തൃശ്ശൂർ: പൂരനഗരിയിലെത്തിയത് ആംബുലൻസിലല്ലെന്ന പ്രസ്താവനയ്ക്ക് പിന്നാലെ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി സുരേഷ് ഗോപി. തൃശ്ശൂരിൽ ഒരു ചടങ്ങിനെത്തിയപ്പോഴാണ് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽനിന്ന് അദ്ദേഹം ഒഴിഞ്ഞുമാറുകയും മാറിനില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തത്.
പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊടുമ്പിരിക്കൊണ്ടിരിക്കേയാണ് താൻ പൂരനഗരിയിൽ വന്നത് ആംബുലൻസിലല്ലെന്നും കണ്ടെങ്കിൽ അത് മായക്കാഴ്ചയായിരിക്കുമെന്നും സുരേഷ് ഗോപി എം.പി പറഞ്ഞത്. ചേലക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷനിലാണ് സുരേഷ് ഗോപി ഇതു പറഞ്ഞത്.
ബി.ജെ.പി. ജില്ലാ അധ്യക്ഷന്റെ വാഹനത്തിലാണ് താൻ യാത്രചെയ്തത്. ആംബുലൻസിൽവന്നത് കണ്ടുവെങ്കിൽ അത് മായക്കാഴ്ചയാണോ യഥാർഥ കാഴ്ചയാണോ എന്നറിയാൻ പിണറായിയുടെ പോലീസ് അന്വേഷിച്ചാൽ പോരാ, സി.ബി.ഐ. വരണം. ഏതന്വേഷണവും നേരിടാൻ തയ്യാറാണ്. സിനിമയിലെ ഡയലോഗ് ആയി കണ്ടാൽമതി, ഒറ്റത്തന്തക്കു പിറന്നതാണെങ്കിൽ സി.ബി.ഐ.യെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും സുരേഷ്‌ഗോപി ആവശ്യപ്പെട്ടു.
ആംബുലൻസിലല്ല ഏതുവാഹനത്തിൽ വേണമെങ്കിലും സുരേഷ് ഗോപിക്ക് വന്നിറങ്ങാമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ വേദിയിൽവെച്ച് പറഞ്ഞിരുന്നു. അദ്ദേഹത്തെ വേദിയിലിരുത്തിക്കൊണ്ടുതന്നെയാണ് സുരേഷ് ഗോപി സുരേന്ദ്രനെ തിരുത്തിയത്.
സുരേഷ് ഗോപി പുലർച്ചെ ആംബുലൻസിൽ വന്നിറങ്ങുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ആംബുലൻസിൽ വന്നു എന്നുതന്നെയാണ് ബി.ജെ.പി. നേതാക്കളും പറഞ്ഞിരുന്നത്.
പോലീസ് സുരേഷ് ഗോപിയെ ഒരുവിധത്തിലും പൂരനഗരിയിലേക്ക് കടത്തിവിടില്ലെന്ന നിലപാടെടുത്തപ്പോഴാണ് സേവാഭാരതിയുടെ ആംബുലൻസിൽ അദ്ദേഹത്തെ കൊണ്ടുവന്നതെന്ന് ബി.ജെ.പി. ജില്ലാ അധ്യക്ഷൻ കെ.കെ. അനീഷ് കുമാർ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. കുറച്ചുദൂരംമാത്രമേ സുരേഷ് ഗോപി ആംബുലൻസിൽ സഞ്ചരിച്ചിട്ടുള്ളൂ എന്നും അതാണ് സുരേഷ് ഗോപി ഉദ്ദേശിച്ചതെന്നും ജില്ലാ അധ്യക്ഷൻ അനീഷ് കുമാർ പിന്നീട് വിശദീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.