായ മുസ്ലീം പുരുഷൻ ആവശ്യപ്പെട്ട കേസിലാണ് ബോംബെ ഹൈക്കോടതിയുടെ സുപ്രധാന വിധി.
അൾജീരിയൻ സ്വദേശിയുമായുള്ള മൂന്നാം വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതി തേടിയാണ് ഹർജിക്കാരൻ താനെ മുനിസിപ്പൽ കോർപ്പറേഷൻ അധികൃതരെ സമീപിച്ചത്. എന്നാൽ മൂന്നാം വിവാഹമാണെന്നും ഇത് രജിസ്റ്റർ ചെയ്യാൻ സാധിക്കില്ലെന്നും കോർപ്പറേഷൻ അറിയിച്ചു. ഇതിനെതിരെ ഇയാൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
വിവാഹ സർട്ടിഫിക്കറ്റ് നൽകാൻ അധികൃതർക്ക് നിർദ്ദേശം നൽകണമെന്നായിരുന്നു ഹർജിക്കാരൻ ആവശ്യപ്പെട്ടത്. മഹാരാഷ്ട്ര വിവാഹ രജിസ്‌ട്രേഷൻ നിയമപ്രകാരം ഒരാൾക്ക് ഒരു വിവാഹം മാത്രമേ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കോർപ്പറേഷൻ അധികൃതർ അപേക്ഷ തള്ളിയത്. എന്നാൽ മുസ്ലീം വ്യക്തി നിയമം അനുസരിച്ച് ഒന്നിലേറെ വിവാഹങ്ങൾ ആവാമെന്നും വിവാഹ രജിസ്‌ട്രേഷന് ഇത് പരിഗണിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി. ഇതേ കോർപ്പറേഷൻ അധികൃതർ ഹർജിക്കാരന്റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്ത് നൽകിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
എന്നാൽ അപേക്ഷകൻ ആവശ്യമായ എല്ലാ രേഖകളും ഹാജരാക്കിയിട്ടില്ലെന്നായിരുന്നു കോർപ്പറേഷന്റെ മറ്റൊരു വാദം. ഈ രേഖകൾ എത്രയും പെട്ടെന്ന് ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു. രേഖകൾ എല്ലാം ലഭിച്ചാൽ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന് കോടതി താനെ കോർപ്പറേഷന് നിർദ്ദേശം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.