തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ കെ.എസ്.ആര്.ടി.സിക്ക് സര്‍ക്കാര്‍ ഗ്രാന്റുകളൊന്നും തന്നെ നല്‍കിയിട്ടില്ലെന്ന് വിവരാവകാശ രേഖ. വയനാട് സുല്‍ത്താന്‍ബത്തേരി സ്വദേശി അജിത് ലാല്‍ പി.എസ്. തേടിയ ചോദ്യങ്ങളില്‍ വിവരാവകാശ നിയമപ്രകാരം നല്കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.
ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷവും രണ്ടാമതും സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടും ഗ്രാന്റുകള്‍ ഒന്നും തന്നെ അനുവദിച്ചിട്ടില്ല എന്നാണ് കെ.എസ്.ആര്.ടി.സി തന്നെ നല്കിയ മറുപടിയില്‍ പറയുന്നത്. 01-06-2016 മുതല്‍ 31-07-2024 വരെയുള്ള കാലയളവില്‍ 11,213.54 കോടി രൂപയാണ് സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായമായി കെ.എസ്.ആര്.ടി.സിക്ക് ലഭിച്ചത്. ഇത് മുഴുവന്‍ വായ്പയെടുത്ത് നല്‍കിയതാണ്.
എന്നാല്‍ ഇതില്‍ 10,988.37 കോടിരൂപയും കെ.എസ്.ആര്.ടി.സി യുടെ അക്കൗണ്ടിലേക്ക് നല്കിയ തുകയാണ്. അക്കൗണ്ടിലേക്കല്ലാതെ നേരിട്ട് നല്‍കിയതാണ് ബാക്കി. ഇതും വായ്പയെടുത്ത തുകയാണ്. അതേസമയം കെ.എസ്.ആര്.ടി.സിയുടെ ആകെ കടമെത്രയാണ് എന്ന ചോദ്യത്തിന് മറുപടി നല്‍കിയിട്ടുമില്ല. ഇക്കാര്യത്തില്‍ വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് മറുപടി നല്‍കുമെന്നാണ് പറയുന്നത്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അതായത് 01-06-2011 മുതല്‍ 31-05-2016 വരെയുള്ള കാലത്ത് 1511.45 കോടിയാണ് സാമ്പത്തിക സഹായമായി നല്‍കിയത്. അവിടെയും ഗ്രാന്റ് അനുവദിച്ചിട്ടില്ല. ഇതില്‍ 1247.81 കോടി രൂപയും കെ.എസ്.ആര്.ടി.സിയുടെ അക്കൗണ്ടിലേക്ക് നല്കിയ തുകയാണ്.
കെ.എസ്.ആര്.ടി.സിക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്കി എന്ന് മാധ്യമങ്ങളില്‍ നല്കുന്ന വാര്‍ത്തകളാണ് വിവരാവകാശ നടപടിക്ക് പ്രചോദനമായത്. സഹായം എന്നപേരില്‍ കടമെടുത്ത് പണം നല്‍കുകയാണ് ചെയ്യുന്നത്. ഈ തുക കെ.എസ്.ആര്.ടി.സി തിരികെ അടയ്ക്കേണ്ടതാണെന്ന് ജീവനക്കാര്‍ പറയുന്നു.
ഇപ്പോള്‍ കെ.എസ്.ആര്.ടി.സി നിലനില്‍ക്കുന്നത് ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നിഷേധിച്ച് കൊണ്ടുള്ള തുക കൊണ്ടാണ്. പൂജ്യം ശതമാനമാണ് ജീവനക്കാരുടെ ഡിഎ. പെന്ഷന് പദ്ധതി, എല്‍ഐസി, ജിഐഎസ്, പിഎഫ് എന്നിവയുടെയെല്ലാം വിഹിതം ജീവനക്കാരില്‍ നിന്ന് പിടിക്കുകയും അത് അടയ്ക്കാതിരിക്കുകയുമാണ് കെ.എസ്.ആര്.ടി.സി മാനേജ്മെന്റ് ചെയ്യുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.