കുറുവ മോഷണസംഘം സംസ്ഥാനത്ത് എത്തി; ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പ് നല്‍കി പൊലീസ്

ആലപ്പുഴ: തമിഴ്‌നാട്ടിലെ കുറുവ മോഷണസംഘം ആലപ്പുഴ ജില്ലയില്‍ എത്തിയെന്നു സൂചന. ജാഗ്രത പാലിക്കണമെന്നു പൊലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. മണ്ണഞ്ചേരി നേതാജി ജംക്ഷനു സമീപം മണ്ണേഴത്ത് രേണുക അശോകന്റെ വീട്ടില്‍ നടന്ന മോഷണ ശ്രമത്തെ തുടര്‍ന്നു മണ്ണഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തില്‍ ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് കുറുവ സംഘമെന്നു സംശയിക്കുന്ന മോഷ്ടാക്കളുടെ ചിത്രങ്ങള്‍ ലഭിച്ചത്. മുഖം മറച്ച് അര്‍ധ നഗ്‌നരായാണു കുറുവ സംഘം എത്താറുള്ളതെന്നു പൊലീസ് പറഞ്ഞു. പൊലീസിനു ലഭിച്ച ദൃശ്യങ്ങളില്‍ രണ്ടു പേരുണ്ട്. ഇവര്‍ മുഖം മറച്ചിട്ടുണ്ട്.

ഇവരുടെ വേഷത്തില്‍ നിന്നും ശരീരഭാഷയില്‍നിന്നുമാണു ഇതു കുറുവ സംഘമാണെന്നു പൊലീസ് ഉറപ്പിക്കുന്നത്. രേണുകയുടെ വീടിന്റെ അടുക്കള വാതില്‍ തുറന്നു മോഷ്ടാക്കള്‍ അകത്തു കയറിയെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. അടുത്ത ദിവസം പുലര്‍ച്ചെയാണു രേണുക മോഷണശ്രമം അറിഞ്ഞത്. തുടര്‍ന്ന് മണ്ണഞ്ചേരി പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ സമീപത്തെ വീട്ടിലെ സിസിടിവിയില്‍നിന്നു മോഷ്ടാക്കളുടെ ദൃശ്യം ലഭിച്ചു. 

പ്രദേശത്തു പൊലീസ് രാത്രി പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം റസിഡന്റ്‌സ് അസോസിയേഷനുകളോടും ജാഗ്രത പുലര്‍ത്താന്‍ പൊലീസ് നിര്‍ദേശിച്ചു. പകല്‍ ചെറിയ ജോലികളുമായി ചുറ്റിക്കറങ്ങും, രാത്രി മോഷണത്തിനിറങ്ങും. എതിര്‍ത്താല്‍ ആക്രമിക്കുകയും ചെയ്യും. സംസ്ഥാനത്തു പലയിടത്തും ഈ സംഘം മോഷണം നടത്തിയിട്ടുണ്ട്. കേരള തമിഴ്‌നാട് അതിര്‍ത്തിയിലാണ് ഇവരുടെ ഒരു താവളം. കുറുവ എന്നു കേരളത്തില്‍ അറിയപ്പെടുന്ന ഇവരെ തമിഴ്‌നാട്ടില്‍ നരിക്കുറുവ എന്നാണു വിളിക്കുന്നത്.

കമ്പം, ബോഡിനായ്ക്കന്നൂര്‍, കോയമ്പത്തൂര്‍, മധുര, തഞ്ചാവൂര്‍ എന്നിവിടങ്ങളും ഇവരുടെ കേന്ദ്രങ്ങളാണ്. മോഷണമെന്ന കുലത്തൊഴിലില്‍ നിന്ന് ഇവരെ മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ വീടുകള്‍ ഉള്‍പ്പെടെ നല്‍കിയെങ്കിലും പിന്തിരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. വീടുകളുടെ പിന്‍വാതില്‍ തകര്‍ത്ത് അകത്തു കയറുന്നതാണ് ഇവരുടെ രീതി. പലപ്പോഴും മൂന്നുപേര്‍ ഒന്നിച്ചാണു മോഷണത്തിന് എത്തുന്നത്. കണ്ണുകള്‍ മാത്രം പുറത്തു കാണാവുന്ന വിധത്തില്‍ തോര്‍ത്ത് തലയില്‍ കെട്ടും. ഷര്‍ട്ടും ലുങ്കിയും അരയില്‍ ചുരുട്ടിവച്ച് അതിനു മീതേ നിക്കര്‍ ധരിക്കും. ശരീരത്തില്‍ എണ്ണയും കരിയും പുരട്ടും. പിടികൂടിയാല്‍ വഴുതി രക്ഷപ്പെടാനാണിത്. 

വീടിനു പുറത്തെത്തി കുട്ടികളുടെ കരച്ചില്‍ പോലുള്ള ശബ്ദം ഉണ്ടാക്കുകയോ ടാപ്പ് തുറന്നു വെള്ളം ഒഴുക്കുകയോ ചെയ്തു വാതില്‍ തുറക്കാന്‍ വീട്ടുകാരെ പ്രേരിപ്പിക്കാറുണ്ട്. പുറത്തിറങ്ങുന്നവരെ ആക്രമിച്ച ശേഷം അകത്തേക്ക് ഇരച്ചുകയറും. വീട്ടില്‍ കയറുന്ന സംഘത്തിലെ ഒരാള്‍ക്കു മാത്രമാകും സ്ഥലത്തെക്കുറിച്ചു പരിചയമുണ്ടാകുക. ആയുധം കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും തട്ടിയെടുക്കുന്ന രീതിയുമുണ്ട്. സ്ത്രീകളുടെ ശരീരത്തിലെ ആഭരണം മുറിച്ചെടുക്കാന്‍ പ്രത്യേക കത്രിക ഉപയോഗിക്കും. ഇവര്‍ നന്നായി മലയാളം സംസാരിക്കും. മോഷണം നടത്തുന്ന സ്ഥലങ്ങളില്‍ മലയാളം മാത്രമേ സംസാരിക്കൂ.

ആറു മാസം വരെ വീടുകളെ നിരീക്ഷിച്ച ശേഷമാണ് ഇവര്‍ മോഷണത്തിന് എത്തുന്നതെന്നും പറയപ്പെടുന്നു. മോഷണം ആസൂത്രണം ചെയ്താലുടന്‍ താമസസ്ഥലം മാറും. മോഷണ സ്ഥലത്തിനു കിലോമീറ്ററുകള്‍ അകലെയായിരിക്കും ആ സമയത്തു താമസിക്കുക. ഇവര്‍ പതിവായി മോഷണത്തിനെത്തുന്ന ജില്ലകളിലൊന്ന് ആലപ്പുഴയാണെന്നാണു വിവരം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !