ന്യൂഡൽഹി: ലെബനൺ അതിർത്തിയിൽ ഇസ്രായേൽ കഴിഞ്ഞദിവസങ്ങളിൽ ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയ്ക്കു നേരെ ആക്രമണം നടത്തിയ സംഭവത്തെ അപലപിച്ച 34 രാഷ്ട്രങ്ങൾക്കൊപ്പം ചേർന്ന് ഇന്ത്യയും. ലെബനണിലെ യുഎൻ സൈന്യത്തിലെ അംഗരാഷ്ട്രങ്ങളാണ് (UNIFIL) രംഗത്തിറങ്ങിയിരിക്കുന്നത്.
ശനിയാഴ്ച ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ പ്രസ്താവനയോട് പൂർണമായും യോജിക്കുന്നതായി വ്യക്തമാക്കി ഇന്ത്യ ഇന്ന് രംഗത്തു വരികയായിരുന്നു.ലബനണിൽ പ്രവർത്തിക്കുന്ന രണ്ട് യുഎൻ ഇടക്കാല സൈനിക സംഘത്തിലെ രണ്ട് പേർക്കാണ് വെള്ളിയാഴ്ച ആക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞയാഴ്ച ഏതാണ്ട് അഞ്ച് പേർക്ക് ഇത്തരത്തിൽ പരിക്കേറ്റിട്ടുണ്ട്.
"ലെബനൺ ദൗത്യത്തിനായി യുഎന്നിലേക്ക് സൈനിക സഹായങ്ങൾ നൽകുന്ന ഒരു പ്രധാന രാജ്യമെന്ന നിലയിൽ യുഎന്നിലെ സൈനികസഹായ രാജ്യങ്ങൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയോട് പൂർണമായും യോജിക്കുന്നു. സമാധാനപാലക സംഘത്തിന്റെ സുരക്ഷ അങ്ങേയറ്റം പ്രധാനമാണ്. യുഎൻ സുരക്ഷാ കൗൺസിലിന്റെ പ്രമേയങ്ങളുടെ അടിസ്ഥാനത്തിൽ ഈ സുരക്ഷ ഉറപ്പാക്കപ്പെടേണ്ടതുണ്ട്," ഇന്ത്യ വ്യക്തമാക്കി.
യുഎൻ ദൗത്യമേഖലകളെ ലംഘിക്കാൻ പാടില്ലെന്ന തത്ത്വം കർശനമായി പാലിക്കാൻ എല്ലാ രാജ്യങ്ങളും തയ്യാറാകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സമാധാന സേനയുടെ ദൗത്യം മേഖലയിൽ വളരെ നിർണായകമാണെന്ന് ലബനണിലെ യുഎൻ സമാധാന സേന പറഞ്ഞു. മേഖലയിൽ സാഹചര്യം കൂടുതൽ വഷളാവുകയാണെന്നും യുഎൻ സമാധാന സേനയുടെ വാർത്താക്കുറിപ്പ് പറഞ്ഞു.
പരിക്കേറ്റ സൈനികർ ശ്രീലങ്കക്കാരാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇവർ വെള്ളിയാഴ്ച ദക്ഷിണ ലബനണിലെ നഖോറയിലുള്ള വാച്ച് ടവറിനടുത്ത് നിൽക്കുമ്പോഴായിരുന്നു ആക്രമണം. 48 മണിക്കൂറിനിടെ രണ്ടു തവണയാണ് ഇതേ സ്ഥലത്തേക്ക് ഇസ്രായേൽ ആക്രമണം നടത്തിയത്. ഹിസ്ബൊള്ളയുടെ കേന്ദ്രത്തിലേക്കാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ വാദിച്ചത് .
സമാധാന സേനയിൽ പതിനായിരം അംഗങ്ങളാണുള്ളത്. ഈ സേനയിലേക്ക് ഇന്ത്യയിൽ നിന്നുള്ള സംഭാവനയുമുണ്ട്. നിരവധി ഇന്ത്യൻ സൈനികർ ഇതിൽ പ്രവർത്തിക്കുന്നു. സമാധാന സേനാ സംഘത്തിലേക്ക് ഏറ്റവും കൂടുതൽ സൈനികരെ നൽകിയിട്ടുള്ളതും ഇന്ത്യയാണ്. 900 ഇന്ത്യൻ സൈനികർ യുഎന്നിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്നു.
അതെസമയം ലെബനണിലെ സമാധാന സേനയ്ക്കെതിരായ ഇസ്രായേൽ ആക്രമണത്തിനെതിരെ ആദ്യം പ്രതികരിച്ച 34 അംഗ രാഷ്ട്രങ്ങളിൽ ഇന്ത്യ ഉൾപ്പെടാത്തതിന്റെ കാരണം വ്യക്തമല്ല. അംഗ രാഷ്ട്രങ്ങളുടെ അഭിപ്രായത്തോട് യോജിക്കുന്നതായി പിന്നീട് പ്രസ്താവന ഇറക്കുകയാണ് ഇന്ത്യ ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.