കൊച്ചി: യാക്കോബായ സഭയുടെ പ്രാദേശിക തലവനും ശ്രേഷ്ഠ കാതോലിക്കയുമായ അബൂന് മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ (95) കാലം ചെയ്തു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയിലായിരുന്നു അന്ത്യം.
യാക്കോബായ സഭയുടെ അഭിമാനമായ പുത്തന്‍കുരിശ് പാത്രിയര്‍ക്കാസെന്ററിന്റെ സ്ഥാപകനായ ബാവ അനേകം ധ്യാനകേന്ദ്രങ്ങളും മിഷന്‍സെന്ററും പള്ളികളും വിദ്യാലയങ്ങളും സ്ഥാപിച്ചിട്ടുണ്ട്. പുത്തന്‍കുരിശ് കണ്വെന്ഷന് തുടക്കമിട്ടതും ബാവയാണ്.
പുത്തന്‍കുരിശ് വടയമ്പാടിയിലെ വൈദിക പാരമ്പര്യമുള്ള ചെറുവിള്ളില്‍ കുടുംബത്തില്‍ മത്തായിയുടയും കുഞ്ഞാമ്മയുടെയും എട്ട് മക്കളില്‍ ആറാമത്തെയാളായി 1929 ജൂലായ് 22 നാണ് ശ്രേഷ്ഠ ബാവ ജനിച്ചത്. കുഞ്ഞുകുഞ്ഞ് എന്നായിരുന്നു ഓമനപ്പേര്. കഠിന രോഗങ്ങള്‍മൂലം പഠനം പ്രാഥമിക വിദ്യാഭ്യാസത്തിലൊതുങ്ങി. കുറച്ച് നാള് അഞ്ചലോട്ടക്കാരനായി ജോലിചെയ്തു.
ആത്മീയ കാര്യങ്ങളില്‍ തല്പരനായിരുന്ന കുഞ്ഞുകുഞ്ഞ് പിറമാടം ദയാറയില്‍ വൈദികപഠനത്തിന് ചേര്‍ന്നു. 1958 സപ്തംബര്‍ 21-ന് മഞ്ഞനിക്കര ദയാറയിൽ വച്ച് അന്ത്യോഖ്യാ പ്രതിനിധി ഏലിയാസ് മോർ യൂലിയോസ് ബാവയിൽ നിന്നും ഫാ.സി.എം.തോമസ് ചെറുവിള്ളില്‍ എന്ന പേരില്‍ വൈദികപട്ടമേറ്റു. വൈദികന്, ധ്യാനഗുരു, സുവിശേഷപ്രസംഗകന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളില്‍ മികച്ച പ്രവര്‍ത്തനമാണ് തോമസ് അച്ഛന് കാഴ്ചവെച്ചത്.
സഭയുടെ അവകാശപ്പോരാട്ടങ്ങളിലെ മുന്നണിപ്പോരാളിയായിരുന്നു അദ്ദേഹം. പുതിയ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തിയും ഭദ്രാസനങ്ങള്‍ സ്ഥാപിച്ചും സഭയ്ക്ക് വിസ്മയ വളര്‍ച്ച പ്രദാനം ചെയ്തു. പതിമൂന്ന് മെത്രാപ്പോലീത്തമാരെ വാഴിക്കുകയും 350 വൈദികര്‍ക്ക് പട്ടം നല്‍കുകയും ചെയ്തു. എല്ലാവിഭാഗത്തില്‍പെട്ടവരുമായി ആഴത്തില്‍ സൗഹൃദം പുലര്‍ത്തിയിരുന്ന ശ്രേഷ്ഠബാവയ്ക്ക് രാഷ്ട്രീയരംഗത്തുള്ളവരുമായി ഏറെ അടുപ്പമുണ്ടായിരുന്നു.
1973 ഒക്ടോബര്‍ 11-ന് അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തയായി തിരഞ്ഞെടുത്തു. പരി.ഇഗ്നാത്തിയോസ് യാക്കൂബ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവ 1974 ഫെബ്രുവരി 24-ന് ദമസ്കസില്‍ വച്ച് ദിവന്നാസ്യോസ് എന്ന പേരില്‍ മെത്രാപ്പോലീത്തയായി അഭിഷേകം ചെയ്തു. മെത്രാപ്പോലീത്ത എന്ന നിലയില്‍ ഭരണവും, സമരവും ഒരുമിച്ച് നടത്തേണ്ട അവസ്ഥയായിരുന്നു അന്ന്. ആലുവ തൃക്കുന്നത്ത് പള്ളി സമരത്തോടനുബന്ധിച്ച് ശ്രേഷ്ഠ പിതാവ് നടത്തിയ 44 ദിവസത്തെ ഉപവാസം ഏറെ പ്രസിദ്ധമാണ്.
1999 ഫെബ്രവരി 22 ന് സുന്നഹദോസ് പ്രസിഡന്റായും 2000 ഡിസംബര്‍ 27-ന് കാതോലിക്കയായും തിരഞ്ഞെടുക്കപ്പെട്ടു. യാക്കോബായ സുറിയാനി സഭയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച 1975-ലെ തിരുത്തിശ്ശേരി അസോസിയേഷനും, 1994, 1997, 2000, 2002, 2007,2012,2019 വര്‍ഷങ്ങളിലെ അസോസിയേഷന് യോഗങ്ങള്‍ക്കും നേതൃത്വം നല്‍കിയത് അദ്ദേഹമാണ്. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് 2019 ഏപ്രില്‍ 27-നാണ് മെത്രാപ്പോലീത്തന്‍ ട്രസ്റ്റി സ്ഥാനം ഒഴിയുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.