തൃശൂർ/പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ സ്വതന്ത്ര സ്ഥാനാർഥികളെ പ്രഖ്യാപിച്ച പിവി അൻവറിന്റെ പിന്തുണ തേടി യുഡിഎഫ്. രണ്ട് മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ പിൻവലിച്ചു പിന്തുണ നൽകണമെന്നും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ ഒപ്പം നിൽക്കണമെന്നും യുഡിഎഫ് നേതൃത്വം പിവി അൻവറിനോട് ആവശ്യപ്പെട്ടു.
അതേസമയം യുഡിഎഫിന് മുന്നിൽ പിവി അൻവർ ഉപാധിവെച്ചു. ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെ പിൻവലിച്ചാൽ പാലക്കാട് സഹായിക്കാമെന്നാണ് അൻവറിൻ്റെ ഉപാധി.അൻവർ സഹായിക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞതിൽ സന്തോഷമുണ്ടെന്ന് പിവി അൻവർ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം സംസാരിച്ചു വരികയാണ്. തക്ക സമയത്ത് ഉചിതമായ തീരുമാനമുണ്ടാകും.
ആർഎസ്എസിൻ്റെ വർഗീയതയോടൊപ്പം അതേ ലെവലിൽ നിൽക്കുന്ന മറ്റൊരു വിഷയം പിണറായിസമാണ്. രണ്ടു വിഷയത്തെയും അഭിസംബോധന ചെയ്യേണ്ട തെരഞ്ഞെടുപ്പാണിത്. എന്നാൽ അതിലേക്ക് യുഡിഎഫ് എത്തുന്നില്ലെന്ന് പിവി അൻവർ പറഞ്ഞു.
ബിജെപിയെയും പിണറായിസത്തേയും എതിർക്കണം. ചേലക്കരയിൽ സ്വതന്ത്രനായി മത്സരിക്കുന്ന എൻകെ സുധീറിന് ഡിഎംകെ പിന്തുണ നൽകുകയാണ് ചെയ്തത്. സുധീറിനെ പിന്തുണച്ചു പിണറായിസത്തെ മണ്ഡലത്തിൽനിന്ന് ഒഴിവാക്കാൻ യുഡിഎഫ് സഹായിക്കണം. രമ്യ ഹരിദാസിനെ പിൻവലിച്ചു സുധീറിനെ പിന്തുണയ്ക്കണമെന്നാണ് ആവശ്യം.
പിണറായിക്ക് ജയിക്കാനുള്ള ഇടം ഒരുക്കിക്കൊടുക്കണമെന്നാണ് ആവശ്യമെങ്കിൽ തെരഞ്ഞെടുപ്പ് ഗോദയിൽ കാണാമെന്നും പിവി അൻവർ മുന്നറിയിപ്പ് നൽകി. പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ മത്സരിപ്പിക്കാനും വയനാട് ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയെ പിന്തുണയ്ക്കാനുമാണ് പിവി അൻവറിൻ്റെ പാർട്ടിയായ ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള (ഡിഎംകെ) തീരുമാനിച്ചിരുന്നത്.
ജീവകാരുണ്യ പ്രവർത്തകനായ മിൻഹാജ് മെദാർ പാലക്കാടും കോൺഗ്രസ് നേതാവും എഐസിസി അംഗവുമായിരുന്ന എൻകെ സുധീർ ചേലക്കരയിലും ഡിഎംകെയ്ക്കായി മത്സരിക്കുമെന്നായിരുന്നു പിവി അൻവറിൻ്റെ പ്രഖ്യാപനം.
പാലക്കാട് പിടിക്കുന്ന ന്യൂനപക്ഷ വോട്ട് ബിജെപിയുടെ വിജയസാധ്യത വർധിപ്പിക്കുമെന്നാണ് യുഡിഎഫ് ക്യാമ്പിലെ ആശങ്ക. ഇതോടെയാണ് പിന്തുണ തേടി യുഡിഎഫ് നേതാക്കൾ അൻവറിനെ സമീപിച്ചത്. അതേസയം ചേലക്കരയിലെ ആവശ്യത്തിന് പുറമേ ഉപതെരഞ്ഞെടുപ്പിന് ശേഷമുള്ള സഹകരണവും 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നിലമ്പൂർ സീറ്റ് വിട്ടുനൽകണമെന്ന ആവശ്യവും അൻവർ യുഡിഎഫിന് മുന്നിൽ വെച്ചിട്ടുണ്ടെന്നാണ് സൂചന. നിലമ്പൂർ സീറ്റ് ആര്യാടൻ ഷൗക്കത്തിൻ്റെ തട്ടകമായതിനാൽ അൻവറിന് മലപ്പുറത്തെ മറ്റൊരു സീറ്റ് യുഡിഎഫ് നൽകുമോ എന്ന് കണ്ടറിയണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.